ഇന്ത്യയിലേക്കുള്ള വരവ് ടെസ്ല ഉപേക്ഷിക്കുന്നു
Saturday, May 14, 2022 4:30 PM IST
മുംബൈ: യുഎസിലും ചൈനയിലും നിർമിച്ച തങ്ങളുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കാനുള്ള പദ്ധതി അമേരിക്കൻ കന്പനിയായ ടെസ്ല ഉപേക്ഷിക്കുന്നു. ഇറക്കുമതിച്ചുങ്കത്തിൽ ഇളവ് നല്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനെത്തുടർന്നാണു, ഇലോണ്‍ മസ്ക് സാരഥ്യം വഹിക്കുന്ന കന്പനിയുടെ പിൻമാറ്റം.
ഇന്ത്യയിൽ ഷോറൂം കണ്ടെത്താനും മറ്റുമായി നിയോഗിച്ചിരുന്ന ജീവനക്കാരെ കന്പനി തിരിച്ചുവിളിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ചൈനയിലും മറ്റും നിർമിക്കുന്ന കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനു നികുതി ഇളവ് നല്കാനാവില്ലെന്നറിയിച്ച കേന്ദ്രസർക്കാർ ആത്മനിർഭർ ഭാരത് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ നിർമാണം ആരംഭിക്കാൻ ടെസ്ലയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്രസർക്കാരിന്റെ അഭ്യർഥന മാനിച്ച് ജർമൻ ആഡംബര വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡലിന്റെ അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.