കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
Thursday, August 24, 2023 1:11 PM IST
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട് ബെന്നി തന്റെ മൂന്നേക്കർ സ്ഥലത്ത് കടുക്കയും പ്ലാവും കൃഷി ചെയ്യാൻ തീരുമാനിച്ചത്. 2019-ൽ വിയറ്റ്നാം ഏർളി ഇനത്തിൽ പെട്ട 80 പ്ലാവിൻ തൈകൾ നട്ടു.
കാഞ്ഞിരപ്പള്ളി ഹോം ഗ്രോണിൽ നിന്നാണ് തൈകൾ വാങ്ങിയത്. സഹോദരൻ ടോമിയെയും സുഹൃത്ത് ബെന്റി കളപ്പുരയെയും സംരഭത്തിൽ പങ്കാളികളാക്കിയതോടെ ആശങ്ക തെല്ലൊഴിഞ്ഞെന്നു മാത്രമല്ല, പ്രതീക്ഷയുടെ പച്ചപ്പ് തളിരിടുകയും ചെയ്തു.
കഴിഞ്ഞ വർഷം പ്ലാവ് കായ്ച്ചു തുടങ്ങി. തൊടുപുഴ- പുളിയൻമല സ്റ്റേറ്റ് ഹൈവേ ഓരത്താണ് തോട്ടം. ഒരു പ്ലാവിൽ നിന്ന് മുപ്പതോളം ചക്ക ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് മൊത്ത കച്ചവടക്കാർക്ക് കൊടുക്കുന്നത്.
അവർ ചക്ക തോട്ടത്തിലെത്തി ശേഖരിക്കുന്നതാണു രീതി. പ്ലാവിൻ തോട്ടത്തോടു ചേർന്നാണു കടുക്കാ തോട്ടം. ഇത് ബെന്നി സ്വന്തമായാണു ചെയ്യുന്നത്. ഒരു വർഷം മുന്പാണു കടുക്കാ തൈകൾ നട്ടത്. 800 തൈകളുണ്ട്.
20 അടിയോളം ഉയരത്തിൽ തൈകൾ വളർന്നു കഴിഞ്ഞു. യന്ത്രസഹായ ത്തോടെ കുഴികളെടത്ത് മൂടിയ ശേഷമായിരുന്നു തൈകൾ നട്ടത്. ബംഗളൂരിൽ നിന്നായിരുന്നു തൈകൾ എത്തിച്ചത്.
ഇടയ്ക്കിടയ്ക്കു ശിഖരം വെട്ടിയൊരുക്കി തടിയിലും ഇലയിലും കീടബാധ ഉണ്ടാകാതിരിക്കാൻ ബോർഡോ മിശ്രിതം സ്പ്രേ ചെയ്യും. ജൈവവളം ഒന്നോ രണ്ടോ പ്രാവശ്യം മണ്ണിൽ ചേർത്തു കൊടുക്കും. മറ്റു പരിപാല നമെന്നുമില്ല.
പത്തു വർഷം കൊണ്ട് 60 ഇഞ്ചു വരെ മരത്തിനു വണ്ണം വയ്ക്കും. ടണ്ണിന് 9500 രൂപയാണ് വില. 20,000 മുതൽ 25,000 രൂപ വരെ ഒരു മരത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബെന്നി പറഞ്ഞു.
റബർ, റംബൂട്ടാൻ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. മറ്റൊരു സഹോദരൻ സാജുവിന് കൃഷിക്കൊപ്പം കോഴി ഫാമുണ്ട്. ഏകവിളയ്ക്കു പകരം ബഹുവിള കൃഷി ചെയ്താൽ ഒന്നിനു വില കുറഞ്ഞാലും മറ്റൊന്നിനു വില ലഭിക്കും.
പരന്പരാഗത കൃഷിയിൽ നിന്ന് പഴവർഗ കൃഷി ഉൾപ്പെടെയുള്ള പുതിയ കൃഷിരീതികളിലേക്ക് കർഷകർ മാറാൻ തയാറായാൽ നല്ല വരുമാനം നേടാനാകുമെന്നാണ് ബെന്നിയുടെ അഭിപ്രായം. ഭാര്യ: സീന, മകൻ: ബിറ്റോ. ഫോണ്:94478 24345.