വാഹനങ്ങൾക്കു വേണം കരുതൽ; നമുക്കും
Monday, April 1, 2019 2:27 PM IST
ഓട്ടോസ്പോട്ട് /ഐബി
പകൽ സമയത്ത് പുറത്തിറങ്ങാനാവാത്തവിധത്തിൽ സൂര്യൻ ജ്വലിക്കുകയാണ്. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും സുരക്ഷാകാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. വെയിലത്ത് നിർത്തിയിട്ട കാറിൽ പ്രവേശിക്കുന്നതു മുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ വരെ സ്വന്തം ആരോഗ്യസംരക്ഷണത്തിൽ അതീവ ശ്രദ്ധ ചെലുത്തണം. യാത്രക്കാരുടെ മാത്രമല്ല വാഹനത്തിനും ഈ ചൂടുകാലത്ത് അല്പം ശ്രദ്ധ അനിവാര്യമാണ്.
വാഹനത്തിന്റെ പെയിന്റ്
സൂര്യന്റെ ചൂട് ഏറ്റവുമേൽക്കുന്നത് വാഹനത്തിന്റെ പുറംഭാഗത്താണ്. ഇത് പെയിന്റിന്റെ നിറം മങ്ങാൻ കാരണമാകും. അതുകൊണ്ടുതന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്പോൾ കഴിവതും തണലിലാകാൻ ശ്രദ്ധിക്കുക. ടയറുകളെയും ചൂട് ബാധിക്കും.
പുറംഭാഗത്തിന്റെ സംരക്ഷണത്തിന് വാക്സ് കോട്ടിംഗ് കൃത്യമായ ഇടവേളകളിൽ നല്കുന്നത് നല്ലതാണ്. ആറു മാസം കൂടുന്പോൾ വാക്സ് കോട്ടിംഗ് നല്കുന്നത് സൂര്യപ്രകാശത്തിലെ യുവി കിരണങ്ങളിൽനിന്നും പെയിന്റിനെ സംരക്ഷിക്കും. പുതിയ വാഹനങ്ങളിൽ ടെഫ്ലോൺ കോട്ടിംഗ് ആണ് കൂടുതൽ ഫലപ്രദം.
ഉൾഭാഗം വൃത്തിയായി സൂക്ഷിക്കുക
സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്പോൾ ഉൾഭാഗത്തെ ലെതർ, റബർ ഭാഗങ്ങൾ വിഘടിക്കുകയും അവയിൽനിന്ന് ഹാനികരമായ വാതകങ്ങൾ പ്രവഹിക്കുകയും ചെയ്യും. കൂടാതെ വാഹനത്തിനുള്ളിൽ ദുർഗന്ധവുമുണ്ടാകാം. ഫ്ലോർ മാറ്റുകൾ, തറ, ഡാഷ്ബോർഡ്, എസി വെന്റുകൾ മുതലായവ വൃത്തിയായി സൂക്ഷിക്കണം. വേനൽക്കാലത്ത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുതൽ ഉള്ളതിനാൽ വാഹനങ്ങളുടെ വിൻഡോകൾ ഉയർത്തിവച്ചുവേണം യാത്രചെയ്യാൻ. അല്ലെങ്കിൽ വാഹനത്തിൽ പൊടിനിറയും. പിന്നീട് വൃത്തിയാക്കൽ ദുഷ്കരമാകും.
എസി സർവീസ് ചെയ്യുക
വേനൽക്കാലത്ത് വാഹനങ്ങിലെ എസിയുടെ പ്രവർത്തനം കൂടുതലാണ്. പുറത്ത് 41 ഡിഗ്രി സെൽഷസ് ചൂടുവരെ കേരളത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. ഈ ചൂട് വാഹനത്തിന്റെ ഉള്ളിൽ അനുഭവപ്പെടാതിരിക്കാൻ എസി കൂടുതൽ പ്രവർത്തിപ്പിക്കേണ്ടിവരും. അതുകൊണ്ടുതന്നെ എസിയുടെ റെഫ്രിജറന്റ് ടോപ് അപ് ചെയ്യാൻ ശ്രദ്ധിക്കണം. പഴയ വാഹനങ്ങളിലാണ് ഇക്കാര്യത്തിൽ ശ്രദ്ധവേണ്ടത്.
