ഗാകിന്റെ തണലിൽ ജോജോ
Thursday, April 20, 2023 4:42 PM IST
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന്പുഴ അമലാപുരത്തെ ജോജോ പുന്നയ്ക്കൽ പോഷകസമൃദ്ധമായ ഗാക് ഫ്രൂട്ടിനെ പരിചയപ്പെടുന്നത്. നാലു വർഷം മുന്പ് വൈക്കത്തെത്തിയപ്പോഴാണു പച്ചയ്ക്കും പഴമായും ഉപയോഗിക്കാവുന്ന ഗാക് ഫ്രൂട്ട് ആദ്യമായി കാണുന്നത്.
സുഹൃത്ത് വഴി ഒരു പഴം സ്വന്തമാക്കി. അതിൽ നിന്നു കിട്ടിയ വിത്തുകൾ പാകി മുളപ്പിക്കാൻ ശ്രമിച്ചു. രണ്ടു മാസങ്ങൾക്കു ശേഷമാണ് ഏതാനും വിത്തുകൾ മുളച്ചത്. അവയിൽ ഒന്നു മാത്രം പിടിച്ചു കിട്ടി. ഇതിനിടെ, ഇന്റർനെറ്റിലൂടെയും വെള്ളാനിക്കര നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സ് ഉദ്യോഗസ്ഥരിൽ നിന്നും സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ടിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു.
ഗുണങ്ങൾ
പോഷക ഗുണങ്ങളാൽ സന്പന്നമാണു പഴുത്തു ചുവന്ന ഗാക് പഴങ്ങൾ. ഉഷ്ണമേഖലയിൽ തഴച്ചു വളരുന്ന ചെടിയിലെ പഴങ്ങളിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായിട്ടുണ്ട്. സൂപ്പർ ഫുഡ് ആയി അറിയപ്പെടുന്ന ഇതിൽ തക്കാളിയിൽ ഉള്ളതിനെക്കാൾ എഴുപത് മടങ്ങ് ലൈക്കോ പീൻ ഉണ്ട്. ഇതു കാൻസറിനെ പ്രതിരോധിക്കും.
മനുഷ്യനിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമകാന്തി കൂട്ടാനും, യൗവനം നിലനിർത്താനും അനീമിയ രോഗത്തെ ചെറുക്കാനും കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കാനുമൊക്കെ ഈ പഴം ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളായ വിയറ്റ്നാം, തെക്കൻ ചൈന, എന്നിവിടങ്ങളിൽ ഗാക് സ്വാഭാവികമായി വളരുന്നുണ്ട്. പരന്പരാഗത വൈദ്യശാസ്ത്രത്തിൽ ഗാക് പഴങ്ങളിലെ കരോട്ടിനോയിഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇ,സി വിറ്റാമിനുകൾ, മഗ്നീഷ്യം, സിങ്ക്, സെലിനിയം, പോളി ഫീനോളുകൾ, മാംഗനീസ്, ഫ്ളോവനോയ്ഡുകൾ തുടങ്ങിയവയും സമൃദ്ധമായിട്ടുണ്ട്.
കൃഷി
പാവൽ, കോവൽ തുടങ്ങിയവയുടെ കൃഷി രീതി തന്നെയാണ് ഗാക് ചെടിക്കും വേണ്ടത്. പച്ചിലകളും കന്പോസ്റ്റും ചാണകപ്പൊടിയും അടിസ്ഥാനവളമായി നൽകി തടങ്ങൾ എടുക്കുകയാണ് ആദ്യപടി. വിത്തുകൾ പാകി മുളപ്പിച്ച ശേഷമാണു നടേണ്ടത്. വിത്ത് മുളയ്ക്കാൻ എട്ട് മുതൽ 12 ആഴ്ചവരെ എടുക്കും.
വിത്തുകൾ ഒരു ദിവസം വെള്ളത്തിലിട്ടശേഷം നനഞ്ഞ തുണിയിലോ ചാക്കിലോ പൊതിഞ്ഞു വച്ചു ഒരാഴ്ചയ്ക്കുശേഷം നട്ടാൽ മുളകൾ പെട്ടന്നു വരാൻ സാധ്യതയുണ്ട്. നഴ്സറി ട്രേകളിൽ വിത്തുകൾ പാകി പരിചരിക്കുന്നതാണ് നല്ലത്. മൂന്നു ഇലകൾ വന്നശേഷം തടങ്ങളിലേക്കു മാറ്റി നടാം. പന്തൽ ഒരുക്കി പടർന്നു കയറാനുള്ള സംവിധാനം നേരത്തെ ഒരുക്കണം. ഒരു തടത്തിൽ രണ്ടു തൈകൾ വീതം ഒരടി അകലത്തിൽ നടണം.
