കുട്ടനാടിന്റെ ദുരിതം മുഖ്യവിഷയമായി വികസനപദ്ധതികൾ വരുന്നില്ല
1443484
Saturday, August 10, 2024 12:00 AM IST
എം. ജോസ് ജോസഫ്
ആലപ്പുഴ: മഴയും വെള്ളപ്പൊക്കവും തുടങ്ങി കാലാവസ്ഥാവ്യതിയാനത്തിൽ കുട്ടനാടിന്റെ ദുരിതം മുഖ്യവിഷയമായി പരിഗണിച്ച് പദ്ധതികൾ നടപ്പിലാക്കുന്നില്ലെന്നതാണ് ആക്ഷേപം. വിദഗ്ധരുടെയെല്ലാം ക്ലാസും ആസൂത്രണങ്ങളുമല്ലാതെ കുട്ടനാടൻ ഗ്രാമങ്ങളുടെ പ്രതിസന്ധികൾക്കു പരിഹാരം അകലെതന്നെ.
കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സങ്കീർണമാണ്. എന്നാൽ, അതിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടികൾക്കു മൂൻതൂക്കം നൽകുന്നുണ്ടോ? കുട്ടനാടിന്റെ പ്രാദേശിക പ്രത്യേകതയ്ക്കിണങ്ങുന്ന സവിശേഷ പ്രവർത്തനങ്ങളും പദ്ധതികളും വേണം.
ജല ബഹിർഗമന സംവിധാനം ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം. സാധാരണക്കാരുടെ വരുമാനം കൂട്ടുന്നതിനും തൊഴിൽമേഖല വികസിപ്പിക്കുന്നതിനും സംവിധാനം വേണം. എല്ലാം പരിഹരിക്കാമെന്നു പറയുന്നതല്ലാതെ എങ്ങുമെത്തുന്നില്ല കാര്യങ്ങളെന്നു കുട്ടനാട്ടുകാരുടെ അനുഭവം.
പ്രാദേശിക ജലസ്രോതസുകളും തോടുകളും വൃത്തിയാക്കുന്നതിനുള്ള പദ്ധതികളും ആഹ്വാനങ്ങളും ഫലപ്രാപ്തമാകണം.
വെള്ളപ്പൊക്കം
വിവിധ കാലാവസ്ഥാ സംഭവങ്ങളിൽ, വീടുകളിലെ ജീവിതപ്രതിസന്ധി വർധിപ്പിക്കുന്നതിൽ വെള്ളപ്പൊക്കം പ്രധാന പങ്ക് വഹിക്കുന്നു. വീടുകൾ ഓരോ വർഷവും ആവർത്തിച്ചുള്ള വെള്ളപ്പൊക്കത്തിനു വിധേയരാകുന്നുണ്ടെങ്കിൽ ഇതിൽ ഭൂരിഭാഗവും ആലപ്പുഴയിലാണെന്നും പ്രത്യേകിച്ച് കുട്ടനാട്ടിലാണെന്നും ഐഐഎംഎഡി ചെയർമാൻ എസ്. ഇരുദയ രാജൻ പറഞ്ഞതാണ്.
ഇതിനെക്കുറിച്ചെല്ലാം വിശദമായ ചർച്ചകളും പഠനങ്ങളും സർവേകളും എന്നല്ലാതെ നടപടികൾ ഇല്ലാതെ കടലാസ് പുലികൾ മാത്രമെന്നാണ് കുട്ടനാട്ടിലുയരുന്ന ആക്ഷേപം. തക്കതായ പരിഹാരമുണ്ടാകാത്തതു സാമൂഹ്യ പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്.
ജീവിക്കാൻ പറ്റാതെ വരുന്ന സാഹചര്യം പൊതുവെ കുടിയേറ്റം ത്വരിതപ്പെടുത്തുകയും അതു നിരവധി സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, താഴ്ന്ന കുട്ടനാടൻ ദുരിതബാധിത പ്രദേശങ്ങളിലെ ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്കു മാറുമ്പോൾ, ബാധിത പ്രദേശങ്ങളിൽ ഭൂമിയുടെ മൂല്യം കുത്തനെ കുറയുന്നു, ഉയർന്ന പ്രദേശങ്ങളിൽ തിരിച്ചും.
കാലാവസ്ഥാ വ്യതിയാനങ്ങൾ തരണം ചെയ്യാൻ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടാക്കാത്തതിന്റെ കുഴപ്പമാണ് ഇതെല്ലാം.
കർഷക പ്രശ്നം
ജലാശയങ്ങളിലെ പോളപ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ സർവകലാശാലകളുടെ സാങ്കേതിക സഹകരണം തേടുന്നെന്ന് അധികാരികൾ പറഞ്ഞതു ജനജീവിതത്തിനു ഗുണം ചെയ്തോ?
ടൂറിസം മേഖലയുടെ വികസനത്തിന് എസി കനാലിന്റെ ശുചീകരണം ഏറെ ആവശ്യമാണെന്ന തിരിച്ചറിവും പരിഹാരമുണ്ടാക്കിയോ? പറയേണ്ടത് അനുഭവസ്ഥരാണ്. മാലിന്യനിർമാർജനത്തിനും ശുദ്ധജല വിതരണത്തിലും ജില്ലയിൽ പ്രത്യേക പരിഗണന കുട്ടനാടിന് കൊടുക്കണമെന്ന നിർദേശവും ജനജീവിതത്തിൽ പ്രതിഫലിച്ചിട്ടില്ല.
