കസ്തൂരി വെണ്ടയും മണിത്തക്കാളിയും
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
Wednesday, November 23, 2022 3:07 PM IST
പ്രശസ്ത ജൈവകര്‍ഷകന്‍ ആര്‍. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്‍ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെണ്ടയും ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. ഒപ്പം മുളക്, തക്കാളി, കത്തിരി, പുതിന, വിവിധ ഇനം പയറുകള്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയവയും. തിരുവനന്തപുരം കൊച്ചുള്ളൂരിലെ രജി ഭവനിലെ മട്ടുപ്പാവ് കൃഷി ആര്‍. രവീന്ദ്രന്‍ തന്നെ പരിയചയപ്പെടുത്തുന്നു.

കസ്തൂരി വെണ്ട

ഏറെ ഫലം ലഭിക്കുന്ന ഔഷധസമ്പന്നമായ വെണ്ട ഇനമാണു കസ്തൂരി വെണ്ട. വലിയ പരിചരണമൊന്നുമില്ലാതെ നല്ല കായ്ഫലം ലഭിക്കും. ആയുര്‍വേദ വൈദ്യനില്‍ നിന്നാണ് ഇതിന്റെ വിത്ത് ലഭിച്ചതെന്നു രവീന്ദ്രന്‍ പറഞ്ഞു. വര്‍ഷത്തില്‍ ഒമ്പതു മാസത്തോളം കായ്കള്‍ ലഭിക്കും.

വര്‍ഷം മുഴുവന്‍ വെണ്ടയ്ക്ക ലഭിക്കുന്ന രീതിയിലാണു കൃഷി. അതായത് ഒരു ചെടിയുടെ കാലം കഴിയുമ്പോള്‍ അടുത്തതില്‍ നിന്നു കായ് ലഭിക്കത്തവിധമുള്ള കൃഷി. സാധാരണ വെണ്ടയ്ക്ക യുടെതു പോലെ തന്നെയാണ് ഇതിന്റെയും വിളവെടുപ്പ്. അധികം വിളഞ്ഞാല്‍ സ്വാദ് നഷ്ടപ്പെടും.

കസ്തൂരി വെണ്ടയ്ക്കു നല്ല പ്രതിരോധശേഷിയുണ്ട്. പച്ചക്കറികള്‍ക്കു പൊതുവെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയെ അധികം ബാധിക്കാറില്ല. ചെടിയില്‍ ധാരാളം ശിഖരങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇഷ്ടം പോലെ കായ്ക്കും. സാധാരണ വെണ്ടകൃഷി പോലെ തന്നെയാണ് ഇതും കൃഷി ചെയ്യുന്നത്. ഹൃദയാമൃതും സസ്യാമൃതുമാണ് പ്രധാന വളം.

Albelmoschus moschatus എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കസ്തൂരി വെണ്ടയ്ക്കു muskmellow എന്നതാണ് ഇംഗ്ലീഷ് പേര്. സാധാരണ വെണ്ടകളെക്കാള്‍ ആയുസുള്ള ഇവയ്ക്കു നല്ല മഞ്ഞ നിറമുള്ള പൂക്കളാണുള്ളത്.

സാധാരണ വെണ്ടയ്ക്കായെക്കാള്‍ വലിപ്പം കുറവാണു കായ്കള്‍ക്ക്. ജീവകങ്ങളും, ധാതുക്കളും ധാരാളമുള്ള കസ്തൂരി വെണ്ടയ്ക്കകൊണ്ട് രുചിയേറിയ പല കറികളും ഉണ്ടാക്കാം. മെഴുക്കു പുരട്ടി, സാമ്പാര്‍, തീയല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇത് ഉപയോഗിച്ചുള്ള തീയല്‍ ഏറെ രുചികരമാണ്.

