ഫോക്സ് വാഗണ്‍ വെര്‍ട്യൂസ് സെഡാന് ഇന്നുമുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍
Thursday, June 9, 2022 2:39 PM IST
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്‌വാഗണ്‍ വെന്‍റ്റോയ്ക്ക് പകരമായി ഇന്ത്യന്‍ വിപണിക്ക് വേണ്ടി രൂപകല്‍പന ചെയ്ത കോംപാക്ട് സെഡാനായ വെര്‍ട്യൂസ് ഇന്നുമുതല്‍ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുകയാണ്.
ഫോക്സ്‌വാഗണിന്‍റെ പുനെയിലെ ചകന്‍ പ്ലാന്‍റിലായിരുന്നു അടുത്തിടെ ഈ കാറിന്‍റെ നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഫോക്സ്‌വാഗണ്‍ ടൈഗൂണ്‍ കോംപാക്ട് എസ്യുവിക്ക് ശേഷം ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള ഫോക്സ്‌വാഗന്‍റെ രണ്ടാമത്തെ വാഹനമാണ് വെര്‍ട്യൂസ്.
2018 മുതല്‍ ബ്രസീലിലുള്ള സെഡാനാണ് വെര്‍ട്യൂസ്. എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന വെര്‍ട്യൂസ് തികച്ചും പുതിയ പതിപ്പാണ്. മാത്രമല്ല ഇന്ത്യയ്ക്കായി എംക്യൂബി എഒ ഐന്‍ പ്ലാറ്റ്ഫോമില്‍ പ്രത്യേകം തയ്യാറാക്കിയതുമാണ്.
സ്കോഡ ഓട്ടോ ഫോക്സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ ഈ പ്ലാറ്റ്ഫോമില്‍ വില്പനക്കെത്തുന്ന നാലാമത്തെ വാഹനമാണ് വെര്‍ട്യൂസ്. ടൈഗൂണ്‍, സ്ലാവിയ, കുഷാക് എന്നിവയാണ് മറ്റുള്ളവ.
വെന്‍റ്റോയ്ക്ക് പകരക്കാരന്‍ ആണെങ്കിലും അല്പം കൂടെ പ്രീമിയം മോഡലായാണ് വെര്‍ട്യൂസിനെ ഫോക്സ്‌വാഗണ്‍ ഒരുക്കിയിരിക്കുന്നത്. ഈ വാഹനത്തിന് ഒരു മസ്കുലര്‍ ലുക്കാണ് മുന്നില്‍ നിന്ന് കാണാനാവുക.
സിംഗിള്‍ സ്ലാറ്റ് ഗ്രില്ലും ചുറ്റും ക്രോം ഗാര്‍ണിഷും എല്‍ഇഡി ഹെഡ്ലാമ്പുകളും ഇതിനുണ്ട്. "എല്‍’ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ സ്പോര്‍ട്ടിയായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകളും ക്രോം ഇന്‍സെര്‍ട്ടുകളും ഉള്ള വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക് ആകര്‍ഷണീയമാണ്.
പുറകില്‍ സ്പോര്‍ട്സ് റാപ്പ്റൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകളും സിഗ്നേച്ചര്‍ പാറ്റേണും ബമ്പറില്‍ ക്രോം ഇന്‍സേര്‍ട്ടുകളുമുണ്ട്. 16 ഇഞ്ച് അലോയ് വീലുകളാണ് വെര്‍ട്യൂസിനുള്ളത്. ജിറ്റി ലൈന്‍ മോഡലുകള്‍ക്ക് കറുപ്പില്‍ പൊതിഞ്ഞ അലോയ് വീലുകളാണുള്ളത്.
ഡോര്‍ ഹാന്‍ഡിലുകള്‍, കോണ്‍ട്രാസ്റ്റ് ബ്ലാക്ക് ഒആര്‍വിഎം, റൂഫ് എന്നിവയ്ക്കായുള്ള ക്രോം ഇന്‍സേര്‍ട്ടുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബൂട്ട് ലിഡിലെ വെര്‍ട്യൂസ് അക്ഷരങ്ങള്‍, ബൂട്ട് മൌണ്ട് ചെയ്ത നമ്പര്‍ പ്ലേറ്റ് റീസെസ് എന്നിവ കാറിന്‍റെ പിന്‍ഭാഗത്തെ മികച്ചതാക്കുന്നു.
ഉള്ളില്‍ ബ്ലാക്ക് & ബീജ് ഇന്‍റീരിയര്‍ തീമാണ് വെര്‍ട്യൂസിനുള്ളത്. ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍ സ്കോഡ സ്ലാവിയയ്ക്ക് സമാനമാണ്. 10.0 ഇഞ്ച് ടച്ച്സ്ക്രീന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയും ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും വെര്‍ട്യൂസിലുണ്ടാകും.
രണ്ട് പെട്രോള്‍ എന്‍ജിനുകളും മൂന്ന് ഗിയര്‍ബോക്സ് ഓപ്ഷനുമാണ് വെര്‍ട്യൂസിനുള്ളത്. 1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എന്നിവയാണ് ഈ എന്‍ജിനുകള്‍. ഇതില്‍ ആദ്യത്തേതിന് 113 ബിഎച്ച്പി കരുത്തും 178 എന്‍എം പീക്ക് ടോര്‍ക്കും രണ്ടാമത്തതിന് 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ആണ് പ്രത്യേകത.
മികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് കമ്പനി വെര്‍ട്യൂസില്‍ ഒരുക്കിയിട്ടുള്ളത്. ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ഫോര്‍സ് ഡിസ്ട്രിബ്യൂഷനുള്ള ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടികൊളിഷന്‍ ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ മുന്നറിയിപ്പ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങി 40ല്‍ പരം ഫീച്ചറുകളാണ് കമ്പനി നല്‍കുന്നത്.
പ്രാദേശികമായ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചതിനാല്‍ത്തന്നെ ഈ കാറിന്‍റെ വില നിയന്ത്രിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നിര്‍മാതാക്കള്‍. നിലവില്‍ 11.5 ലക്ഷം രൂപ മുതലാണ് വെര്‍ട്യൂസിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.