സാധാരണ രീതിയിലുള്ള കൃഷിക്ക് കുറഞ്ഞത് ആറ് തൈകളെങ്കിലും വേണം. ആണ് പൂവും പെണ്പൂവും വേറെ വേറെ ചെടികളിലാണ് ഉണ്ടാകുന്നത്. സാധാരണ പരാഗണം കുറവായിരിക്കും. കൂടുതൽ കായ്കളുണ്ടാകാൻ കൃത്രിമ പരാഗണം ആവശ്യമാണ്. ചൂടു കൂടുന്നതിനു മുന്പായി ആണ് പൂക്കൾ പറിച്ചെടുത്ത് പെണ്പൂക്കളിൽ മുട്ടിച്ച് പരാഗണം നടത്തണം. വാനിലയുടെ പരാഗണരീതിയാണ് ഇതിനും വേണ്ടത്.
പരിചരണം
വേനൽക്കാലത്ത് ചെടിക്ക് നന അത്യാവശ്യമാണ്. മാസത്തിലൊരിക്കൽ കളകൾ പറിച്ചു കംബോസ്റ്റും ചാണകപ്പൊടിയും നൽകണം. തൈകൾ നട്ടു നാല് മാസം കഴിയുന്പോൾ പുഷ്പിച്ചു തുടങ്ങും. അധികമൂപ്പ് ആകുന്നതിനു മുന്പ് ഇലകൾ പറിച്ചെടുത്തു തോരനും മറ്റും ഉണ്ടാക്കാം. കായ് മൂക്കുന്നതിന് മുന്പ് പറിച്ചെടുത്തു പാവയ്ക്കയ്ക്കു പകരമായി ഉപയോഗിക്കാവുന്നതാണ്.
നല്ല വിളവിന് നല്ല സൂര്യപ്രകാശം ലഭിക്കണം. പൂക്കൾ ഉണ്ടായശേഷം മാത്രമേ ആണ്-പെണ് തൈകൾ തിരിച്ചറിയാനാകൂ. 10 പെണ് ചടികൾക്ക് ഒരാണ് ചെടി എന്നതാണ് കണക്ക്. മരങ്ങളിലേക്ക് കയറ്റി പടർത്തി വിട്ടാൽ ഉത്പാദനം കുറവായിരിക്കും. സീസണിൽ ഒരു ചെടിയിൽ നിന്ന് 60 കായ്കൾ വരെ കിട്ടും.
പൊതുവെ രോഗകീടബാധകൾ വളരെ കുറവാണ്. ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തന്നെ പാവൽ, കോവൽ കൃഷിക്ക് സ്വീകരിക്കുന്ന മാർഗം തന്നെ പിന്തുടർന്നാൽ മതിയാകും. പൂത്തു തുടങ്ങുന്പോൾ നൈട്രജൻ വളങ്ങൾ നൽകുന്നതും നല്ലതാണ്.
വിളവെടുപ്പ്
ഒരു പഴത്തിന് ഒരു കിലോ വരെ തൂക്കമുണ്ടാകും. കായ് പിടിച്ചു രണ്ട് മാസത്തിനുള്ളിൽ വിളവെടുക്കാം. നാല് ഘട്ടങ്ങളിലൂടെയാണു കായ്കൾ മൂത്തു പഴുക്കുന്നത്. കായ്കൾക്ക് ആദ്യം പച്ചനിറമാണ്. പച്ചനിറം മാറുന്നതിന് മുന്പാണ് കറികൾക്ക് ഉപയോഗിക്കേണ്ടത്.
