കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
കൈത: അന്യംനില്‍ക്കുന്ന സംരംഭം, ഔഷധം
Monday, March 29, 2021 3:11 PM IST
ഒരു സംരംഭത്തിന് എല്ലാം തികഞ്ഞ ഒരു സസ്യമാണ് കൈത. നാട്ടിന്‍പുറങ്ങളിലെ ദൈന്യംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്നു ഇത്. കൈതയുടെ എല്ലാ ഭാഗങ്ങളും പല ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ വലിയൊരു വരുമാന മാര്‍ഗവുമായിരുന്നു തഴപ്പായ നെയ്ത്ത്.

ധാരാളം രാസഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന കൈതയുടെ പുഷ്പത്തില്‍ നിന്ന് ഒരു സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുന്നുണ്ട്. ഫലത്തില്‍ നിന്നെടുക്കുന്ന എണ്ണ തലച്ചോറിനെ ബലപ്പെടുത്തുന്നതാണെന്ന് യുനാനി വൈദ്യശാസ്ത്രം അവകാശപ്പെടുന്നു. കൈതോല ശുദ്ധമായ വെള്ളത്തില്‍ അഴുക്കി അതില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നാര് മുറിവു തുന്നിക്കെട്ടാന്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു. കേദാതി തൈലം നിര്‍മിക്കുന്നതിനുള്ള പ്രധാന ഔഷധം കൈത വേരാണ്. ഇല, വേര്, പൂവ്, നാര് എന്നിവയെല്ലാം ഔഷധമായി ഉപയോഗിച്ചിരുന്നു. തലമുടി വളരുന്നതിനായി കൈതവേര് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണ യില്‍ ഒരു ചേരുവയാക്കിയിരുന്നു. ഇത്രയേറെ പ്രാധാന്യമുള്ള ഈ സസ്യത്തെ വേണ്ട പോലെ ഉപയോ ഗിച്ചാല്‍ വളരെയേറെ വാണിജ്യ പ്രാധാന്യമുണ്ടാകും എന്നതില്‍ സംശയമില്ല.

ഇന്നും കേരളത്തില്‍ ചില സ്ഥല ങ്ങളില്‍ തഴപ്പായ നിര്‍മാണം നടക്കുന്നുണ്ട്. വൈക്കം ടിവിപുരം, ഉല്ലല ഭാഗങ്ങളിലും മറ്റു മലയോര പ്രദേശങ്ങളിലും ഇതിന്നുമുണ്ട്. ആലപ്പുഴ അമ്പലപ്പുഴയില്‍ കോമന കറുകപ്പറമ്പ് വീട്ടില്‍ അംബുജം (70) നാല്‍പതു വര്‍ഷമായി തഴപ്പായ നെയ്തു വരുന്നു. അംബുജത്തിന്‍റെ ചുറ്റുവട്ടമുള്ള വീടു കളിലെ സ്ത്രീകളെയും ചേര്‍ത്ത് കൂട്ട മായാണ് പാ നെയ്ത്ത് നടത്തുന്നത്.

തഴപ്പായ നിര്‍മാണത്തില്‍ പ്രയാസമേറിയ ഒരു ജോലി കൈതോല ശേഖരിക്കുന്നതാണ്. കൈതയില്‍ നിന്ന് ഓല മുറിച്ചെടുത്ത് മൂന്നു വശത്തേയും മുള്ളു നീക്കം ചെയ്യുന്നു. ശേഷം നെടുകെ പിളര്‍ന്ന് ഒരേ വീതിയി ലെടുത്ത് ഫിലിം റോളുപോലെ ചുറ്റിക്കെട്ടി ഉണക്കുന്നതാണ് തഴപ്പായ നിര്‍മാണത്തിന്റെ ആദ്യപടി. ഉണങ്ങിയതിനു ശേഷം ഏതു വലിപ്പത്തി ലുള്ള പായാണോ നിര്‍മിക്കേണ്ടത് അതനുസരിച്ച് തഴയുടെ വീതി ക്രമീകരിച്ച് പതം വരുത്തുന്നതിനു വേണ്ടി വെള്ളത്തില്‍ മുക്കിയെടുക്കും. ഇതിനു ശേഷമാണ് വിവിധ തരം തഴപ്പായ നെയ്യുന്നത്. ഉണങ്ങിയ തഴചുറ്റിക്കൊണ്ടുവരുന്നതിന് മടി എന്നു പറയും. പായയുടെ വലിപ്പം സൂചിപ്പിക്കുന്നത് മടി കണക്കാക്കിയാണ്. വീടുകളില്‍ തഴ തയാറാക്കി വച്ചാല്‍ വീട്ടില്‍ വന്ന് പാനെയ്തു തരുന്ന രീതിയും ഉണ്ടായിരുന്നു.

