സര്‍ക്കാര്‍ നെല്‍കര്‍ഷകരോട് നീതിപുലര്‍ത്തണം: ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍
1571140
Sunday, June 29, 2025 3:07 AM IST
എടത്വ: സര്‍ക്കാര്‍ നെല്‍കര്‍ഷകരോട് നീതിപുലര്‍ത്തണമെന്ന് എടത്വ ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍. നെല്‍കര്‍ഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധാഗ്നി "ആഗ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
വ്യത്യസ്തങ്ങളായിട്ടുള്ള വെല്ലുവിളികളെ അതിജീവിച്ച് കേരളത്തിനുവേണ്ടി അന്നം ഉത്പാദിപ്പിക്കുന്ന നെല്‍കര്‍ഷകന്റെ ആത്മവീര്യം നഷ്ടപ്പെടാതെ അവനെ ചേര്‍ത്തുപിടിച്ചു അവനോടു നീതിപുലര്‍ത്തണം, കര്‍ഷകരുടെ പിആര്‍എസിന്റെ തുക അടിയന്തരമായി വിതരണം ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.
സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായി നല്‍കുക, പിആര്‍എസ് വായ്പയിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുക, രണ്ടാംകൃഷിക്കും പുഞ്ചകൃഷിക്കുള്ള നെല്‍വിത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ കാലേക്കൂട്ടി പൂര്‍ത്തീകരിച്ച് വൃശ്ചികവേലിയേറ്റത്തെ ചെറുക്കത്തക്കരീതില് റഗുലേറ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുക, ഓരുമുട്ടുകള്‍ ശാസ്ത്രീയമായി സ്ഥാപിക്കുക, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു നടത്തിയ യോഗത്തില്‍ നെല്‍കര്‍ഷക സംരക്ഷണസമിതി വൈസ് പ്രസിഡന്റ് കറിയാച്ചന് ചേന്നുകര അധ്യക്ഷത വഹിച്ചു.
വി.ജെ. ലാലി, റജീന അഷറഫ്, സോണിച്ചന്‍ പുളിങ്കുന്ന്, പി.ആര്. സതീശന്, ജോസ് കാവനാട്, പി. വേലായുധന് നായര്‍, ലാലിച്ചന്‍ പള്ളിവാതുക്കല്‍, റോയി ഊരാംവേലി, ഇ.ആര്. രാധാകൃഷ്ണപിള്ള, തോമാച്ചന് ഇല്ലിമുറി, സുനു പി. ജോര്‍ജ്, മാത്യു തോമസ്, ജോമോന് തായങ്കരി, പി.സി. ജോസഫ്, ബൈജു ജോസ് എന്നിവര്‍ പ്രസംഗിച്ചു.