താമരപ്പൂവില്‍ വാഴും ശ്രീവത്സനും ശ്രീദേവിയും
താമരപ്പൂവില്‍ വാഴും ശ്രീവത്സനും ശ്രീദേവിയും
എറണാകുളം ജില്ലയിലെ പാറക്കടവ് പുറയാറ്റില്‍ ശ്രീവല്‍സന്‍- ശ്രീദേവി ദമ്പതികള്‍ താമസിക്കുന്നതു വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കള്‍ക്കിടയിലാണ്. അമ്പതോളം ഇനത്തില്‍പെട്ട താമരകള്‍ നിറഞ്ഞ വീട്ടുമുറ്റം. കാഴ്ചയ്‌ക്കൊപ്പം അവര്‍ക്കിത് വരുമാന മാര്‍ഗവും.

കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായിരുന്ന ശ്രീവല്‍സന്‍ വിപുലമായ രീതിയില്‍ താമരക്കൃഷി തുടങ്ങുന്നത് റിട്ടയര്‍മെന്റിന് ശേഷം 2019 ല്‍. പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമായ അദ്ദേഹം ജാതി, തെങ്ങ്, പച്ചക്കറികള്‍, വാഴകള്‍ തുടങ്ങിയവയും കൃഷിചെയ്തു വരുന്നുണ്ട്. ആദ്യകാലത്ത് കൗതുകത്തിനാണു താമര വളര്‍ത്തി തുടങ്ങിയത്. നൃത്താധ്യാപികയായ ഭാര്യ ശ്രീദേവിയുടെ താത്പര്യപ്രകാരമാണു വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട താമരകള്‍ ശേഖരിച്ചത്.

നാടനെക്കാള്‍ ആക്രഷകത്വം സങ്കരയിനങ്ങള്‍ക്കാണ്. വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ കണ്ട് നിരവധി പേര്‍ തൈകള്‍ ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് തൈകളുടെ ഉത്പാദനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വേണ്ടത്ര വിജയം നേടാനായില്ല. എങ്കിലും പിന്മാറിയില്ല. പരാജയ കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടു നീങ്ങി. ഏറ്റവും കൂടുതല്‍ ഇതളുകളുള്ള ആല്‍ട്ടിമേറ്റ് തൗസന്‍ഡ് പെറ്റല്‍ വിഭാഗത്തിലെ സഹസ്രദള താമരയില്‍ ആരുടെയും കണ്ണുടക്കാതിരിക്കില്ല.

സാധാരണ നാടന്‍ ഇനങ്ങളില്‍ വര്‍ഷക്കാലത്തു പൂക്കള്‍ കൂറവായിരിക്കും. ഈ പൂക്കള്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ വിരിഞ്ഞ് നില്‍ക്കാറുമില്ല. കൂടുതലായും പൂജകള്‍ക്കാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍, സങ്കരയിനം പൂക്കള്‍ക്ക് ഒരാഴ്ചയിലേറെ ആയുസുണ്ട്. ഇവയും പൂജകള്‍ക്ക് ഉപയോഗിക്കും.

താമരവേര് ചില ഭക്ഷണ പദാര്‍ ഥങ്ങളില്‍ വേവിച്ചു ചേര്‍ക്കുന്ന രീതി ചിലഏഷ്യന്‍ രാജ്യങ്ങളിലുണ്ട്. താമരയുടെ കുരുക്കള്‍ക്കും പൂവ്, തണ്ട്, കിഴങ്ങ് തുടങ്ങിയവയ്ക്കും ഔഷധഗുണമുണ്ട്. അന്നജം, പ്രോട്ടീന്‍, ജീവകങ്ങള്‍, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സോഡിയം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായ വേരുകള്‍ ഉപ്പില്ലാതെ വേവിച്ചാണ് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത്.

