ചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ
Wednesday, April 19, 2023 5:55 PM IST
അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിനനുസരിച്ചു ശരീരോഷ്മാവ് ക്രമീകരിക്കാൻ ശ്വസന നിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവ് വരുന്നതുവഴി പാലുത്പാദനത്തെയും, മാംസോത്പാദനത്തിനെയും സാരമായി ബാധിക്കും.
അന്തരീക്ഷ ഊഷ്മാവ് കൂടുന്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്താൻ ശ്രമിക്കുകയും ചെയുന്പോൾ നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കും.
ലക്ഷണങ്ങൾ
വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മൂക്കും മോണയും കണ്‍പോളകളും. ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്‍റെ അളവ് കുറയുക, ചലനമറ്റു കിടക്കുക.
പ്രാഥമിക ചികിത്സ
ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലം ഉടൻ തന്നെ നിശ്ചിത അളവിൽ തിരികെ നൽകുകയാണ് പ്രാഥമിക ചികിത്സ. ഇതിനു നിർജലീകരണ ശതമാനം അറിയണം. രണ്ടു ശതമാനം സാധാരണവും 14 ശതമാനത്തിനു മുകളിൽ മാരകവുമാണ്. എട്ടു ശതമാനം മുതൽ സിരകളിൽ ഇലക്ട്രോളിറ്റ് ലായനികൾ നിർബന്ധമായും കുത്തിവയ്ക്കണം.
നിർജലീകരണ ശതമാനം
ശരീരത്തിലെ തൊലി (പ്രത്യേകിച്ചു കഴുത്തിലേത്) രണ്ടു വിരൽകൊണ്ട് നുള്ളി വലിച്ചു സാവധാനത്തിൽ വിടണം. തൊലിയുടെ ചുരുൾ നിവരുന്ന സമയം സെക്കൻഡിൽ രേഖപെടുത്തണം.
ചുരുൾ നിവരാൻ എട്ട് സെക്കൻഡ് എടുത്താൽ നിർജലീകരണം 10-14 ശതമാനം.
6 സെക്കൻഡ് 8-10 ശതമാനം.
4 സെക്കൻഡ് 6-8 ശതമാനം.
2 സെക്കൻഡ് 4-6 ശതമാനം.
ശരീര ഭാരത്തെ ശതമാനം കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാൽ കിട്ടുന്നത്രയും ലിറ്റർ വെള്ളം ഉടൻ നൽകണം. ഉദാഹരണം : 100 കിലോ ഭാരമുള്ള ഒരു മൃഗത്തിന് 8 ശതമാനം നിർജലീകരണം ഉണ്ടെങ്കിൽ അതിന് ഉടൻ 8 ലിറ്റർ വെള്ളം നൽകണം. (100 8 =800. 800/100=8 ലിറ്റർ.)
ഇതു കൂടാതെ, ജീവൻ നിലനിർത്താനുള്ള വെള്ളവും നൽകണം. കിട്ടിയ ഉത്തരത്തെ 2 കൊണ്ട് വീണ്ടും ഹരിച്ചാൽ ഈ അളവ് കിട്ടും. (അതായത് 8/2 = 4 ലിറ്റർ). ഒരു ദിവസം മൊത്തം 12 ലിറ്റർ വെള്ളം കൊടുക്കണം. 45 തവണകളായി ഇതു നൽകാം. കുടിപ്പിക്കാൻ പ്രയാസമാണെങ്കിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ന്ധസ്റ്റോമക് ട്യൂബ്’ വഴി നേരിട്ട് അമാശയത്തിലേക്കു വെള്ളം എത്തിക്കാം.
പ്രായത്തിന് അനുസരിച്ച് ഒരു ദിവസം വേണ്ട വെള്ളം
5 വയസ്- 12 ലിറ്റർ.
1മ്മ വയസ് - 24 ലിറ്റർ.
2 വയസ് - 32 ലിറ്റർ.
ദിവസം 15 ലിറ്റർ പാൽ തരുന്ന പശുവിന്- 60 ലിറ്റർ. 25 ലിറ്റർ പാൽ തരുന്നതിനു - 100 ലിറ്റർ.
കറവ വറ്റിയവക്കും ഗർഭിണികൾക്കും - 40 ലിറ്റർ.
(ഓരോ ലിറ്റർ പാലിനും 4 ലിറ്റർ വെള്ളം എന്ന കണക്കിലാണു നൽകേണ്ടത്.)
പ്രതിരോധ മാർഗങ്ങൾ
• വേനൽക്കാല ഭക്ഷണത്തിൽ മാംസ്യത്തിന്‍റെയും കൊഴുപ്പിന്‍റെയും അളവു കൂട്ടുകയും, നാരിന്‍റെ അംശം കുറക്കുകയും ചെയ്യണം. ഇതിനായി പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം.
