ടാറ്റയും പറയും ഡീസൽ എൻജിനുകൾക്ക് ‘ടാറ്റാ'
മും​ബൈ: രാ​ജ്യ​ത്ത് 2020 മു​ത​ൽ ബി​എ​സ്‌-6 മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നി​രി​ക്കേ ചെ​റു വാ​ഹ​ന​ങ്ങ​ളു​ടെ ഡീ​സ​ൽ പ​തി​പ്പു​ക​ൾ ഇ​റ​ക്കി​ല്ലെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. ടാ​റ്റ​യു​ടെ ജ​ന​പ്രി​യ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ തി​യാ​ഗോ, കോം​പാ​ക്ട് സെ​ഡാ​ൻ മോ​ഡ​ലാ​യ ടി​ഗോ​ർ എ​ന്നി​വ​യു​ടെ ഡീ​സ​ൽ പ​തി​പ്പു​ക​ൾ ഇ​റ​ക്കി​ല്ലെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. അ​തേ​സ​മ​യം, സ​ബ് 4-മീ​റ്റ​ർ കോം​പാ​ക്ട് എ​സ്‌‍‌​യു​വി​യാ​യ നെ​ക്സോ​ണി​ന്‍റെ 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ പി​ൻ​വ​ലി​ക്കി​ല്ല എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ളെ അ​പേ​ക്ഷി​ച്ച് ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ ബി​എ​സ്-6​ലേ​ക്ക് അ​പ്‌​ഗ്രേ​ഡ് ചെ​യ്യാ​ൻ കൂ​ടു​ത​ൽ ചെ​ല​വ് വ​രു​ന്ന​താ​ണ് ഡീ​സ​ൽ മോ​ഡ​ലു​ക​ൾ ഇ​റ​ക്കാ​തി​രി​ക്കാ​ൻ ടാ​റ്റ മോ​ട്ടോ​ഴ്സി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. പു​തി​യ മ​ലീ​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കി​യാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​ല​വ്യ​ത്യാ​സം ര​ണ്ടു ല​ക്ഷം രൂ​പ​യോ​ളം വ​രു​മെ​ന്നാണ് ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ​ത്ത​ന്നെ ചെ​റു​വാ​ഹ​ന സെ​ഗ്‌​മെ​ന്‍റു​ക​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ വി​ല കു​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ താ​ത്പ​ര്യ​പ്പെ​ടും. ഇ​ക്കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.


അ​തേ​സ​മ​യം, വ​ലി​യ എ​സ്‌​യു​വി​ക​ളാ​യ ഹെ​ക്സ, ഹാ​രി​യ​ർ, വി​പ​ണി​യി​ൽ എ​ത്താ​നി​രി​ക്കു​ന്ന കാ​സി​നി എ​ന്നി​വ ഡീസ​ൽ എ​ൻ​ജി​നു​ക​ളി​ലും വി​പ​ണ​ിയി​ലു​ണ്ടാ​കും.