നെല്ലിനു വിലകിട്ടാത്തതും മടവീഴ്ചയും പക്ഷിപ്പനിയും തുടങ്ങി കുട്ടനാട്ടുകാരെ ഉലയ്ക്കാത്ത പ്രശ്നങ്ങളില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ടാക്സേഷൻ (ഗിഫ്റ്റ്) നടത്തിയ കേരള മൈഗ്രേഷൻ സർവേ 2023 കണ്ടെത്തിയത് 45ശതമാനം കുടുംബങ്ങളുള്ള ആലപ്പുഴയാണ് സംസ്ഥാനത്തെ ഏറ്റവും ദുർബലമായ പ്രദേശമെന്നാണ്. അതിൽ തന്നെ കുട്ടനാടിന്റെ പ്രശ്നമാണ് മുന്നിൽ.
കരുതണം കുട്ടനാടിനെ
ക്രമരഹിതമായ മൺസൂൺ, അതിശക്തമായ മഴ, താപനിലയിലെ വർധനവ് ഇതെല്ലാം നേരിടാൻ പര്യാപ്തമാക്കണം സാഹചര്യങ്ങൾ. വസ്തുവും വീടും സ്വന്തമായി ഉണ്ടായിട്ടും ബന്ധുവീട്ടിലോ വാടക വീട്ടിലോ ഗതികെട്ടു താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട് കുട്ടനാട്ടിൽ.
ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയതോടെ അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമാകാറാണ് പതിവ്. പമ്പ, മണിമലയാറുകൾ കരകവിയുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങുന്നു. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇടറോഡുകൾ വെള്ളത്തിലാവും. അപ്പർ കുട്ടനാട്ടിലെ നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. ആശുപത്രിയില്‍ എത്തിക്കാനുള്ള കാലതാമസം മൂലം മനുഷ്യർ മരിക്കുന്നത് കുട്ടനാട്ടിൽ സാധാരണം. ശക്തമായ മഴപെയ്താല്‍ വെള്ളം കയറുന്നതും റോഡുകൾ മുങ്ങുന്നതും പ്രദേശവാസികളുടെ യാത്രാ മാര്‍ഗങ്ങള്‍ അടയുന്നതും വെള്ളമിറങ്ങുന്നതോടെ മറക്കുകയാണ്. പതിവ് വെള്ളക്കെട്ടിന് മേലെ ജീവിതമാർഗം നിര്‍മിച്ച് തങ്ങളെ ദുരിതക്കയത്തില്‍ നിന്നു കരകയറ്റണം എന്ന കുട്ടനാട്ടുകാരുടെ ആവശ്യം വെള്ളമിറങ്ങിയ നേരം അധികാരികൾ ഓർക്കുമോ?
ശുദ്ധജലക്ഷാമത്തിൽ കൈനകരിക്കാർ
കൈനകരി: കടുത്ത ശുദ്ധജലക്ഷാമത്തിൽ വീർപ്പുമുട്ടി കൈനകരി നിവാസികൾ. പള്ളാത്തുരുത്തി പമ്പുഹൗസിലെ തകരാറാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പള്ളാത്തുരുത്തിയിലെ വടക്കുവശത്തെ ടാങ്ക് ലൈൻ പമ്പാണു തകരാറിലായത്. മോട്ടറിന് ഒപ്പം കുഴൽക്കിണറും തകരാറിലായതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. പുതിയ കുഴൽക്കിണർ കുഴിച്ച് മോട്ടർ പ്രവർത്തിപ്പിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കൂ.
തകരാറിലായ പമ്പ്ഹൗസിൽ നിന്നുള്ള വെള്ളം കൈനകരി മുണ്ടയ്ക്കൽ ടാങ്കിൽ എത്തിച്ചാണു കൈനകരിയുടെ കിഴക്കൻ മേഖലയിലും കൈനകരിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള വാർഡുകളിലും വിതരണം ചെയ്യുന്നത്. മുണ്ടയ്ക്കൽ വാട്ടർ ടാങ്കിൽ വെള്ളം വരാതായിട്ട് മൂന്നുമാസമായി. പള്ളാത്തുരുത്തിയിലെ തന്നെ രണ്ടാമത്തെ ചെറിയ പമ്പ്ഹൗസിൽനിന്നാണ് പള്ളാത്തുരുത്തിയിലെ പരിസര പ്രദേശങ്ങളിൽ ജലം വിതരണം ചെയ്തിരുന്നത്. ഈ പമ്പ്ഹൗസിൽ ക്രമീകരണം നടത്തി കൈനകരിയുടെ പടിഞ്ഞാറൻ മേഖലയിൽ ചില ദിവസങ്ങളിൽ ജലവിതരണം നടത്തുന്നുണ്ടെങ്കിലും പ്രദേശവാസികൾക്ക് ആവശ്യത്തിനു തികയാറില്ല.