• ഖരാഹാരം നൽകുന്നത് രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. പച്ചപ്പുല്ല് ലഭ്യമല്ലെങ്കിൽ പച്ച ഇലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം. അത്യുത്പാദന ശേഷിയുള്ള ഇനങ്ങൾക്ക് ബൈപാസ് പ്രോട്ടീനുകളും, ബൈപാസ് ഫാറ്റുകളും നൽകാം. 100 ഗ്രാം ധാതുലവണങ്ങളും, 50 ഗ്രാം ഉപ്പും, 25 ഗ്രാം അപ്പക്കാരവും, വൈറ്റമിൻ എ,ഡി,ഇ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.
• പോഷകാഹാരക്കുറവ് പശുക്കൾക്ക് വേനൽക്കാല വന്ധ്യതക്കു കാരണമാകും. കൃത്രിമ ബീജദാനത്തിന്‍റെ സമയത്തെ ശരീരോഷ്മാവ് ഗർഭധാരണത്തിന് വളരെ നിർണായകമാണ്. ബീജാദാനത്തിന് ഒന്നു രണ്ടാഴ്ചകളിലും, ഗർഭകാലത്തിന്‍റെ അവസാനത്തെ രണ്ടുമൂന്നു മാസങ്ങളിലും അത്യുഷ്ണം മൂലമുള്ള സമ്മർദം കുറക്കുന്നതിന് ശ്രദ്ധിക്കണം.
• കൃത്രിമ ബീജദാനത്തിന്‍റെ മുന്പും ശേഷവും മാടുകളെ അര മണിക്കൂർ നടത്താതെ തണലിൽതന്നെ കെട്ടിയിടണം. വേനൽച്ചൂട് മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ പല രോഗങ്ങളും ഉണ്ടാകും.
• പേൻ, ചെള്ള്, ഈച്ച എന്നിവ പെരുകുന്നതു ഒഴിവാക്കണം .
• തൊഴുത്തിന്‍റെ മേൽക്കൂരയ്ക്കു മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് തൊഴുത്തിലെ ചൂടുകുറയ്ക്കാൻ സഹായിക്കും. തൊഴുത്തിനു ചുറ്റും കൃഷി, മുകളിൽ പടർന്നു വളരുന്ന പച്ചക്കറി തണൽവൃക്ഷങ്ങളുടെ സാമീപ്യം എന്നിവയും ഗുണം ചെയ്യും. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുന്നതും തൊഴുത്തിൽ ഫാനിടുന്നതും നല്ലതാണ്.
• പകൽ സമയത്ത് അന്തരീക്ഷ താപനില കൂടുതലായതിനാൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ മൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്. മൂന്നിനു ശേഷമുള്ള മേയൽ ആണ് ഉത്തമം. ബാക്കി സമയം തൊഴുത്തിൽ തന്നെയോ നല്ല തണലുള്ള സ്ഥലത്തോ നിർത്തണം. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ കൊടുക്കണം. വേനൽക്കാലത്ത് പശുക്കൾക്ക് ആവശ്യമായ വെള്ളത്തിന്‍റെ അളവിൽ ഒന്നു മുതൽ രണ്ട് മടങ്ങു വരെ വർധിപ്പിക്കണം.
• എരുമകൾക്കു കട്ടിയേറിയ പുറംതൊലി, കറുപ്പു നിറം, വിയർപ്പു ഗ്രന്ഥികളുടെ കുറവ് എന്നീ പ്രത്യേകതകളുള്ളതിനാൽ ചൂടുമൂലമുള്ള സ്ട്രെസ് കുറയ്ക്കാൻ വെള്ളത്തിൽ കുറേനേരം കിടക്കുന്നതും വെള്ളം 3-4 തവണ ദേഹത്തൊഴിക്കുന്നതും നല്ലതാണ്.
• പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയിൽ ഷവറുകൾ അല്ലെങ്കിൽ സ്പ്രിംഗ്ളറുകൾ ഘടിപ്പിക്കുകയും ,ചൂടു കൂടുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ ഇടവേളയിൽ മൂന്നു മിനിറ്റു നേരം വെള്ളം തുറന്നു വിടുകയും ചെയ്യണം .
ഷവർ വെള്ളമൊഴിക്കുന്ന സമയത്ത് പശുക്കളുടെ നെറ്റിയിൽ കാറ്റ് ലഭിക്കുന്ന വിധത്തിൽ ഫാൻ പ്രവർത്തിപ്പിക്കണം .
• തൊഴുത്തിൽ പശുക്കളെ ഇടയ്ക്കിടെ നനക്കുന്നതിനു പകരം തൊഴുത്തിന്‍റെ മേൽക്കൂര നനയ്ക്കുന്നതാണ് നല്ലത്.
• തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. മേൽക്കൂരയ്ക്ക് തറയിൽ നിന്ന് 10 അടി പൊക്കം വേണം.
തൊഴുത്തിൽ ഒരു പശുവിന് 1.7 മീറ്റർ നീളവും 1.2 മീറ്റർ വീതിയും എന്ന രീതിയിൽ സ്ഥലം നൽകണം.
• തൊഴുത്തിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ഉത്തമമാണ്.
• തീറ്റ നൽകുന്പോൾ വൈക്കോൽ രാത്രി കാലങ്ങളിലും, പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും നൽകണം.