നെല്ലും മറ്റു ധാന്യങ്ങളും ഉണക്കുന്ന പായ്ക്ക് പൊലിപ്പായ, ചിക്കു പായ എന്നൊക്കെയാണ് വിളിപ്പേര്. നെല്‍വിത്ത് കിളിര്‍പ്പിക്കുന്നതിന് വിത്തുവട്ടികളും ഇതുകൊണ്ട് നിര്‍മിക്കും. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പല വലിപ്പമുള്ള വട്ടികള്‍, ഉപയോഗം കഴിഞ്ഞാല്‍ മടക്കി വയ്ക്കാവുന്ന വട്ടികള്‍, കുട്ടികളെ കിടത്താനും കുളിപ്പിക്കാനും ചെറിയ ഇഴകളാല്‍ നിര്‍മിച്ച ഭംഗിയുള്ള പായ്കള്‍ തുടങ്ങി വീട്ടാവശ്യങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത പല സാധനങ്ങളും ഒരുകാലത്ത് കൈത ഓലകൊണ്ടു നിര്‍മിച്ചിരുന്നു. വീട് വൈറ്റ് വാഷ് ചെയ്യുന്ന ബ്രഷുകള്‍, ആനയെക്കൊണ്ട് തടി പിടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വലിയ കയര്‍, വിവിധയിനം അലങ്കാര വസ്തുക്കള്‍ തുടങ്ങി ധാരാളം ഉത്പന്നങ്ങള്‍ നിര്‍മിച്ചിരുന്നു. പാനെ യ്ത്ത് അറിയാവുന്നവര്‍ കുറയുകയും ചുറ്റുവട്ടത്ത് കൈതയുടെ ലഭ്യത ഇല്ലാതാകുകയും ചെയ്തതോടെ പാ നെയ്ത്തും കുറഞ്ഞു. അധ്വാന ത്തിനനുസരിച്ച് ആദായം ലഭിക്കുന്നി ല്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ഈ മേഖലയില്‍ പുതുതായി ആരും വരുന്നില്ലെന്നും അംബുജം പറയുന്നു.

ഇന്ത്യ കൂടാതെ ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കൈത. മഡഗാസ്‌ക്കര്‍ പോലുള്ള രാജ്യങ്ങളില്‍ വ്യത്യസ്തമായ അറുനൂറില്‍പരം ഇനങ്ങളുണ്ട്. കേരളത്തില്‍ ആറുകളുടെയും തോടു കളുടെയും വശങ്ങളില്‍ കൂട്ടമായി കൈത നില്‍ക്കുന്ന കാഴ്ച വളരെ മനോഹരമാണ്. തഴപ്പായ് ധാരാളം ഉപയോഗിച്ചിരുന്ന കാലത്ത് തഴയുടെ ആവശ്യത്തിനായി വേലി കെട്ടിയി രുന്നത് കൈതക്കാലുകള്‍ കൊണ്ടാണ്. ആനകളുടെ ഒരു ഇഷ്ട ആഹാരം കൂടിയായിരുന്നു കൈത .

വളരെയേറെ ഔഷധ ഗുണമുള്ള ഈ സസ്യം പന്‍ഡാനസ് കുടുംബത്തില്‍പെട്ടതാണ്. പന്‍ഡാനസ് ഒഡൊറാറ്റിസിമസ് എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്നു. കൈതപ്പൂവിന്‍റെ വ്യത്യസ്ത മായ മണംകൊണ്ട് ഗന്ധപുഷ്പയെന്നും, നീണ്ട ഇലകള്‍ ആയതു കൊണ്ട് ദീര്‍ഘ പത്ര എന്നും സംസ് കൃതത്തി ല്‍ പേരുകളുണ്ട്. ആറു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതും കുറ്റിച്ചെടിയുടെ സ്വഭാവമുള്ളതുമായ ഈ സസ്യത്തിന്റെ കാണ്ഡം വളരെ മൃദുവാണ്. കാണ്ഡത്തില്‍ ഇല കൊഴിഞ്ഞ പാടുകള്‍ കാണാം. കാണ്ഡത്തിന്റെ ഉള്‍ഭാഗം നിറയെ നാരോടു കൂടിയതാണ്. വീതി കുറഞ്ഞതും അര മുതല്‍ ഒന്നര വരെ മീറ്റര്‍ നീളമുള്ളതുമായ ഇലകളാണ്. കൈതോലയുടെ കുഴിഞ്ഞ മധ്യഭാഗ ത്തും ഇരു പാര്‍ശ്വങ്ങളിലും ചെറിയ മുള്ളുണ്ട്. പൂക്കള്‍ ഏക ലിംഗങ്ങ ളാണ് ഫലം ദീര്‍ഘ വൃത്താകാര ത്തിലുള്ളതും. ഏതാണ്ട് കൈതച്ച യുടെ രൂപം. മഞ്ഞയോ ചുവപ്പോ നിറം.

സുരേഷ്‌കുമാര്‍ കളര്‍കോട്
ഫോണ്‍: 62828 39161, 94474 68077.