കൃഷിക്കൂട്ടം വിജയമാതൃക, കരുത്താണ് "യൂണിറ്റി’
Tuesday, October 3, 2023 10:58 AM IST
പാളയംകോടൻ പഴത്തിനു തീർത്തും വിലയില്ലാതായാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വെട്ടി പശുവിന് ഇട്ടു കൊടുക്കുമെന്നായിരിക്കും സാധാരണ മറുപടി. എന്നാൽ, കോട്ടയം ജില്ലയിലെ പാന്പാടി ബ്ലോക്കിൽ എലിക്കുളം ഗ്രാമപഞ്ചായത്തിൽപെടുന്ന ചെങ്ങളം യൂണിറ്റി കൃഷിക്കൂട്ടത്തിന് അത് അധിക വരുമാനത്തിനുള്ള മാർഗമാണ്.
പാളയംകോടൻ പഴം ഡ്രൈ ഫ്രൂട്ടാക്കി മാർക്കറ്റിലെത്തിച്ചാൽ കളം മാറുമെന്ന ചിന്ത വനിത അംഗമായ സീമീ റെജിയുടെ മനസിലാണ് ആദ്യം ഉദിച്ചത്. അതു കൊള്ളാമല്ലോ എന്നു പറഞ്ഞു മറ്റുള്ളവരും പിന്തുണച്ചതോടെ പഴം ഉണങ്ങുന്നതിനെക്കുറിച്ചായി ചർച്ച.
കൃഷിവകുപ്പിന്റെ പരിശീലന പരിപാടികൾ, "ആത്മ’- അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴിയുള്ള പഠന പരിപാടികളിലൊക്കെ അവർ പങ്കാളികളായി. സമാന പ്രവർത്തനം നടക്കുന്ന യൂണിറ്റുകൾ സന്ദർശിച്ച് അനുഭവജ്ഞാനം നേടുകയും ചെയ്തു.
അങ്ങനെ കൃത്യമായ നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ യൂണിറ്റിയുടെ പാളയംകോടൻ ഡ്രൈ ഫ്രൂട്ട് വിപണിയിലെത്തി. വില കിലോ 250 രൂപ. ഏഴ് കിലോ പാളയംകോടൻ പഴം ഉണക്കിയെടുത്താൽ ഒരുകിലോ ഉണക്കപ്പഴം എന്നതാണു കണക്ക്.
ഉണക്കപ്പഴം കഴിച്ചവരൊക്കെ അഭിനന്ദനം അറിയിച്ചതോടെ കൂടുതൽ വിഭവങ്ങളുടെ സാധ്യതകളിലേക്കു യൂണിറ്റി ശ്രദ്ധയൂന്നി. ഉണക്കപ്പഴത്തിൽ തുടങ്ങിയ യൂണിറ്റിയുടെ ജൈത്രയാത്ര ഇന്നു പത്തിലധികം മൂല്യവർധിത ഉത്പന്നങ്ങളിലെത്തി നിൽക്കുന്നു.
കൂവപ്പൊടി
മധ്യകേരളത്തിൽ സുലഭമായി വളരുന്നു ന്ധകൂവ’യിലായിരുന്നു അടുത്ത പരീക്ഷണം. വിപുലമമായി ന്ധകൂവ’ ശേഖരിച്ച് പ്രോസസ് ചെയ്ത് പൊടിയാക്കി ആകർഷകമായ പായ്ക്കിംഗിൽ വിപണിയിലിറക്കി. കൂവപ്പൊടിയുണ്ടാക്കാൻ ഇത്തിരി പണിയുണ്ട്. എന്നാലെന്താ ? നല്ല വിലയുണ്ട്. കിലോ 1200 രൂപ.
