ടയറുകളിൽ കാറ്റ് എത്ര നിറയ്ക്കണം?
Monday, July 29, 2019 3:39 PM IST
# എന്തിന്?
ടയറിൽ കാറ്റ് നിറച്ചാൽ മാത്രമേ സുഖമായി വണ്ടി ഓടൂ എന്ന് എല്ലാർക്കും അറിയാം. എന്നാൽ കാറ്റടിക്കുന്നതിന് ചിലകാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം, ആണ്ടിലും സംക്രാന്തിക്കും നമുക്ക് തോന്നിയപോലെ അടിച്ചാൽ പോരെന്ന് സാരം.
# എന്ത്?
ഇതെന്ത് വട്ട് ചോദ്യം എന്ന് ആർക്കും തോന്നാൻ സാധ്യതയില്ല. എയർ അല്ലെങ്കിൽ നൈട്രജൻ ആണ് ടയറുകളിൽ നിറയ്ക്കുന്നതെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. എയർ ആകുമ്പോൾ 20 രൂപയ്ക്ക് എല്ലാ ടയറിലും ടോപ്പപ്പ് ചെയ്യാം (പെട്രോൾ പന്പുകളിൽ സൗജന്യമാണ്). നൈട്രജൻ സൗജന്യമായി കിട്ടാൻ ബുദ്ധിമുട്ടാണ്. ഒരു ടയറിൽ മുഴുവൻ നിറയ്ക്കാൻ 100 രൂപ ഒക്കെ ആണ് ചാർജ്. പണം അധികം കൊടുത്ത് നൈട്രജൻ നിറച്ചാൽ നമുക്കെന്ത് നേട്ടം?
നൈട്രജൻ തന്മാത്രകൾക്ക് ഓക്സിജൻ തന്മാത്രകളേക്കാൾ വലുപ്പക്കൂടുതൽ ഉള്ളതിനാൽ ടയറിലെ സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി അത്രവേഗത്തിൽ അവയ്ക്ക് രക്ഷപ്പെടാൻ കഴിയില്ല. എയർ ആണെങ്കിൽ താരതമ്യേനെ ഇതിന് വേഗം കൂടും. ടയറിൽ എയർ എങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ മർദം പരിശോധിട്ട് ടോപ്പപ് ചെയ്യണം. മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യണം...
വർഷത്തിൽ ഒന്ന് പോരാ
നൈട്രജൻ സാവധാനം മാത്രമേ ചൂടാകൂ. അതുകൊണ്ടു തന്നെ ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലം ടയറിനുള്ളിലെ വായു (Air) ചൂടുപിടിക്കുന്നതു പോലെ വേഗത്തിൽ നൈട്രജൻ
ചൂടുപിടിക്കില്ല. ടയറിന്റെ താപത്തിലുണ്ടാകുന്ന ഓരോ പത്തു ഡിഗ്രി വർധനയ്ക്കും ഏകദേശം 1 psi മർദം വർധിക്കുമെന്നാണ് കണക്ക് (Ideal gas law says temperature & pressure are directly related, when temperature increases pressure also increases). നൈട്രജനാണ് ടയറിൽ നിറച്ചിരിക്കുന്നതെങ്കിൽ ഇങ്ങനെ മർദത്തിനുണ്ടാകുന്ന വ്യതിയാനം നാമമാത്രമായിരിക്കും.
സ്റ്റീൽ വീലുകളിൽ എയർ ഉപയോഗിക്കുമ്പോൾ ഈർപ്പം മൂലം തുരുമ്പു പിടിക്കാറുണ്ട്. ഇതിന്റെ സാധ്യത ഒരു പരിധി വരെ കുറയാൻ നൈട്രജൻ സഹായിക്കും.
# എത്ര?
ടയറിൽ എത്ര പ്രഷറിൽ കാറ്റ് നിറയ്ക്കണം എന്നത് ഓരോ വാഹന നിർമാതാക്കളും വ്യക്തമായി ഓണേഴ്സ് മാന്വലിൽ പറഞ്ഞിട്ടുണ്ട്. ഡ്രൈവർ ഡോർ തുറക്കുമ്പോൾ
എ പില്ലറിൽ കാണുന്ന ടയർ ഇൻഫർമേഷൻ സ്റ്റിക്കറിൽ ആ വാഹനത്തിൽ ഉപയോഗിക്കേണ്ട ടയറിന്റെ സൈസും നിലനിർത്തേണ്ട ചെയ്യേണ്ട മർദവും രേഖപ്പെടുത്തിയുട്ടുണ്ട്. ബൈക്കുകളിൽ സ്വിം ആം, ചെയിൻ കവർ എന്നിവിടങ്ങളിലാണ് സാധാരണ കാണുക.
