മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
Thursday, May 4, 2023 4:58 PM IST
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ ക്രൈംബ്രാഞ്ച് എസ്ഐ ജി. പ്രസന്നനു ശരിക്കും ബോധ്യമായി. ഒരു മൂട്ടിൽ 27 കിഴങ്ങുകളുമായി 125 കിലോ! സാധാരണ അൻപതു കിലോയിൽ താഴെ മാത്രം വിളവ് ലഭിക്കുന്ന സ്ഥാനത്താണ് ഇത്ര വലിയ വിളവ് കിട്ടിയത്.
കഴിഞ്ഞ കുംഭ ഭരണി നാളിലാണ് തിരുവനന്തപുരം ആറ്റിങ്ങൽ പുവന്പാറയിലെ കൃഷിയിടത്തിൽ പ്രസന്നൻ മുൾക്കിഴങ്ങ് നട്ടത്. രണ്ടടി ആഴത്തിൽ മൂന്നടി വീതിയിൽ കുഴിയെടുത്താണു വിത്ത് നട്ടത്. ജൈവകർഷകനും കൃഷിയിൽ തന്റെ ഗുരുവുമായ ഉള്ളൂർ ആർ. രവീന്ദ്രനിൽ നിന്നാണു വിത്ത് കിട്ടിയത്.
പോങ്ങുംമൂട് ബാപ്പുജി നഗറിലെ വീട്ടുപറന്പിലും പൂവന്പാറയിലെ പുരയിടത്തിലും വിപുലമായ കൃഷിയുണ്ടെങ്കിലും പ്രസന്നൻ ആദ്യമായാണു മുൾക്കിഴങ്ങ് കൃഷി ചെയ്യുന്നത്. പറന്പിലുണ്ടായിരുന്ന ശീലാന്തി മരങ്ങളുടെ ഉണങ്ങിയ ഇലകളും ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ല്് പൊടി എന്നിവയും കുഴിയിലിട്ടശേഷം മണ്ണിട്ടു മൂടുകയാണ് ആദ്യം ചെയ്തത്. അതിനുശേഷം, കുഴിക്കു മുകളിൽ പുരയിടത്തിൽ വീണു കിടന്ന കരിഞ്ഞ ഇലകൾ നിരത്തി.
ഇങ്ങനെ വളമിട്ടു മൂടിയ കുഴിയുടെ നടുക്ക് അരയടി താഴ്ത്തി വിത്ത് നട്ടു. ഒരു മാസത്തിനു ശേഷം വീണ്ടും വളമിട്ടു. വള്ളിക്കു യഥേഷ്ടം പടർന്നു പോകാൻ പാകത്തിൽ മണ്ണൊരുക്കി. പടർന്നു കയറുവാൻ ശീലാന്തിമര ത്തിലും സൗകര്യമൊരുക്കി. പതിനൊന്ന് മാസത്തിനു ശേഷമായിരുന്നു വിളവെടുപ്പ്. നട്ട സ്ഥലത്ത് നിന്നു നാലുവശത്തേയ്ക്കും വള്ളി പടർന്നു മുൾക്കിഴങ്ങ് കായ്ച്ചിരുന്നു. വിളവെടുക്കാൻ രണ്ടു ദിവസം വേണ്ടിവന്നു.
ഉശീരെീൃലമ ലരൌഹലിമേ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന മുൾക്കിഴങ്ങ് കാച്ചിൽ ഇനത്തിൽപ്പെടും. കിഴങ്ങിലും വള്ളിയിലും ചെറിയ മുള്ളുകൾ ഉള്ളതുകൊണ്ടാണ് ആ പേരു വന്നത്. ഒൗഷധ സന്പന്നമായ മുൾക്കിഴങ്ങിൽ ധാരാളം അന്നജവും നാരുകളും അടങ്ങിയിട്ടുണ്ട്. ദഹനത്തിനു നല്ലതാണ്. കാച്ചിൽ കൊണ്ടുഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും മുൾക്കിഴങ്ങ് കൊണ്ടും തയാറാക്കാം. വിളവെടുപ്പിനെക്കുറിച്ച് അറിഞ്ഞ് കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പ്രസന്നനെ ആദരിച്ചു.
കൃഷി ശാസ്ത്രജ്ഞരും കർഷകരും ഉൾപ്പെടെ നിരവധിപ്പേർ മുൾക്കിഴങ്ങ് കാണാൻ എത്തുന്നുണ്ട്. ഒരു മൂട്ടിൽ നിന്നു 150 കിലോ ലഭിച്ച ആഫ്രിക്കൻ കാച്ചിലിന്റെ വിളവെടുപ്പും കഴിഞ്ഞ മാസം പ്രസന്നൻ നടത്തിയിരുന്നു. ഈ വന്പൻ കാച്ചിൽ സംസ്ഥാന കൃഷി വകുപ്പിന്റെന്ധവൈഗ പ്രദർശനത്തിലും എത്തിച്ചു. മികച്ച മട്ടുപ്പാവ് കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പ്രസന്നനെ തേടിയെത്തിയിട്ടുണ്ട്.
മട്ടുപ്പാവിലും പറന്പിലുമായി ഡ്രാഗണ് ഫ്രൂട്ട്, മുളക്, പാവൽ, ചേന, ചേന്പ്, കൂവ, പടവലം, കത്തിരി, പാഷൻ ഫ്രൂട്ട്, തക്കാളി, വാഴ, ചതുരപ്പയർ, മിനുസപീച്ചിൽ, കരിമഞ്ഞൾ തുടങ്ങിയ അദ്ദേഹം കൃഷി ചെയ്യുന്നു. മട്ടുപ്പാവിൽ മണ്ചട്ടികളിൽ രക്തശാലി, പ്രത്യാശ ഇനങ്ങളിൽപ്പെട്ട നെല്ലിനങ്ങളുടെ കൃഷിയുമുണ്ട്. മണ്ചാക്കുകളിൽ വാഴ നട്ട് വലിയ വാഴക്കുലകളുടെ വിളവെടുപ്പും നടത്തിയിട്ടുണ്ട്.
ഫോണ്: 9744281159
എസ്.മഞ്ജുളാദേവി