കപ്പപ്പൊടിയും ഉപ്പേരിക്കപ്പയും
കപ്പയ്ക്കു വില കുറഞ്ഞപ്പോഴാണു കപ്പപ്പൊടിയെക്കുറിച്ചും ഉപ്പേരിക്കപ്പയെക്കുറിച്ചും ആലോചിച്ചത്. കപ്പയരിഞ്ഞു വെള്ളത്തിലിട്ടു കട്ടു കളഞ്ഞു വെയിലത്തിട്ട് ഉണക്കി പൊടിച്ചെടുക്കുന്ന കപ്പപ്പൊടി പുട്ടുണ്ടാക്കാനും അരിപ്പൊടി, ഗോതന്പ് പൊടി എന്നിവയിൽ കലർത്തി ഉപയോഗിക്കുന്നതിനും നല്ലതാണ്.
കപ്പ കനം കുറഞ്ഞരിഞ്ഞു ലഭ്യതയ്ക്കനുസരിച്ചു വെയിലത്തോ, ഡ്രയറിലോ ഉണക്കിയാണ് ഉപ്പേരിക്കപ്പ ഉണ്ടാക്കുന്നത്. ഇതു ശർക്കരയിൽ വിളയിച്ചെടുത്താൽ നല്ല രുചിയാണ്. വിപണിയിൽ കിലോയ്ക്ക് 300 രൂപ വരെ വില കിട്ടും.
കപ്പയ്ക്ക് തീരെ വില കുറഞ്ഞ അവസരത്തിൽ ഈ മൂല്യവർധിത ഉത്പന്നങ്ങൾ കർഷകർക്കു വലിയ ആശ്വാസമായിരുന്നു.

ചക്കപ്പഴത്തെരയും ഉണക്കച്ചക്കയും
ചക്കപ്പഴത്തിനുമുണ്ട് നല്ലതും ചീത്തയുമായ കാലങ്ങൾ. ഇല്ലാത്ത കാലമാണു നല്ലകാലം. ഉള്ള കാലത്താണെങ്കിൽ പഴുത്തു വീണു നശിക്കുക്കുകയും ചെയ്യും. ഇതിനു പ്രതിവിധിയായാണു ന്ധയൂണിറ്റി’ ഉണക്കച്ചക്കയും ചക്കപ്പഴത്തെരയും രൂപപ്പെടുത്തിയത്.
ഉണക്കി സൂക്ഷിക്കുന്ന ചക്കയ്ക്ക് നല്ല സൂക്ഷിപ്പ് കാലവധിയുണ്ട്. ചക്കപ്പഴം ഉരുളിയിലിട്ട് നല്ല തീയിൽ വരട്ടിയെടുക്കുന്ന ചക്കപ്പഴത്തെര അതീവ രുചികരമാണ്. ഇതിനു മുന്നിൽ മുന്തിയ ഹൽവ പോലും മാറി നിൽക്കും.
മഞ്ഞൾപ്പൊടി
നാടൻ മഞ്ഞൾ നന്നായി വിളയുന്ന ഇടമാണ് എലിക്കുളം. വിളവെടുപ്പ് കാലത്ത് വിപണിയിൽ പതിവായുണ്ടാകുന്ന മാന്ദ്യം കർഷകർക്കു വരുത്തി വയ്ക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവില്ല.
ഇത്തരം സാഹചര്യത്തിലാണു യൂണിറ്റി "മഞ്ഞൾപ്പൊടി’ നിർമാണത്തിലേക്കു കടന്നത്. മഞ്ഞൾപ്പൊടിക്ക് ഏതു കാലത്തും നല്ല വിലയുണ്ട്. കിലോയ്ക്ക് 400 രൂപ. യൂണിറ്റിയുടെ മഞ്ഞൾപ്പൊടി കടൽകടന്ന് വിദേശങ്ങളിലും എത്തിത്തുടങ്ങിയിട്ടുണ്ട്.
