ഇലക്ട്രിക് കാറിന് 2.5 രൂപ ലക്ഷം ഇളവ്
Saturday, July 6, 2019 3:06 PM IST
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രചാരത്തിലാക്കാനുള്ള നടപടികളും ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ നിറഞ്ഞുനിന്നു. ഇലക്ട്രിക് കാറുകൾ വാങ്ങുന്ന നികുതിദായകർക്ക് ആകെ 2.5 ലക്ഷം രൂപ വരെ ഇളവ് നല്കുന്ന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇലക്ട്രിക് കാർ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് ഒന്നര ലക്ഷം രൂപ ആദായനികുതിയൊഴിവും ജിഎസ്ടി കുറവും ഉൾപ്പെടെയാണു രണ്ടര ലക്ഷം രൂപ ഒഴിവ് ലഭിക്കുന്നത്. നേരത്തെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചിരുന്നു.
ഈ വർഷം ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് - ഹൈബ്രിഡ് ആൻഡ് - ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിരുന്നു. മൂന്നു വർഷം കാലാവധിയുള്ള ഈ പദ്ധതിക്ക് 10,000 കോടി രൂപയാണു വകയിരുത്തിയിരിക്കുന്നത്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ അതിവേഗം പ്രചാരത്തിലാക്കുക എന്ന ലക്ഷ്യമാണു ഫെയിം പദ്ധതിക്കുള്ളതെന്നും വാഹനങ്ങൾ വാങ്ങുന്നവർക്ക് ഇൻസെന്റീവ് നല്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യമായ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും യഥാക്രമം 2023ലും 2025ലും പൂർണമായും ഇലക്ട്രിക്കിലേക്ക് മാറണമെന്ന ആശയം നീതി ആയോഗ് മുന്നോട്ടുവച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന നടപടികളാണ് നിർമല സീതാരാമന്റെ ഇന്നലത്തെ ബജറ്റിലുണ്ടായത്.