ജില്ലാ കൃഷിത്തോട്ടത്തിലെ ഉരുളി മോഷണം: ട്രാക്ടർ ഡ്രൈവർ അറസ്റ്റിൽ
1571137
Sunday, June 29, 2025 3:07 AM IST
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ കോട്ടമുക്കിലെ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽനിന്ന് ഉരുളി മോഷണംപോയ സംഭവത്തിൽ ട്രാക്ടർ ഡ്രൈവറായ സ്ഥിരം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സന്തുവിനെ (39) യാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ഇയാളെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
2018 ൽ പിഎസ്സി നിയമനത്തെത്തുടർന്നാണ് ഇയാൾ ജില്ലാ കൃഷിത്തോട്ടത്തിൽ ട്രാക്ടർ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. ഇയാളെയും ഒരു താത്കാലിക ജീവനക്കാരിയെയും നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാവേലിക്കര പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ സന്തു കുറ്റം സമ്മതിക്കുകയായിരുന്നു.
താത്കാലിക ജീവനക്കാരിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് വിട്ടയച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്നും വിളിച്ചാൽ സ്റ്റേഷനിൽ ഹാജരാകണമെന്നുമുള്ള നിർദേശം നൽകിയാണ് ഇവരെ വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു.
മാന്നാറിലെ ഒരു കടയിൽനിന്നു സന്തു പുതിയ ഉരുളി വാങ്ങിയതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഏകദേശം അരലക്ഷം രൂപ വിലവരുന്ന 38 കിലോ തൂക്കമുള്ള ഹിന്റാലിയത്തിന്റെ വലിയ ഉരുളിയാണ് കഴിഞ്ഞ ദിവസം ജില്ലാ കൃഷിത്തോട്ടത്തിൽനിന്നു മോഷണം പോയത്.
മാവേലിക്കര പോലീസിൽ സൂപ്രണ്ട് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ജില്ലാ കൃഷിത്തോട്ടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കാടു നിറഞ്ഞ പ്രദേശത്തുനിന്ന് ഒരു പുതിയ ഉരുളി കണ്ടെത്തിയിരുന്നു. മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന തൊഴിലാളികളാണ് പുതിയ ഉരുളി കണ്ടെത്തിയത്. ഈ പുതിയ ഉരുളി വാങ്ങിയ കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതിയെ കണ്ടെത്താൻ സഹായകമായത്.