ടിവിഎസ് ജൂപ്പിറ്റര്‍ 125 വിപണി‌യിൽ
ടിവിഎസ് ജൂപ്പിറ്റര്‍ 125 വിപണി‌യിൽ
Thursday, October 7, 2021 6:02 PM IST
കൊച്ചി: പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടേഴ്സ് ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു.

വിശാലമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലിംഗ്, സമാനതകളില്ലാത്ത ഇന്ധന ക്ഷമത എന്നിങ്ങനെ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകളുമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ പോര്‍ട്ട്ഫോളിയോയിലേക്ക് പുതുതായി ചേര്‍ക്കപ്പെടുന്ന 125 സിസി സ്‌കൂട്ടര്‍ എത്തുന്നത്.

പ്രോഗ്രസീവ് നിയോ മസ്‌ക്യുലിന്‍ സ്റ്റൈലില്‍ എത്തുന്ന ടിവിഎസ് ജൂപ്പിറ്റര്‍ 125നു, ക്രോം ആക്സന്‍റുകൾ ഒരു പ്രീമിയം ലുക്ക് നല്‍കും. എല്‍ഇഡി ഹെഡ് ലാന്പ് , ഗ്രാബ്റെയില്‍ റിഫളക്ടർ, ടൈല്‍-ലാമ്പ്, ഫ്രണ്ട് ലൈറ്റ് ഗൈഡ്സ് എന്നിവയും കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു.

മെറ്റല്‍ മാക്സ് ബോഡിയാണ് സ്‌കൂട്ടറിന്. പ്രീമിയം പെയിന്‍റഡ് ഇന്നര്‍ പാനലുകളില്‍ ത്രീഡി എംബ്ലമായാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ന്‍റെ ആലേഖനം. ഡയമണ്ട് കട്ട് അലോയ് വീലുകളോടെയാണ് ഡിസ്‌ക് വേരിയന്‍റ് വരുന്നത്, ഇത് സ്‌കൂട്ടറിന്‍റെ മൊത്തത്തിലുള്ള ആകര്‍ഷണവും വര്‍ധിപ്പിക്കുന്നുണ്ട്.

ശക്തമായ സിംഗിള്‍ സിലിണ്ടര്‍, 4സ്ട്രോക്ക്, എയര്‍കൂള്‍ഡ് 124.8 സിസി എഞ്ചിനാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125നു കരുത്തേകുന്നത്. 6500 ആര്‍പിഎമ്മില്‍ പരമാവധി 6 കിലോ വാട്ട് കരുത്തും 4,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കും നല്‍കും. സ്മാര്‍ട്ട് അലേര്‍ട്ടുകള്‍, ശരാശരി, തത്സമയ മൈലേജ് സൂചകങ്ങള്‍ എന്നിവയുള്ള സെമിഡിജിറ്റല്‍ സ്പീഡോമീറ്റര്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുഖകരമായ യാത്രാനുഭവം നല്‍കാന്‍ ബോഡി ബാലന്‍സ് ടെക്നോളജിയുമുണ്ട്. മൂന്നു ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന കാനിസ്റ്റര്‍ ഗ്യാസ് ചാര്‍ജ് ചെയ്ത മോണോട്യൂബ് ഷോക്കുകള്‍ ഈ വിഭാഗത്തില്‍ ആദ്യമാണ്.


റൈഡറുടെ സുഖസൗകര്യങ്ങളും അനുയോജ്യതയും പരിഗണിച്ചാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125 വികസിപ്പിച്ചെടുത്തത്. 33 ലിറ്ററാണ് സ്‌കൂട്ടറിന്‍റെ സീറ്റ് സംഭരണ ശേഷി. മുന്നില്‍ വലിയ ലെഗ് സ്പേസിനൊപ്പമാണ് ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ സീറ്റും ക്രമീകരിച്ചിരിക്കുന്നത്.

മികച്ച ഇന്ധന ക്ഷമത, മികച്ച സ്റ്റാര്‍ട്ടിംഗ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടിവിഎസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇടിഎഫ്ഐ) സാങ്കേതികവിദ്യ. അതേസമയം, ട്രാഫിക് സിഗ്‌നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിംഗ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടിവിഎസ് ഇന്‍റിലോഗോ സഹായകരമാവും.

മുന്‍വശത്തുള്ള ഫ്യുവല്‍ ഫില്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എഞ്ചിന്‍ ഇന്‍ഹിബിറ്റര്‍, ഓള്‍ ഇന്‍ വണ്‍ ലോക്ക്, ഫ്രണ്ട് ഗ്ലൗവ് ബോക്സിനൊപ്പം മൊബൈല്‍ ചാര്‍ജര്‍ എന്നിവയാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125ലെ മറ്റു സവിശേഷതകള്‍.

ഡ്രം,ഡിസ്‌ക് വേരിയന്‍റ് ,ഡ്രം അലോയ് വേരിയന്‍റുകളിൽ ലഭ്യമാവുന്ന ജൂപ്പിറ്റര്‍ 125ന് 73,400 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നീ നിറഭേദങ്ങളില്‍ സ്‌കൂട്ടറുകള്‍ ലഭ്യമാണ്.