• ഊർജം കൂടുതലുള്ള അരി, കഞ്ഞി, ധാന്യങ്ങൾ, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളിൽ ഒഴിവാക്കണം.
• പച്ചപ്പുല്ല് ലഭ്യത കുറവാണെങ്കിൽ മീനെണ്ണ നൽകുന്നതു നല്ലതാണ് . *വൈക്കോൽ സ്വാദിഷ്ഠവും പോഷകസന്പന്നവും എളുപ്പം ദഹിക്കുന്നതുമാക്കാൻ നിശ്ചിത തോതിൽ യൂറിയ ചേർക്കാം .
• വേനൽക്കാലം തുടങ്ങുന്നതിനു മുന്പേ ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവെയ്പുകളും നൽകണം.
• ഖരാഹാരം, പച്ചപ്പുല്ല്, വൈക്കോൽ എന്നിവ കൃത്യമായ അളവിലും രൂപത്തിലും കലർത്തി നൽകുന്ന ടി.എം.ആർ. (ടോട്ടൽ മിക്സഡ് റേഷൻ) തീറ്റ പച്ചപ്പുല്ല് ഇല്ലാത്ത സന്ദർഭത്തിൽ കൊടുത്താൽ പാലുത്പാദനം കുറയില്ല.
• പച്ചപ്പുല്ലിന് ക്ഷാമമുള്ള സമയത്ത് സൈലേജ് ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം 10 കിലോ സൈലേജ് കൊടുക്കാം. പച്ചപ്പുല്ലിനോളം തന്നെ പോഷകഗുണവും, വൈക്കോലിനേക്കാൾ ഗുണമേ·യിൽ ഏറെ മുന്നിലുമാണ് സൈലേജ്. ഇത് കറവയ്ക്ക് ശേഷം നൽകുന്നതാണ് ഉത്തമം. കറവയ്ക്ക് മുന്പ് കൊടുത്താൽ സൈലേജിന്‍റെ പ്രത്യേക ഗന്ധം പാലിലെത്താൻ സാധ്യതയുണ്ട്.
• പച്ചപ്പുല്ലിലുള്ളതിന്‍റെ മൂന്നിരട്ടിയോളം മാംസ്യം അടങ്ങിയ പന്നൽ ചെടിയാണ് അസോള. പച്ചപ്പുല്ലിന്‍റെ ക്ഷാമം മൂലമുള്ള പോഷകക്കുറവ് പരിഹരിക്കാൻ ഇത് ഒരു പരിധിവരെ സഹായിക്കും . ദിവസവും രണ്ടുകിലോ വീതം അസോള കാലിത്തീറ്റയിൽ കലർത്തി നൽകുന്നതിലൂടെ 10 ശതമാനം വരെ തീറ്റച്ചെലവു ലാഭിക്കാം.
• കൂടുതൽ പച്ചപ്പുല്ല് ഉള്ളപ്പോൾ അവ പൂക്കുന്നതിനു മുന്പു മുറിച്ചു രണ്ടുദിവസം സൂര്യപ്രകാശത്തിൽ ഉണക്കി സൂക്ഷിച്ചു വയ്ക്കാം. ഇങ്ങനെ സംസ്കരിച്ച, പച്ചനിറം മാറാത്ത ഉണങ്ങിയ പുല്ല് വേനൽക്കാലത്തു തീറ്റയാക്കാം.
• പച്ചപ്പുല്ല് ലഭ്യമല്ലാത്ത അവസരങ്ങളിൽ ശീമക്കൊന്നയില, പീലിവാകയില തുടങ്ങിയ വൃക്ഷവിളകൾ വെയിലത്ത് വാട്ടിയശേഷം വൈക്കോലിനൊപ്പം നൽകാവുന്നതാണ്.
• അമിതമായ ഉമിനീർ സ്രവം, വായ തുറന്നു ശ്വസിക്കൽ, തളർച്ച, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ, തുടങ്ങി സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണം.
നിർജലീകരണം തടയാം
നിർജലീകരണം തടയുന്നതിനുള്ള ലവണ മിശ്രിതവും ലായനികളും (ഇലക്ട്രോലൈറ്റുകൾ) മാർക്കറ്റിൽ ലഭ്യമാണ്. ഇവ തീറ്റയിലോ വെള്ളത്തിലോ കലർത്തി നൽകാം.
ചൂടിനെ അതിജീവിക്കാൻ
6 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് മണിക്കൂർ ഇടവിട്ട് പകൽ സമയത്ത് കൊടുക്കണം. അല്ലെങ്കിൽ 6 ടീസ്പൂണ്‍ അഞ്ച് കിലോ തീറ്റയിൽ ഇടവിട്ട് നൽകണം.
ഉത്പാദനക്ഷമത കൂട്ടാൻ
2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലോ, 2 ടീസ്പൂണ്‍ അഞ്ച് കിലോഗ്രാം തീറ്റയിലോ 7 മുതൽ 14 ദിവസം വരെ തുടർച്ചയായി നൽകാം.
ഫോണ്‍. 9947452708
ഡോ. എം. ഗംഗാധരൻ നായർ
മുൻ ഡെപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്