ഇന്ത്യയുടെയും ഈജിപ്തിന്റേയും ദേശീയ പുഷ്പമായ താമരപ്പൂവിനോട് തോന്നിയ പ്രത്യേക ഇഷ്ടമാണ് ശ്രീവല്‍സനെ ഈ രംഗത്ത് എത്തിച്ചത്. വിദേശത്തു നിന്നു പൂച്ചെടികള്‍ ഇറക്കുമതി ചെയ്യുന്നവരില്‍ നിന്നാണ് വിദേശയിനം താമരകള്‍ സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പ്രത്യേകം തയാറാക്കിയ ചെറിയ ടാങ്കില്‍ പാടത്തെ ചെളിമണ്ണും വെള്ളവും നിറച്ചാണു നട്ടത്.

എന്നാല്‍, ഒന്നോ രണ്ടോ പൂക്കള്‍ പൂക്കള്‍ ഉണ്ടാകും. പിന്നെ ചെടിയും നശിക്കും. ചിലപ്പോള്‍ പൂക്കള്‍ ഉണ്ടാകുന്നതിന് മുമ്പും ചെടി നശിക്കുമായിരുന്നു. മണ്ണിലോ വെള്ളത്തിലോ ഉള്ള കീടങ്ങളുടെ ആക്രമണം കൊണ്ടാണു ചെടികള്‍ നശിക്കുന്നതെന്നു ചിലര്‍ പറഞ്ഞെങ്കിലും രാസവളങ്ങളും കീട നാശിനികളും ഉപയോഗിക്കുന്ന സ്ഥലത്തെ മണ്ണെടുത്ത് താമര നട്ടാല്‍ നശിക്കാന്‍ സാധ്യത കൂടുതലാണെന്ന് നിരന്തരമായ നിരീക്ഷണത്തിലൂടെ ശ്രീവത്സന്‍ കണ്ടെത്തി.

ഇത്തരം മണ്ണ് വേവിച്ചശേഷം ഉപയോഗിച്ചപ്പോള്‍ ചെടി നന്നായി വളരാന്‍ തുടങ്ങി. അതോടെ, സ്വന്തമായി ചിട്ടപ്പെടുത്തിയ ഒരു നടീല്‍ രീതി ശ്രീവല്‍സന്‍ സ്വീകരിച്ചു. ശ്രദ്ധയും പരിചരണവും കൂടുതല്‍ ആവശ്യമുള്ള ഹൈബ്രീഡ് ഇനങ്ങള്‍ക്കാണു കൂടുതല്‍ അഴക്. ചെറിയ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രങ്ങളില്‍ പോലും താമര കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശം ലഭിക്കണമെന്നു മാത്രം.

നടീല്‍ രീതി

വലുപ്പത്തിലും സൗന്ദര്യത്തിലും നിറത്തിലും വ്യത്യാസങ്ങളുള്ള ഹൈബ്രീഡ് തൈകളാണ് നടാനായി ശേഖരിക്കേണ്ടത്. ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൈകള്‍ നാട്ടില്‍ ലഭ്യമാണ്. കേരളത്തിന്റെതായ സങ്കരയിനങ്ങളുമുണ്ട്. നാടന്‍ ഇനങ്ങളെ പരിപാലിക്കുന്നവരും കുറവല്ല.

നാടന്‍ ഇനത്തില്‍പ്പെട്ട ഒരു ചെടിക്ക് വേണ്ടത് 30 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവു മുള്ള പാത്രങ്ങളാണ്. എന്നാല്‍, ഹൈ ബ്രീഡ് ഇനങ്ങള്‍ക്ക് ഇത്രയും വലുപ്പം വേണ്ട. 20 ഇഞ്ച് വ്യാസവും 12 ഇഞ്ച് ആഴവുമുള്ള പാത്രങ്ങളോ ടാങ്കുകളോ മതി. സ്ഥലം കൂടുതലായാല്‍ പൂക്കള്‍ ഉണ്ടാകാന്‍ വൈകും. എന്നാല്‍ കൂടുതല്‍ പൂമൊട്ടുകള്‍ ഉണ്ടാകാന്‍ വലിയ പാത്രങ്ങള്‍ സഹായിക്കുന്നുണ്ട്.