രണ്ടാം ഘട്ടത്തിൽ മഞ്ഞയും പിന്നീട് ഓറഞ്ചും അവസാനം കുടം ചുവപ്പ് നിറവുമാകും. ഒന്നോ രണ്ടോ ആഴ്ചകൾ സൂക്ഷിക്കാനും പഴ വില്പനയ്ക്കും ഓറഞ്ച് നിറമായിരിക്കുന്പോൾ പറിച്ചെടുക്കുന്നതാണു നല്ലത്. കിലോയ്ക്ക് മുന്നൂറ് രൂപവരെ വിലയുണ്ടെങ്കിലും പഴത്തിന്റെ ഗുണത്തെപ്പറ്റി അറിയാവുന്നവർ ചുരുക്കമായതിനാൽ ആവശ്യക്കാർ കുറവാണ്.
കടും ചുവപ്പ് നിറമായിക്കഴിഞ്ഞാൽ പഴം അധികനാൾ സൂക്ഷിച്ചു വയ്ക്കാനാവില്ല. പാഷൻ ഫ്രൂട്ട് പോലെ ഗാക് ഫ്രൂട്ടിന്റെയും പൾപ്പാണ് കഴിക്കുന്നത്. ഒരിഞ്ച് വരെ കനത്തിലുള്ള കഴന്പും ഭക്ഷ്യയോഗ്യമാണ്. പ്രത്യേക ചവർപ്പോടുകൂടിയ രുചി ആയതിനാൽ ജൂസാക്കി കഴിക്കാനും നല്ലതാണ്. കൂടുതൽ രുചിക്ക് തേൻ, പൈനാപ്പിൾ, മാങ്ങ, ഓറഞ്ച് തുടങ്ങിയവ ചേർക്കാവുന്നതാണ്.
മഴക്കാലത്തിനു ശേഷം പുഷ്പിച്ചു തുടങ്ങുന്ന ഗാക് ചെടികളിൽ രണ്ടു പ്രാവശ്യം വിളവ് ലഭിക്കും. ഇടയ്ക്ക് ഒന്നോ രണ്ടോ കായ്കൾ ഉണ്ടായേക്കാം. എന്നാൽ, സീസണ് വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തണം. പ്രധാന ശിഖരങ്ങൾ നിലനിർത്തി കായ്കൾ ഉണ്ടായ എല്ലാ ശാഖകളും വെട്ടി മാറ്റണം. മഴക്കാലത്ത് വിളവ് തീരെ കുറവായിരിക്കും.
കൃഷി ലാഭകരമാക്കാൻ
പഴങ്ങളും പച്ചക്കായ്കളും മാത്രം വിറ്റു കൃഷി ലാഭകരമാക്കാൻ കഴിയില്ലന്നു തുറന്നു പറയുന്ന ജോജോ, വിത്തുകൾ ശേഖരിച്ചു വില്പന നടത്തിയും നേട്ടങ്ങളുണ്ടാക്കുന്നു. ഒരു കായിൽ നാല്പതോളം വിത്തുകൾ ഉണ്ടാകും. അവ ശുദ്ധീകരിച്ച് പ്രത്യേക രീതിയിൽ ഉണക്കിയാണ് വില്പന നടത്തുന്നത്. ഇത് അധികം നാൾ തുടരാനാവില്ലെന്നു മനസിലാക്കുന്ന അദ്ദേഹം, ജൂസ്, പൾപ്പ്, അച്ചാർ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഗാക് ഫ്രൂട്ടിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഒരു ഗാക് തൈ നട്ടാൽ കുറഞ്ഞത് 15 വർഷം വരെ മികച്ച വിളവ് ലഭിക്കും. ചെറിയ മുള്ളുകളോടുകൂടിയ പഴത്തിന്റെ തൊണ്ട് ശുദ്ധീകരിച്ച് ഐസ്ക്രീം കപ്പ് നിർമിക്കാൻ കഴിയും. മഞ്ഞനിറത്തോടുകൂടിയ മാംസളമായ ഭാഗം അച്ചാറാക്കാം. ഉള്ളിലുള്ള ചുവന്ന പൾപ്പ് പാനീയമാക്കാം. പൾപ്പും മാംസളമായ ഭാഗവും ജൂസാക്കാനും സാധിക്കും. ഗാകിന്റെ കുരുക്കൾ ഭക്ഷ്യയോഗ്യമല്ല. അതിലുള്ള നേരിയ വിഷാംശം ശരീരത്തിനു ദോഷകരമാണ്.
ഫോണ്: 8606856474
നെല്ലി ചെങ്ങമനാട്