സാധാരണ Psi (pounds per square inch), kPa (kilo pascal) എന്നീ രണ്ട് യൂണിറ്റുകളിലാണ് ടയർ പ്രഷർ രേഖപ്പെടുത്താറുള്ളത്. നിർദേശിച്ച അളവിലും കുറവാണ് ടയർ പ്രഷർ എങ്കിൽ റോളിംഗ് റെസിസ്റ്റൻസ് കൂടും. കൂടുതൽ ഘർഷണം ലഭിക്കാൻ വേണ്ടി ഓഫ് റോഡ് ചെയ്യുമ്പോഴും ഡെസേർട്ട് സവാരിക്കു പോകുമ്പോഴും കാറ്റ് തുറന്നു വിട്ട് 4 - 5 Psi പ്രഷർ കുറയ്ക്കുന്നത് നമുക്കറിയാം.
എന്നാൽ നോർമൽ റോഡ് ഉപയോഗത്തിൽ ഇങ്ങനെ ടയർ പ്രഷറിൽ കുറവു വന്നാൽ മൈലേജും ടയറിന്റെ ആയുസും കുറയും.
നിർദിഷ്ട്ട അളവിലും വളരെ കൂടുതൽ അളവിൽ കാറ്റുണ്ടെങ്കിൽ ടയറിന്റെ മധ്യഭാഗം റോഡുമായി
കൂടുതൽ സന്പർക്കത്തിലായി ആ ഭാഗത്ത് മാത്രം തേയ്മാനം വരും. ഇനി നിർദിഷ്ട്ട അളവിലും വളരെ കുറവാണ് പ്രഷറെങ്കിൽ ടയറിന്റെ രണ്ട് അരികും റോഡുമായി കൂടുതൽ സന്പർക്കത്തിൽ വന്ന് ആ ഭാഗത്ത് കൂടുതൽ തേയ്മാനം വരും. ഫലത്തിൽ പ്രഷർ കൂടിയാലും കുറഞ്ഞാലും ടയറിന്റെ ആയുസിനെ അത് ദോഷമായി ബാധിക്കും.
#എപ്പോൾ?
ഒരു വലിയ യാത്ര പോകുമ്പോൾ വീടിന് ഏറ്റവും അടുത്തുള്ള ഷോപ്പിൽനിന്നും പ്രഷർ ചെക്ക് ചെയ്ത് കറക്റ്റ് ചെയ്യണം. കുറേ ഓടിയശേഷമാണ് പ്രഷർ ചെക്ക് ചെയ്യുന്നതെങ്കിൽ അത് കൃത്യമായിരിക്കില്ല. കാരണം കുറേ ഓടിയതിനാൽ ടയർ നന്നായി ചൂടായിട്ടുണ്ടാകും.
പ്രഷർ കൂടിയാൽ
* കുറഞ്ഞ റോഡ് ട്രാക്ഷൻ.
* കുറഞ്ഞ റോഡ് ഗ്രിപ്പ്.
* കുറഞ്ഞ ബ്രേക്കിംഗ്. എഫിഷ്യൻസി.
* ഹാർഡ് സസ്പെൻഷൻ ഫീൽ.
പ്രഷർ കുറഞ്ഞാൽ
* ഹാർഡ് സ്റ്റീയറിംഗ് ഫീൽ.
* കൂടിയ ടയർ തേയ്മാനം.
* കുറഞ്ഞ ഇന്ധന ക്ഷമത.
* സ്റ്റീയറിംഗ് പാർട്സുകളുടെ കൂടിയ തേയ്മാനം.
അലൈൻമെന്റ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന ടയർ ഡാമേജ് കഴിഞ്ഞാൽ ടയറിന്റെ ലൈഫ് കുറയ്ക്കുന്ന പ്രധാന വില്ലൻ തെറ്റായ എയർ പ്രഷർ ആണ്.
തയാറാക്കിയത്
ഷാൻ സത്യശീലൻ
സർവീസ് അഡ്വൈസർ, കനേഡിയൻ ടയർ