ഹോണ്ട അമേസ് ഇന്റർനെറ്റിലെ താരം
Saturday, December 15, 2018 2:30 PM IST
മുംബൈ: ഗൂഗിളിന്റെ ഇയർ ഇൻ സെർച്ച് 2018 റിപ്പോർട്ട് പുറത്തുവന്നു. ഇതിൽ ഓട്ടോമോട്ടീവ് വിഭാഗത്തിൽ ചില കൗതുക കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ബിസിനസിനു പ്രാധാന്യം നല്കും വിധത്തിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട ബ്രാൻഡ് ആണ് ഇയർ ഇൻ സെർച്ച് പട്ടികയിലുള്ളത്. ഹോണ്ട അമേസ് ആണ് ഈ വർഷം ഇന്റർനെറ്റിൽ ഏറെ പേർ തെരഞ്ഞ വാഹനം.
2017ലെ പട്ടികയിൽ ഇടംപിടിച്ച ഒരു വാഹനം പോലും 2018ലെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സമീപകാലത്ത് വാഹനമേഖലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ടാറ്റാ ഹാരിയറും വില്പനയിൽ മുന്നിൽ നിൽക്കുന്ന മാരുതി സ്വിഫ്റ്റും പക്ഷേ ആദ്യ പത്തിൽ ഇടം നേടിയില്ല. 2017ൽ ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റിൽ തെരഞ്ഞ വാഹനമായിരുന്നു സ്വിഫ്റ്റ്.
മഹീന്ദ്ര മറാസോ, ടൊയോട്ട യാരിസ്, ഹ്യുണ്ടായ് സാൻട്രോ, ഫോർഡ് ഫ്രീസ്റ്റൈൽ, മാരുതി എർട്ടിഗ, ജീപ് വ്രാഗ്ലർ, ബിഎംഡബ്ല്യു 6 ജിടി, ബിഎംഡബ്ല്യു എക്സ്3, മഹീന്ദ്ര ആൾട്ടുറാസ് എന്നിവയാണ് ഇയർ ഇൻ സെർച്ച് 2018 പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു വാഹനങ്ങൾ.