പുതുതായി ഒരുക്കുന്ന താമര പാത്രത്തില്‍ അരിച്ചെടുത്ത കല്‍പ്പൊടി ഉപയോഗിക്കുന്നതാണു കൂടുതല്‍ ഉത്തമം. ഇതുമായി മണ്ണിര കമ്പോസ്റ്റോ ഉണങ്ങിെെടുക്കുന്ന ചാണകപ്പൊടിയോ ചേര്‍ത്ത് യോജിപ്പിച്ചാണു നടീല്‍ മിശ്രിതം തയാറാക്കുന്നത്.


മണ്ണിന്റെ പകുതി അളവില്‍ ചാണകപ്പൊടി ചേര്‍ക്കണം. ഇത് പാത്രത്തില്‍ ഏഴ് ഇഞ്ച് വരെ ഉയരത്തില്‍ നിറച്ചു മണ്ണിനോടൊപ്പം തൈകള്‍ എടുത്ത് പാത്രത്തിന്റെ അരികില്‍ ചെറിയൊരു കുഴിയെടുത്തു നടണം. പിന്നീട് മണ്ണിന് ഇളക്കം തട്ടാത്ത വിധത്തില്‍ വെള്ളം നിറയ്ക്കണം. പാത്രത്തില്‍ മുഗള്‍ ഭാഗത്ത് നിന്ന് ഒരിഞ്ച് മുതല്‍ രണ്ട് ഇഞ്ച് താഴെവരെ വെള്ളമാകാം.

താമരകള്‍ നടുന്ന പാത്രങ്ങള്‍ അണു വിമുക്തമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. അല്ലങ്കില്‍ തൈകള്‍ അഴുകിപ്പോകാനുള്ള സാധ്യ തയുണ്ട്. തൈകള്‍ക്ക് കൂടുതല്‍ വളര്‍ച്ച കിട്ടാനായി ചിലര്‍ പച്ചചാണകം ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് ചെടിയുടെ വളര്‍ച്ച മുരടിപ്പിക്കും. താമര നടുന്നതിന് ഏത് തരത്തിലുള്ള മണ്ണും ഉപയോഗിക്കാം. രോഗകീടബാധകള്‍ ഏറ്റവും കുറവുള്ളത് ചെങ്കല്‍പ്പൊടിയിലാണ്.


ഇപ്പോള്‍ താമരകള്‍ നടാനായി പുതിയൊരു രീതിയും ഇവര്‍ പരീക്ഷിച്ച് വിജയം നേടിയിട്ടുണ്ട്. താമരകള്‍ നടാന്‍ തെരഞ്ഞെടുക്കുന്ന പാത്രത്തില്‍ ആദ്യം ഒരിഞ്ച് കനത്തില്‍ മണ്ണ് നിറച്ച് അതിനുമുകളില്‍ ഒന്നരയിഞ്ച് കനത്തില്‍ ചാണകപ്പൊടി വിരിക്കും. പിന്നീട് നാലിഞ്ച് കനത്തില്‍ കല്‍പ്പൊടി ഇടും. തുടര്‍ന്ന് തൈ നട്ട് വെള്ളം നിറയ്ക്കും. താമരകള്‍ എപ്പോഴും നടീല്‍ പാത്രത്തിന്റെ അരികിലാണു നടേണ്ടത്. എന്നാല്‍ ആമ്പലുകള്‍ നടുവിലാണു നടുന്നത്.

