സിഒപിഡി: അറിയേണ്ടതും സൂക്ഷിക്കേണ്ടതും
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പുക, പൊടി അല്ലെങ്കില്‍ രാസവസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയ സാഹചര്യങ്ങളിലെ വായുമലിനീകരണത്തിന്റെ ഫലമായി ശ്വാസകോശത്തിലുണ്ടാകുന്ന രോഗങ്ങളാണ്.
ഇത്തരം രോഗങ്ങള്‍ ശ്വാസനാളത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. കൃത്യമായ ചികിത്സ ഇല്ലാതിരുന്നാല്‍ രോഗം കൂടുതല്‍ വളഷാവുന്നുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
55 മില്യണ്‍ പേര്‍ക്ക് രോഗം
2019ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പഠനമനുസരിച്ച് സിഒപിഡി ഏകദേശം 55 മില്യണ്‍ പേരെ ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമരണ കാരണവുമാണിത്.
അതേസമയം ഈ രോഗത്തെക്കുറിച്ച് അധികമാളുകളും അജ്ഞരാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സിഒപിഡി രോഗനിര്‍ണയം നടത്തിയ രോഗികളില്‍ 54 ശതമാനം പേര്‍ക്ക് ഈ രോഗാവസ്ഥയെക്കുറിച്ച് അറിവില്ലെന്നു സ്ഥിരീകരിച്ചു.
സാധാരണയായി 40 വയസിനു മുകളിലുള്ളവരെ ബാധിക്കുമെങ്കിലും കഠിനമായ പുകവലിക്കാരോ വായുമലിനീകരണ സാഹചര്യങ്ങളില്‍ കഴിയുന്നവരോ ആയ ചെറുപ്പക്കാര്‍ക്കും സിഒപിഡി സാധ്യതയുണ്ട്.
നഗരങ്ങളിലെ വായു മലിനീകരണം, പുകവലിക്കാരുടെ സാമീപ്യം എന്നിവയും രോഗകാരണങ്ങളാകാം.
ശ്വാസകോശ പ്രവര്‍ത്തനം അറിയുക
"നിങ്ങളുടെ ശ്വാസകോശ പ്രവര്‍ത്തനം അറിയുക' എന്നതാണ് ഈ വര്‍ഷത്തെ ലോക സിഒപിഡി ദിനാചരണത്തിന്റെ പ്രമേയം. ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചു മനസിലാക്കുന്നതിന്റെയും അളക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രമേയം ഊന്നിപ്പറയുന്നു.
സിഒപിഡി പോലുള്ള ദീര്‍ഘകാല ശ്വസനരോഗങ്ങളെക്കുറിച്ച് അവബോധവും മികച്ച ധാരണയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും രോഗത്തോടൊപ്പം ജീവിക്കുന്നവര്‍ക്കും അപകടസാധ്യതയുള്ളവര്‍ക്കും സിഒപിഡിയെക്കുറിച്ചുള്ള സമഗ്രമായ അറിവ് ലഭിക്കേണ്ടത് ആവശ്യമാണ്.
നിരന്തരമായ ചുമ, വലിയ അളവിലുള്ള കഫം, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, തുടര്‍ച്ചയായ ക്ഷീണം എന്നിവ സിഒപിഡിയുടെ ലക്ഷണങ്ങളാണ്. സ്പൈറോമെട്രി പരിശോധനയിലൂടെ സിഒപിഡി രോഗനിര്‍ണയം സാധ്യമാണ്.
ഡോ. വി.എസ്.ഹേമലത