മൂത്രാശയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മലബന്ധം, വായിലെ രോഗങ്ങള്‍, സന്ധിവേദന, രക്തസ്രാവം എന്നിവയ്ക്കും ഗുണകരമത്രേ. കസ്തൂരിവെണ്ടയുടെ ഇല, തണ്ട്, വേര്, വേരിന്റെ തൊലി എന്നിവ ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. കോളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും, കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമത്രേ. ദഹന പ്രക്രിയ സുഗമമാക്കാനും സഹായകമാണ്.

ജൈവവളം

എന്തു കൃഷി ചെയ്താലും ആദ്യം ചെയ്യേണ്ടതു മണ്ണിന്റെ അമ്ലത മാറ്റു കയാണ്. ചെടികള്‍ക്കു മണ്ണില്‍ നിന്നു വളം വലിച്ചെടുക്കാന്‍ ഇത് അത്യാവശ്യമാണ്. കുമ്മായമോ ഡോളോമെറ്റോ ആണ് അതിന് ഉപയോഗിക്കുന്നത്. കക്ക വാങ്ങി നീറ്റിയെടുക്കുന്ന കുമ്മായമാണ് രവീന്ദ്രന്‍ ഉപയോഗിക്കുന്നത്. നനവുള്ള പത്തു കുട്ട മണ്ണില്‍ രണ്ടു കിലോ കുമ്മായം എന്ന കണക്കിലാണു ചേര്‍ക്കേണ്ടത്. ചെടിച്ചട്ടികളിലാണെങ്കില്‍ ഒരു പിടി കുമ്മായം എന്ന അളവില്‍ ചേര്‍ക്കാം.


കുമ്മായം ഇട്ട് ഇരുപത്തിയഞ്ച് ദിവസം കഴിഞ്ഞേ കൃഷി ആരംഭിക്കാവൂ. പിന്നീട് എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, കോഴിക്കാഷ്ഠം, ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ ചേര്‍ക്കാം. അടിവളമായി സസ്യാമൃതവും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.


മൂന്നു ദിവസത്തിലൊരിക്കല്‍ ഹൃദയാമൃതം നല്‍കും. എത്ര ഹൃദയാമൃതം എടുക്കുന്നവോ അതിന്റെ ഇരുപതിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം ഒഴിക്കേണ്ടത്. വെള്ളവും, വളവും ഒന്നിച്ചു നല്കാം. പൂവും കായും വന്നു തുടങ്ങിയാല്‍ കുറച്ചു കൂടുതല്‍ നല്‍കണം.

മണിത്തക്കാളി

വളരെ പണ്ടു മുതല്‍ തന്നെ പറമ്പുകളില്‍ കണ്ടിരുന്ന ചെറുസസ്യമാണു മണിത്തക്കാളി. പഴുത്ത കായ്കള്‍ കുട്ടികള്‍ പറിച്ചു തിന്നാറുണ്ടായിരുന്നെങ്കിലും ഇതിന്റെ അമൂല്യമായ ഗുണങ്ങളെക്കുറിച്ചോ, ഔഷധമൂല്യത്തെക്കുറിച്ചോ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു കാട്ടുചെടിയുടെ വില മാത്രമേ ഇതിനും നല്‍കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നു പഴയ അവസ്ഥയൊക്കെ മാറി. കമ്പോളങ്ങളില്‍ വലിയ വിലയാണ് മണിത്തക്കാളിക്ക്. കൃഷിഭവന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മണിത്തക്കാളിയുടെ വിത്തും ലഭ്യമാണ്.

പഴുക്കുമ്പോള്‍ കടും നീല നിറവും ചുവപ്പ് നിറവുമുള്ള രണ്ടിനം മണിത്തക്കാളികളാണു രവീന്ദ്രന്റെ മട്ടുപ്പാവിലുള്ളത്. ചുവന്ന പഴങ്ങളുള്ള ഇനം അധികം കണ്ടുവരുന്നവയല്ല. മട്ടുപ്പാവില്‍ ചെടിച്ചട്ടികളിലാണ് നട്ടിരിക്കുന്നത്. പറമ്പിലെ മണിത്തക്കാളികളില്‍ നിന്നു ലഭിച്ച വിത്തുകള്‍ പാകി നട്ടിട്ടുള്ളവയാണ് ഇവ. നന്നായി പഴുത്ത മണിത്തക്കാളി മണ്ണില്‍ വിതച്ചും കൃഷി ചെയ്യാം.