ഫ്ലൂയിഡ് ലെവൽ പരിശോധിക്കുക
വേനൽക്കാലത്തിനുമുന്പ് വാഹനം സർവീസ് ചെയ്യുന്നതു നല്ലതാണ്. കൂടാതെ എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ, കൂളന്റ് ലെവലുകൾ പരിശോധിക്കണം. കൂടാതെ എയർഫിൽറ്റർ വൃത്തിയാണെന്ന് ഉറപ്പുവരുത്തണം. വേനൽക്കാലത്ത് പുതിയ കൂളന്റും എൻജിന് ഓയിലും ഉപയോഗിക്കുന്നത് എൻജിന്റെ പ്രവർത്തനം സുഗമമാക്കും. പ്രത്യേകം ശ്രദ്ധിക്കുക, കൂളന്റ് ലെവൽ പരിശോധിക്കാൻ ചൂടായ റേഡിയേറ്ററിന്റെ അടപ്പ് തുറക്കാൻ ശ്രമിക്കരുത്.
ടയറുകൾ
ടയർ മർദം പരിശോധിക്കാൻ മറക്കരുത്. ടയറിനുള്ളിൽ നിശ്ചിത അളവിൽ വായു ഇല്ലെങ്കിൽ വശങ്ങളിലേക്ക് കൂടുതൽ മർദ്ദമുണ്ടായി ടയർ പൊട്ടാൻ കാരണമാകും. അളവിൽ കൂടുതൽ വായുവുണ്ടെങ്കിൽ ടയറിന്റെ ഗ്രിപ്പ് കുറയും.
പൈപ്പുകളും ബെൽറ്റുകളും
വാഹനത്തിന്റെ പഴക്കമനുസരിച്ച് പൈപ്പുകൾക്കും ഹോസുകൾക്കും വിള്ളൽ വീഴാം. അത് വിലപ്പെട്ട ഇന്ധനവും കൂളന്റുമൊക്കെ നഷ്ടപ്പെടാൻ കാരണമാകും. സർവീസിനു നല്കുന്പോൾ ഇക്കാര്യം പരിശോധിക്കാൻ ടെക്നീഷനോട് ആവശ്യപ്പെടാം
വാഹനത്തിൽ കയറുന്പോൾ
വെയിലേറ്റ് കിടക്കുന്ന വാഹനത്തിന്റെ ഉള്ളിലെ ചൂട് അസഹനീയമായിരിക്കും. കൂടാതെ ഡാഷ് ബോർഡ് ഉൾപ്പെടെയുള്ള വാഹനത്തിലെ പ്ലാസ്റ്റിക് ഭാഗങ്ങളിൽനിന്ന് ബെൻസീൻ പുറന്തള്ളപ്പെടും. വാഹനത്തിന്റെ ഗ്ലാസുകൾ താഴ്ത്തി എസി ഓൺ ചെയ്ത് വാഹനത്തിനുള്ളിലെ ചൂട് കുറയ്ക്കാം.ഇതല്ലാതെ മറ്റൊരു മാർഗംകൂടി ഉപയോഗിക്കാം. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനു മുന്പ് ഒരു വശത്തെ ഡോറുകൾ തുറന്നിടുക. എതിർവശത്തെ ഡോറുകൾ വേഗത്തിൽ മുന്നോട്ടും പിന്നിലേക്കും നീക്കിയാൽ ഉള്ളിലെ ചൂടു വായു പുറത്തു പോകും. തുടർന്ന് വാഹനത്തിൽ പ്രവേശിക്കാം.