ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സര്ജന്മാരുടെ ക്ഷാമം
1571740
Monday, June 30, 2025 11:59 PM IST
ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ശസ്ത്രക്രിയകള്‍ നിരന്തരം മാറ്റിവയ്ക്കുകയാണെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസിന്റെ വെളിപ്പെടുത്തല്‍ കേട്ടു തലതാഴ്ത്തിരിയിരിക്കുകയാണു കേരളം. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ പ്രശ്നം ശസ്ത്രക്രിയ നടത്താനുള്ള ഡോക്ടര്‍മാരില്ല എന്നതാണ്. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 18 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് എട്ടു പേര് മാത്രം.
ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 18 ഡോക്ടര്‍ വേണ്ട സ്ഥാനത്ത് എട്ടു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അഞ്ചു സര്‍ജറി യൂണിറ്റുകളില്‍ ഒരു യൂണിറ്റിന്റെ മേധാവിയെ കഴിഞ്ഞദിവസം സ്ഥലം മാറ്റി. ഡോക്ടര്‍മാര്‍ കുറവായതില്‍ ഒരു യൂണിറ്റ് ഒഴിവാക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം എച്ച്ഡിഎസ് യോഗത്തില്‍ സര്‍ജറി വിഭാഗം അറിയിച്ചു.
ദിവസവും ശരാശരി മൂന്നു മേജര്‍ ശസ്ത്രക്രിയകളും പത്തോളം മൈനര്‍ ശസ്ത്രക്രിയകളും നടക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ശസ്ത്രക്രിയയുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം എടുക്കാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാര്‍.
കാര്‍ഡിയോളജി വിഭാഗത്തില്‍ ബൈപാസ് ശസ്ത്രക്രിയയ്ക്കാവശ്യമായ ഒരു ഹാര്‍ട്ട് ലങ് യന്ത്രം മാത്രമാണ് നിലവിലുള്ളത്. 2021ല്‍ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു ഹാര്‍ട്ട് ലങ് യന്ത്രം എത്തിച്ചെങ്കിലും ഇവിടെ സ്ഥലമില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. 2024ല്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു ശസ്ത്രക്രിയ പോലും നടന്നില്ല.
രജിസ്റ്റര്‍ ചെയ്തിരുന്ന നാലു രോഗികളെ പിന്നീടു ശസ്ത്രക്രിയയ്ക്കു സമയം അനുവദിക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ മരിച്ചെന്നു ബന്ധുക്കള്‍ അറിയിച്ചു. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ആഴ്ചയില്‍ രണ്ടു ബൈപാസ് ശസ്ത്രക്രിയ മാത്രമാണ് ഇവിടെ നടക്കുന്നത്. 10 നഴ്സുമാരെയും ഒരു പെര്ഫ്യൂഷനിസ്റ്റിനെയും നിയമിച്ചാല്‍ ആഴ്ചയില്‍ നാലും ബൈപാസ് സര്‍ജറി നടത്താം. എണ്‍പതോളം രോഗികളാണു ബൈപാസ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
ഉദരരോഗ വിഭാഗത്തില്‍ ഒരു സ്ഥിരം ഡോക്ടര്‍ പോലുമില്ല. ആരോഗ്യവകുപ്പില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ഒരു അസി. പ്രഫസറെ നിയമിച്ചിരുന്നെങ്കിലും കാലാവധി നീട്ടിക്കൊടുത്തില്ല. തുടര്‍ന്ന് നാലുമാസം ഒപി അടച്ചിടേണ്ടിവന്നു. ഇതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ഡോക്ടെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ നിയമിച്ചു.
ഈ ഡോക്ടര്‍ ആഴ്ചയില്‍ ഒരു ദിവസമെത്തിയാണ് ഒപിയില്‍ രോഗികളെ നോക്കുന്നത്. ഈ ദിവസം ഇരുനൂറോളം രോഗികള്‍ ഒപിയില്‍ ഉണ്ടാകും. അടുത്തിടെ ഒപിയുള്ള ദിവസം ഈ ഡോക്ടര്‍ക്ക് എത്താനായില്ല. രോഗികള്‍ ബഹളം വച്ചതോടെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും മെഡിസിന് വിഭാഗം മേധാവിയും എത്തിയാണു രോഗികളെ പരിശോധിച്ചത്. ജനറല്‍ മെഡിസിന് ഡോക്ടറായ പ്രിന്‍സിപ്പലും അനസ്തീസിയ വിദഗ്ധനായ സൂപ്രണ്ടും ഉദരരോഗ ചികിത്സാവിഭാഗത്തിലെ രോഗികളെ നോക്കേണ്ടത്ര ദയനീയമാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ക്ഷാമം.