കിഴങ്ങും തൈകളും നട്ടശേഷം വെള്ളം ഒഴിക്കുമ്പോഴും വെള്ളത്തിന്റെ കുറവ് നികത്താനായി വേനല്‍ക്കാലത്തും മറ്റും വെള്ളം കൂട്ടിച്ചേര്‍ക്കുമ്പോഴും മണ്ണ് കലങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. മണ്ണ് കലങ്ങി മറിയുന്നത് താമരച്ചെടിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

നാടന്‍ ഇനങ്ങളില്‍ പത്ത് ഇലകള്‍ വന്നശേഷവും സങ്കരയിനങ്ങളില്‍ അഞ്ച് ഇലകള്‍ വന്നശേഷവും പൂമൊട്ടുകള്‍ ഉണ്ടായിത്തുടങ്ങും. സൂര്യപ്രകാശം കുറഞ്ഞാല്‍ പൂക്കള്‍ കുറയും. വിത്തുകളില്‍ നിന്നു മുളപ്പിച്ചെടുക്കുന്ന തൈകളില്‍ പൂക്കളുണ്ടാകാന്‍ കൂടുതല്‍ സമയമെടുക്കും. ചിലപ്പോള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവരും. ഇന്നു ലഭ്യമായ എല്ലാ ഇനങ്ങളും നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്നവയാണ്.

പരിപാലനം

ഇന്ത്യന്‍, ചൈനീസ്, തായ്‌ലന്‍ഡ്, ജാപ്പനീസ് എന്നീ ഇനങ്ങളാണ് ശ്രീവല്‍സനും ശ്രീദേവിയും സംരക്ഷിക്കുന്നത്. റെഡ് സില്‍ക്ക്, യെല്ലോ പിയോണി, റെഡ് പിയോണി, ഷിരോമന്‍, റാണി റെഡ്, ഗ്രീന്‍ ആപ്പിള്‍, പീകോഫ് പിങ്ക്, റെഡ് കമാന്‍ഡര്‍, ക്യൂന്‍ ഓഫ് ഹാര്‍ട്ട്, ജൂവാബ്, സ്വദേശി പിങ്ക്, ലിറ്റില്‍ റെയിന്‍, എന്‍എന്‍വൈറ്റ് തുടങ്ങി അന്‍പതോളം ഇനങ്ങള്‍. 20 ഇനം ആമ്പലുകളും ഇവര്‍ക്കുണ്ട്.

ആമ്പല്‍ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതു ശ്രീദേവിയാണ്. വര്‍ഷങ്ങളുടെ പരിചരണത്തിനുശേഷം സഹസ്രദളം വിരിഞ്ഞതാണ് തങ്ങളുടെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സന്തോഷമെന്നു ശ്രീദേവി പറഞ്ഞു.

താമരത്തൈകളും കിഴങ്ങും നട്ട് ജലോപരിതലത്തിന് മുകളില്‍ എത്തി പുതിയ ഇലകള്‍ വന്നു തുടങ്ങിയാല്‍ പുഷ്പിക്കാനുള്ള വളര്‍ച്ചയായി. ഈ സമയത്ത് എന്‍പികെ/ഡിഎപി വളം അഞ്ച് ഗ്രാം വീതം ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞു രണ്ട് സ്ഥലത്തായി ചെളിയില്‍ താഴ്ത്തി വയ്ക്കണം. ഇതു ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. വളം കൂടുതലായാല്‍ ചെടി പഴുത്ത് പോകാന്‍ ഇടയുണ്ട്. കളനാശിനികള്‍ രാസകീടനാശിനികള്‍ എണ്ണ, ഉപ്പ്, അമ്ലങ്ങള്‍ എന്നിവ ചേര്‍ന്ന വെള്ളം ഒഴിവാക്കണം.

കീടബാധ പൊതുവേ കുറവാണെങ്കിലും ശലഭവര്‍ഗത്തിലുള്ള പുഴുക്കളാണു പ്രധാന ശല്യക്കാര്‍. ഇവ ഇലകള്‍ പൂര്‍ണമായും തിന്നു നശിപ്പിക്കും.

