തരംഗമായി ഹോണ്ട എലിവേറ്റ്
Thursday, October 5, 2023 5:24 PM IST
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെഗ്മെന്റിൽ ‘എലിവേറ്റ്’ എസ്യുവി തരംഗമാകുന്നു.
എസ്വി, വി, വിഎക്സ്, ഇസഡ്എക്സ് എന്നീ നാലു വേരിയന്റുകളിൽ എലിവേറ്റ് എത്തുന്ന എലിവേറ്റിന് 10.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
തായ്ലൻഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണ്ട റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഏഷ്യ പസഫിക് സെന്ററിലാണ് എലിവേറ്റ് എന്ന എസ്യുവി വികസിപ്പിച്ചിട്ടുള്ളത്.
സിആർ-വി, ഡബ്ല്യുആർ-വി എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എലിവേറ്റിന്റെ നിർമിതി. ഡ്യുവൽ ടോൺ ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലും എലിവേറ്റിൽ ലഭ്യമാണ്.
മൂന്ന് ഡ്യൂവൽ-ടോൺ, ഏഴ് മോണോടോൺ നിറങ്ങളിലും എലിവേറ്റ് വാങ്ങാം. 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ നൽകിയിട്ടുള്ളത്.
ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയുണ്ട്.
ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ലെയ്ൻ വാച്ച് അസിസ്റ്റ് (ഇടതുവശത്ത് ഒആർവിഎമ്മിൽ ഘടിപ്പിച്ച കാമറ), വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, റിയർ പാർക്കിംഗ് കാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (എഡിഎഎസ്) സുരക്ഷ ഉറപ്പാക്കുന്നു.
ഓട്ടോ-എമർജൻസി ബ്രേക്കിംഗ്, ഓട്ടോ ഹൈ ബീം അസിസ്റ്റ് തുടങ്ങിയവ എലിവേറ്റിലെ സവിശേഷതകളാണ്. മാനുവൽ ട്രാൻസ്മിഷന് ലിറ്ററിന് 15.31 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്ററുമാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.