ടിവി കാണാൻ ചെലവേറും
Wednesday, December 12, 2018 2:50 PM IST
കൊച്ചി: ടെലിവിഷൻ പരിപാടികൾ സമഗ്രമായി ആസ്വദിക്കാൻ ഇനി ചെലവേറും. കേബിൾ ടിവി, ഡിടിഎച്ച് നിരക്കുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ താരിഫ് ഓർഡർ 29നു നിലവിൽ വരും. പേ ചാനലുകളില്ലാത്ത അടിസ്ഥാന പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു താരിഫ് ഓർഡർ നേട്ടമാകും. എന്നാൽ, പേ ചാനലുകൾക്കു ഡിമാൻഡുള്ള കേരളത്തിലെ ഭൂരിഭാഗം ഉപയോക്താക്കൾക്കും ഇനി അതു തുടരാൻ കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.
ഓരോ പേ ചാനലുകൾക്കും നല്കേണ്ട തുക ട്രായ് അനുമതിയോടെ നിശ്ചയിച്ചിട്ടുണ്ട്. പ്രതിമാസം 19 രൂപയാണ് ഓരോ പേ ചാനലിനും ഈടാക്കാവുന്ന പരമാവധി തുക. മലയാളത്തിൽ ഏഷ്യാനെറ്റ് ചാനൽ ആസ്വദിക്കുന്നതിനു 19 രൂപയാണു ഉപയോക്താവ് നല്കേണ്ടത്. സൂര്യ ടിവിക്കു 15 രൂപയാണു നിരക്ക്. ഏഷ്യാനെറ്റ് മൂവീസിനു 15ഉം ഏഷ്യാനെറ്റ് പ്ലസിനു അഞ്ചു രൂപയുമാണു നിരക്ക്. സ്റ്റാറിന്റേതുൾപ്പടെ സ്പോർട്സ്, വിനോദ ചാനലുകൾക്കും നല്കേണ്ട തുക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനു കീഴിലുള്ള ഓപ്പറേറ്റർമാർ നല്കുന്ന 240 രൂപയുടെ പ്രതിമാസ ഇക്കോണമി പാക്കേജിൽ, 120 പേ ചാനലുകൾ ഉൾപ്പെടെ 240 ചാനലുകൾ നിലവിൽ ലഭ്യമാണ്. പുതുക്കിയ താരിഫ് ഓർഡർ പ്രകാരം 29നു ശേഷം ഇതേ ചാനലുകൾ നല്കണമെങ്കിൽ ഉപയോക്താവ് 500 രൂപയിലധികം നല്കേണ്ടിവരുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണൻ പറഞ്ഞു.
ദൂരദർശൻ ഉൾപ്പെടെ സൗജന്യമായി ലഭ്യമാക്കുന്ന നൂറു ചാനലുകളുൾപ്പെട്ട അടിസ്ഥാന പ്ലാനിനു പ്രതിമാസം 130 രൂപയിലധികം ഈടാക്കരുതെന്ന നിർദേശമാണു സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചു പുതിയ താരിഫ് ഓർഡറിലെ നേട്ടം. നിലവിൽ മലയാളത്തിലെ വാർത്താ ചാനലുകളും ഏഷ്യാനെറ്റിന്റെയും സൂര്യയുടെയും ഒഴികെയുള്ള വിനോദ ചാനലുകളും ഇതിലുൾപ്പെടും. 130 രൂപയ്ക്കു പുറമേ 15 ശതമാനം ജിഎസ്ടിയും ഉപയോക്താവ് നല്കേണ്ടതുണ്ട്. ഇഷ്ടമുള്ള പേ ചാനലുകൾ തെരഞ്ഞെടുക്കാനും അതിനു മാത്രം പണം നല്കാനുമുള്ള സ്വാതന്ത്ര്യം ഇനി ഉപയോക്താക്കൾക്കുണ്ടാകും.
പുതിയ നിരക്ക് പ്രാബല്യത്തിലാവുന്പോൾ ഉപയോക്താക്കൾ പേ ചാനലുകളിൽനിന്ന് അകലുമെന്ന ആശങ്ക, ചാനൽ ഉടമകൾക്കും കേബിൾ ടിവി ഓപ്പറേറ്റർക്കുമുണ്ട്.
സിജോ പൈനാടത്ത്