ദിവസവും രാവിലെ ചെടികള്‍ ഓരോന്നും നിരീക്ഷിച്ച് പുഴുക്കളെ പിടിച്ചു നശിപ്പിക്കുന്ന രീതിയാണ് ശ്രീവല്‍സന്‍ സ്വീകരിച്ചിരിക്കുന്നത്. പായല്‍ വര്‍ഗങ്ങള്‍, ഒച്ച്, തവള, ആമ എന്നിവയും താമരയുടെ ശത്രുക്കളാണ്. ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ശത്രുകീടങ്ങളെയും അവയുടെ മുട്ടകളെയും കണ്ടെത്താന്‍ കഴിയും. അഴുകിയ ഇലകള്‍ മുറിച്ച് കളയണം. വെള്ളത്തില്‍ കൊതുകിന്റെ ലാര്‍വകള്‍ വളരാതിരിക്കാന്‍ ഗിപ്പിയെ വളര്‍ത്താം.

താമരയുടെ വളര്‍ച്ച കുറവാണെങ്കില്‍ ഇലകള്‍ അമിതമായി അഴുകുന്നുണ്ടെങ്കില്‍ വെള്ളം മാറണം. ചിലപ്പോള്‍ റീ പോട്ട് ചെയ്യേണ്ടിവരും. കാലാവസ്ഥ, ചെടിയുടെ ഇനം, സ്ഥലവ്യാപ്തി, സൂര്യപ്രകാശം, മണ്ണ്, ജലം തുടങ്ങിയവയ്ക്കനുസരിച്ചാണു താമരയുടെ വളര്‍ച്ചയും പുഷ്പിക്കലും. സാധാരണനിലയില്‍ തൈകള്‍ നട്ട് മൂന്നു മാസം ആകുന്നതോടെ പുഷ്പിച്ചു തുടങ്ങും.

പുഷ്പിക്കല്‍

നല്ലൊരു ശതമാനം സങ്കര ഇനങ്ങളുടെയും പൂക്കള്‍ക്ക് സ്വയം വിരിയാന്‍ ബുദ്ധിമുട്ടാണ്. സ്വയം വിരിയുന്ന പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസം മാത്രമേ ആയുസുള്ളൂ. വിരിയാറായ മൊട്ടുകള്‍ക്കു നടുവില്‍ ചെറിയൊരു ദ്വാരം കാണും. ഈ സമയം മൊട്ടുകളുടെ പുറമെയുള്ള ബലവത്തായ കുറച്ച് ഇതളുകള്‍ വിടര്‍ത്തി കൊടുത്താല്‍ ബാക്കി സ്വയം വിടര്‍ന്ന് ഒരാഴ്ചയോളം നില്‍ക്കും.

മഴക്കാലത്ത് പൂക്കള്‍ കുറയും. മഴ, മഞ്ഞുകാലങ്ങളില്‍ വളര്‍ച്ചയും കുറവായിരിക്കും. ഈ സമയത്ത് വളപ്രയോഗവും നടത്തേണ്ടതില്ല. കിഴങ്ങുകള്‍ പറിച്ചെടുക്കുകയും ചെയ്യരുത്. നമ്മുടെ കാലാവസ്ഥയില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് നടീലിന് ഉത്തമം.

നൃത്തം പഠിപ്പിക്കുന്ന ശ്രീദേവി ഒഴിവ് സമയം മുഴുവനും താമര, ആമ്പല്‍ പരിചരണത്തിലാണ്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷിചെയ്യുന്ന ഈ കുടുംബിനി ഭര്‍ത്താവിനോടൊപ്പം ഔഷധ സസ്യപരിപാലനത്തിലും പഴവര്‍ഗക്കൃഷിയിലും സജീവമാണ്. താമരപരിപാലനത്തിനെപ്പം വീടിനോട് ചോര്‍ന്ന് ഇലക്ട്രിക്ക് കട നടത്തുകയാണ് ശ്രീവല്‍സന്‍. ഫോണ്‍: 9447819220, 9497443268

നെല്ലി ചെങ്ങമനാട്‌