ഒരേയൊരു നിൻജ എച്ച്2ആർ
Monday, March 4, 2019 12:44 PM IST
ന്യൂഡൽഹി: രാജ്യത്തെ ആദ്യ കാവസാക്കി നിൻജ എച്ച്2ആർ സൂപ്പർബൈക്ക് ഇന്ത്യൻ നിരത്തിലിറങ്ങി. 2019 കാവസാക്കിയുടെ ഇരുചക്ര വാഹനശ്രേണിയിൽ ഏറ്റവും കരുത്തുറ്റ വാഹനമെന്ന് നിൻജ എച്ച്2ആറിനെ വിശേഷിപ്പിക്കാം. 300 ബിഎച്ച്പി കരുത്തുള്ള ഈ മോഡലിന് 72 ലക്ഷം രൂപ(എക്സ് ഷോറൂം)യാണ് ഇന്ത്യയിൽ വില. വാഹനം ഇന്നലെ ഉടമയ്ക്കു കൈമാറിയെങ്കിലും ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിൻജ എച്ച്2ആറിന്റെ മുൻ പതിപ്പുകളായ നിൻജ എച്ച്2, എച്ച്2 എസ്എക്സ് മോഡലുകൾ നിലവിൽ ഇന്ത്യയിലുണ്ട്. ഇവയ്ക്ക് എച്ച്2ആറിന്റെ പകുതിയിൽ താഴെയെ വിലയുള്ളൂ.
998 സിസി, 4 സിലിണ്ടർ എൻജിനാണ് എച്ച്2ആറിനുള്ളത്. 6 സ്പീഡ് ഗിയർബോക്സിനൊപ്പം കാവസാക്കി ക്വിക്ക് ഷിഫ്റ്റർ ടെക്നോളജി, ഹൈഡ്രോളിക് ക്ലച്ച്, ബാക്ക് ടോർക്ക് ലിമിറ്റർ എന്നിയും ഉൾപ്പെട്ടിരിക്കുന്നു. പരമാവധി വേഗം മണിക്കൂറിൽ 400 കിലോമീറ്റർ.
ലോഞ്ച് കൺട്രോൾ മോഡ്, കോർണറിംഗ് മാനേജ്മെന്റ് സിസ്റ്റം, എൻജിൻ ബ്രേക്ക് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ സുരക്ഷയൊരുക്കുന്നു. നിർമാതാക്കളുടെ റിവർമാർക്ക് ലോഗോയും എച്ച്2ആറിന്റെ പ്രത്യേകതയാണ്. ചരിത്രപ്രാധാന്യമുള്ള വാഹനങ്ങളിൽ മാത്രമേ കാവസാക്കി ഈ ലോഗോ നല്കാറുള്ളൂ. സെൽഫ് ഹീലിംഗ് സിൽവർ മിറർ പെയിന്റ് ആണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വാഹനത്തിന് ചെറിയ പോറലുണ്ടായാൽ അത് തനിയെ പരിഹരിക്കാനുള്ള ശേഷിയാണിത്. ഒരാഴ്ചകൊണ്ടാണിത് സംഭവിക്കുക.