സാധാരണ പച്ചക്കറി കൃഷി ചെയ്യുന്നതു പോലെയാണ് ഇതും കൃഷി ചെയ്യേണ്ടത്. ആവശ്യത്തിനു വെള്ളവും ജൈവവളവും വേണമെന്നു മാത്രം. മറ്റു വലിയ പരിചരണങ്ങളൊന്നും ആവശ്യമില്ല. ഇവയ്ക്കു പ്രതിരോധശക്തി പൊതുവേ കൂടുതലാണ്. ഹൃദയാമൃതവും സസ്യാമൃതവുമാണ് പ്രധാനമായും രവീന്ദ്രന്‍ ഉപയോഗിക്കുന്നത്. മഴക്കാലത്ത് ധാരാളം വിത്തുകള്‍ താഴെ വീണു കിളിര്‍ക്കും. വയല്‍ നികത്തിയ സ്ഥലങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ആണ് ഇവ കൂടുതലായും കണ്ടുവരുന്നത്.

ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം

ആരോഗ്യ സംരക്ഷണത്തിലും, രോഗനിയന്ത്രണത്തിലും മണിത്തക്കാളി വഹിക്കുന്ന പങ്ക് പ്രചാരത്തിലായതോടെ മണിതത്തക്കാളി കൃഷിയും, വിപണനവും നല്ല രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. കമ്പോളത്തില്‍ നല്ല വിലയും കിട്ടിത്തുടങ്ങി. സൊളാനം നൈഗ്രം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. നന്നായി പഴുക്കുമ്പോള്‍ മധുരവും അല്പം പുളിരസവും കലര്‍ന്ന മണിത്തക്കാളി വെറുതെ കഴിക്കാം. ഇതു കൂടാതെ രസം വയ്ക്കാനും മറ്റു കറികളിലും ചേര്‍ക്കാം.

സമൂലം ഔഷധസമ്പന്നമാണ് മണിത്തക്കാളി. തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ കൃഷി ചെയ്തുവരുന്നുണ്ട്. പഴുത്ത കായകളും, ഇലകളും പച്ചക്കറിയായും ഉപയോഗിച്ചു വരുന്നു. കായ്കളില്‍ ഫോസ്ഫറസ് കാല്‍സ്യം, ജീവകം എ,ബി, സി, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പഴുത്ത കായ്കള്‍ അള്‍സര്‍, വാതരോഗം ഹൃദ്രോരോഗം, പ്രമേഹം, മഞ്ഞപിത്തം, കാന്‍സര്‍, അണുബാധ, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ ചെറുക്കാനും സഹായകമത്രേ.

വായിലെ അണുബാധകള്‍ അകറ്റാനും കരളിനെ സംരക്ഷിക്കാനും ഉത്തമമാണ്. ഇലകള്‍ കറിവച്ചോ പച്ചയ്‌ക്കോ കഴിക്കുന്നതു വഴി വായിലെ അണുബാധയും വ്രണങ്ങളും തടയാം. ഇതിന്റെ ഇലകള്‍ ശരീരത്തിലെ അമിത ചൂട് നിയന്ത്രിക്കും. നാലോ അഞ്ചോ ഇലകള്‍ പറിച്ച് ചവച്ച് നീരു ഇറക്കുന്നതു വായു പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി കരുതപ്പെടുന്നു. എന്നാല്‍, പച്ചകായ് കഴിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോണ്‍: 9048282885

എസ്. മഞ്ജുളാദേവി