താരമാണ് "ഈന്തങ്ങപ്പൊടി’
മധ്യകേരളത്തിൽ ധാരളമായി കാണുന്ന ഈന്ത് മരം പുതുതലമുറയ്ക്ക് അപൂർവ കൃഷിക്കാഴ്ചകളിലൊന്നാണ്. പോഷകസമൃദ്ധമാണ് ഈന്തിന്റെ കായിൽ നിന്നുണ്ടാക്കുന്ന പൊടി. എന്നാൽ, അതുണ്ടാക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
കായ്ക്ക് നല്ല കട്ടുള്ളതിനാൽ അരിഞ്ഞ് നിശ്ചിത സമയം വെള്ളത്തിലിട്ടശേഷമാണ് ഉണക്കി പൊടിക്കുന്നത്. കിലോയ്ക്ക് 700 രൂപ വരെ വില കിട്ടും. ഈന്തങ്ങപ്പൊടിക്ക് നല്ല ഡിമാൻഡുണ്ട്.
തേനും തേനുത്പന്നങ്ങളും
സമ്മിശ്ര കൃഷിയുടെ നാടായതിനാൽ എലിക്കുളത്ത് തേൻ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ശുദ്ധമായ ബ്രാൻഡഡ് വൻ തേൻ, ചെറുതേൻ എന്നിവയ്ക്കൊപ്പം തേൻ നെല്ലിക്ക, തേൻ കാന്താരി എന്നിവയും യൂണിറ്റി തയാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്.
വെളിച്ചെണ്ണയും ഉപ്പേരിയും
നാടൻ വെളിച്ചെണ്ണയും വാഴയ്ക്ക ചിപ്സും ചക്കരവരട്ടിയും യൂണിറ്റിയുടെ ഏറെ ഡിമാൻഡുള്ള ഉത്പന്നങ്ങളാണ്. തേങ്ങ സമാഹരിച്ച് വെട്ടി ഉണക്കി ചക്കിൽ ആട്ടിയെടുത്താണ് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്.
ചിപ്സിനും ചക്കരവരട്ടിക്കും ആവശ്യമുള്ള വാഴക്കുലകൾ മിക്കവാറും എലിക്കുളത്ത് നിന്നു തന്നെയാണു ശേഖരിക്കുന്നത്. മൂല്യവർധിത ഉത്പന്നങ്ങളിലൂടെ മാത്രം കർഷകന് പടിച്ചു നിൽക്കാൻ കഴിയുമെന്ന വിശ്വാസമൊന്നും യൂണിറ്റിക്കില്ല.
ഫാം ടൂറിസം, സന്പുഷ്ട ജൈവവളം എന്നിങ്ങനെ കർമമേഖലകൾ വിപുലമാക്കി കർഷക രക്ഷ ഉറപ്പുവരുത്താനുള്ള തീവ്രപരിശ്രമത്തിലാണ് യൂണിറ്റി. എലിക്കുളം കൃഷിഭവന്റെ മേൽനോട്ടത്തിൽ ജോസ് പി. കുര്യൻ പഴയപറന്പിൽ, ടോണി ജോർജ് പന്തലാടിയിൽ, ബിൻസ് ജോസ് തൊടുകയിൽ, റെജി മാത്യു ചൂരനോലിൽ,
മാത്യൂസ് എം. മാത്യു മണ്ഡപത്തിൽ, ഷാജി എബ്രഹാം പുളിക്കൽ, സീമാ റെജി ചൂരനോലിൽ എന്നിവർ എന്നിവർ ചേർന്നാണ് ""യൂണിറ്റി കൃഷിക്കൂട്ടം’’ത്തിന് തുടക്കംകുറിച്ചത്. ഗ്രാമപഞ്ചായത്തിന്റെ പൂർണ പിന്തുണ ലഭിക്കുകയും ചെയ്തു.
ഫോണ്: 9447182603, 9447571859
എ.ജെ. അലക്സ് റോയ്
അസി. കൃഷി ഓഫീസർ, എലിക്കുളം
ചിത്രങ്ങൾ: നിസാർ കെ. റഷീദ