മത്സ്യബന്ധന സീസണ് തുടക്കം; പ്രതികൂല കാലാവസ്ഥ വിനയായി
1301797
Sunday, June 11, 2023 6:32 AM IST
വിഴിഞ്ഞം: ട്രോളിംഗ് നിരോധനത്തോടൊപ്പം വിഴിഞ്ഞത്ത് മത്സ്യബന്ധന സീസണ് തുടക്കമായെങ്കിലും പ്രതികൂലമായകാലാവസ്ഥാ വിനയായി.
ഇന്നലെ രാവിലെ കണ്ടതെളിഞ്ഞ അന്തരീക്ഷത്തിൽ നിരവധി വള്ളങ്ങൾ കടലിൽ ഇറങ്ങിയെങ്കിലും ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റ് ആശങ്കക്ക് വഴിയൊരുക്കി. കാറ്റും കടൽ ക്ഷോഭവും കണക്കിലെടുത്ത് വള്ളങ്ങൾ തീരത്തടുപ്പിച്ച തൊഴിലാളികൾ അപകടം ഒഴിവാക്കി.മറൈൻ ആംബുലൻസിനുപരി രക്ഷാ പ്രവർത്തനത്തിനായി ഒരു വാടക ബോട്ട് ഫിഷറീസ് വകുപ്പിന്റെ വകയായി ഇന്നലെ വിഴിഞ്ഞത്തെത്തി. നേരത്തെ വിഴിഞ്ഞത്തുണ്ടായിരുന്ന വാടക ബോട്ടും പുതിയതായി വാടകയ്ക്കെടുത്ത എൻജിൻ ഘടിപ്പിച്ച വള്ളവും മുതലപ്പൊഴിക്ക് നൽകി.
പരമ്പരാഗത വള്ളങ്ങൾ മാത്രമുള്ളതിനാൽ ട്രോളിംഗ് നിരോധനം വിഴിഞ്ഞത്തെ തീരെയും ബാധിക്കാറില്ല. വിവിധ തീരങ്ങളിൽനിന്ന് കൊണ്ടുവന്നതുൾപ്പെടെ നൂറുകണക്കിനു വള്ളങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ഇവിടെനിന്നും കടലിൽ ഇറങ്ങും. ഇനിയുള്ള 50 ദിവസം പരമ്പരാഗത വള്ളങ്ങളും താങ്ങുവള്ളങ്ങളും മാത്രമാകും കടലിൽ ഉണ്ടാവുക. എന്നാൽ ഇവർ തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും അധികൃതർക്ക് തലവേദനയാവുകയാണ്പതിവ്.
വൻകിട യന്ത്രവൽകൃത ട്രോളർ ബോട്ടുകൾക്ക് നിരോധനമുണ്ടെങ്കിലും അതിനു സമാനമായ താങ്ങു വള്ളങ്ങൾക്ക് മീൻ പിടിക്കാനുള്ള അനുമതിയുള്ളതു കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുമെന്നാണു പരമ്പരാഗതക്കാരുടെ വാദം. മുപ്പതുവരെ തൊഴിലാളികളുമായി ഇറങ്ങുന്ന യന്ത്രവൽകൃത താങ്ങു വള്ളങ്ങൾക്ക് തീരത്തു നിന്ന് പതിനാല് നോട്ടിക്കൽ മൈൽ ഉൾക്കടലിൽനിന്ന് മീൻ പിടിക്കാനുള്ള അനുമതിയുണ്ട്.
എന്നാൽ ട്രോളിംഗ് നിരോധന കാലത്തു നിബന്ധനകൾ കാറ്റിൽ പറത്തി തീരത്തിനു സമീപത്തു നിന്ന് ഇത്തരക്കാർ മീൻ പിടിക്കുന്നതാണ് പ്രശ്നമാകുന്നത്. ഇവരെ തടയാൻ വിഴിഞ്ഞം ഉൾപ്പെടെ ജില്ലയിലെ തീരങ്ങളിൽ നിന്നുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ശ്രമിക്കുന്നതു കടലിൽ സംഘർഷത്തിന് കാരണമാകും. നിരോധിത വലകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയും കാറ്റിൽ പറത്തിയുള്ള ഇത്തരക്കാരുടെ മീൻ അരിച്ചുവാരലും അധികൃതർക്ക് തലേവേദനയാകും.
രാഷ്ട്രീയക്കാരുടെ പിൻബലത്തോടെ സംഘടിതരായ ഇത്തരക്കാരുടെ പ്രവർത്തനം തടയാനും അധികൃതർക്ക് പലപ്പോഴും കഴിയാറില്ല. നിരോധനം ലംഘിച്ചുള്ള മീൻ പിടിത്തവും സംഘർഷവും തടയാൻ തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും രംഗത്തുണ്ടെങ്കിലും താങ്ങുവള്ളങ്ങളോടൊപ്പം മത്സരിക്കാനുള്ള ശേഷി ഇവർക്കില്ല. ഒച്ചിഴയുന്ന വേഗത്തിലുള്ള വാടകബോട്ടിൽ അധികൃതർ എത്തുന്നതിനു മുന്പു നിയമ ലംഘകർ ഉൾക്കടലിലേക്ക് വലിഞ്ഞിരിക്കും. കൂട്ടത്തോടെ എത്തുന്നവയിൽ അപൂർവ്വമായി പിടികൂടുന്നവക്ക് മാത്രമാണ് പിഴയീടാക്കുന്നത്.
കടൽ മത്സ്യങ്ങളുടെ പ്രജനനവും കുഞ്ഞുങ്ങളുടെ വളർച്ചയും കണക്കിലെടുത്താണ് മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ ഇത് പൂർണ വിജയത്തിലെത്താറില്ലെന്നും അധികൃതർ സമ്മതിക്കുന്നുണ്ട്.