പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
1337357
Friday, September 22, 2023 1:15 AM IST
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ രാജിവച്ചു. ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിക്കാ ണ് രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടി നിർദേശ പ്രകാരമാണ് രാജി. സിപിഎം ഭരണസമിതിയിലുള്ള പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഇക്കഴിഞ്ഞ മഞ്ഞപ്പാറ, കാനാറ ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പഞ്ചായത്ത് ഭരണത്തിൽ വീഴ്ച്ചകൾ സംഭവിക്കുന്നുണ്ടെന്നും, ഇത് പരാജയങ്ങൾക്ക് കാരണമായെന്നുമാണ് വിലയിരുത്തൽ. തുടർന്ന് ഒരാഴ്ച മുൻപ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹിം പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിൽ രാജി ആവശ്യപ്പെടുകയായിരുന്നത്രേ.
പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്നതുവരെ വൈസ് പ്രസിഡന്റ് ഷീബയ്ക്കാണ് താല് കാലിക ചുമതല. കുന്നുമ്മൽ വാർഡ് അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ടി എ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എൻ. സലിലിനാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തിനു സാധ്യത.