നാളികേര വികസനത്തിന് ഒരു പുനര്‍ചിന്തനം
നാളികേര വികസനത്തിന് ഒരു പുനര്‍ചിന്തനം
Tuesday, June 9, 2020 12:18 PM IST
നാളികേര ഉത്പാദനക്ഷമയില്‍ കേരളം ഏറെ പിന്നിലാണ്. എത്ര ശ്രമിച്ചിട്ടും തെങ്ങിന്റെ ഉത്പാദനക്ഷമത കാര്യമായി വര്‍ധിപ്പിക്കാന്‍ കേരളത്തിനായിട്ടില്ല. കേരളത്തില്‍ ഹെക്ടറൊന്നിന് എണ്ണായിരത്തില്‍ താഴെ തേങ്ങ ഉത്പാദിക്കപ്പെടുമ്പോള്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഉത്പാദനക്ഷമത 14,000 ത്തില്‍ അധികമാണ്. കേരളത്തിന്റെ ഉത്പാദനശേഷി കുറക്കുന്ന പ്രധാന ഘടകങ്ങള്‍ മഴയെ മാത്രമാശ്രയിച്ചുള്ള കൃഷിയും കാറ്റുവീഴ്ചയുടെ നീരാളിപ്പിടുത്തവുമാണ്. കാറ്റുവീഴ്ച തേര്‍വാഴ്ച നടത്തുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഉത്പാദനക്ഷമത 5000 ത്തില്‍ താഴെയാണ്. രോഗമില്ലാത്ത തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉത്പാദനക്ഷമത 6,000 ത്തിലധകവും ഇതില്‍ 10,000ത്തോളം നാളികേരം ഹെക്ടറൊന്നിനു ഉത്പാദിപ്പിക്കുന്ന മലപ്പുറം ജില്ല വേറിട്ടു നില്‍ക്കുന്നു. മലപ്പുറം ജില്ലയിലെ ബ്ലോക്കുതല ഉത്പാദനക്ഷമത പരിശോധിക്കുമ്പോള്‍ മങ്കട, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി എന്നീ ബ്ലോക്കുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതായത് ക്ഷമത 10000ത്തിലധികം നാളികേരം. കടലോരപ്രദേശങ്ങളായ പൊന്നാനി, തിരൂര്‍, താനൂര്‍ എന്നീ ബ്‌ളോക്കുകളില്‍ ഉത്പാദനക്ഷമത 9000ത്തിനുടുത്തു മാത്രം. കടലോര പ്രദേശങ്ങളാണ് തെങ്ങുകൃഷിക്കനുയോജ്യം എന്ന നമ്മുടെ ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ഈ കണക്കുകള്‍.

ജലസേചനമില്ലാതെ രാസവളം കാര്യമായി നല്‍കാതെ കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന മലപ്പുറത്തെ തോട്ടങ്ങളില്‍ ഹെക്ടറിന് പതിനായിരത്തിധികം നാളികേരം ഉത്പാദിപ്പിക്കുന്നത് ഒരു അദ്ഭുതപ്രതിഭാസം തന്നെയാണ്. മലപ്പുറത്തുകാരന്റെ തെങ്ങുകൃഷി വികസനത്തിനു കൂടുതല്‍ പിന്‍ബലം നല്‍കിയാല്‍ ഒരു പക്ഷെ ഇന്ത്യയില്‍ ഏറ്റവും ഉത്പാദനശേഷിയുള്ള ജില്ലയാകും മലപ്പുറം. കാസര്‍ഗോഡിന്റെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെ. ജലസേചനമി ല്ലാതെ തെങ്ങുകൃഷിചെയ്യുന്ന സ്ഥലങ്ങളെ വേര്‍തിരിച്ചു കണ്ട് ധനസഹായം നല്‍കേണ്ടിയിരിക്കുന്നു. ബ്ലോക്കടിസ്ഥനത്തില്‍ സൂക്ഷ്മ കാലാവസ്ഥാഘടനയും മണ്ണിന്റെ നിലവാരവും പരീക്ഷിച്ചു നിരീക്ഷിച്ചു വികസന പരിപാടികള്‍ നടത്തുമ്പോഴെ തെങ്ങുകൃഷിയില്‍ മുന്നേറ്റം സംജാതമാകൂ.

ഇതിന്റെ പ്രധാന ഉത്തരവാദിത്വം കേരള കാര്‍ഷിക സര്‍വകലാശാല എറ്റെടുത്തെ മതിയാകൂ. ഈ പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പിനും കാതലായ സംഭാവനകള്‍ നല്‍കാന്‍ കഴിയും. കേന്ദ്രഗവണ്‍മെന്റുസ്ഥാപനമായ സി.പി.സി.ആര്‍.ഐ ഇതില്‍ മുന്നിലുണ്ടാവുമോ എന്നത് കണ്ടുതന്നെ അറിയണം. നാളികേര വികസന ബോര്‍ഡിനെ കേരളസര്‍ക്കാര്‍ ഈയിടെ രൂപം നല്‍കിയ നാളികേര വികസന കൗണ്‍സില്‍ നിന്നും അകറ്റിനിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ഉത്പാദനക്ഷമത കൂടിയ മറ്റുസംസ്ഥാനങ്ങളിലെല്ലാം തന്നെ ജലസേചനാധിഷ്ഠിത കൃഷിരീതിയാണ് അവലംബിച്ചു പോകുന്നത്. അവിടെ രാസവളങ്ങളും ജൈവവളങ്ങളും ധാരാളമായി ഉപയോഗിക്കുന്നു. ജലസേചനം നല്‍കിയാല്‍ തന്നെ ഉത്പാദനക്ഷമത ഇരട്ടിയാകും എന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പക്ഷെ ചോദ്യം ഇതാണ്- ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന കേരളത്തില്‍ ജലസേചനത്തിനു വേണ്ടത്രവെള്ളം എവിടെ? വാതോരാതെ പ്രസ്താവിക്കപ്പെടുന്ന മറ്റൊരു സാങ്കേതിക നിര്‍ദ്ദേശമാണ് ഇടവിളക്കൃഷി. മിക്കവാറും എല്ലാ ഇടവിളകള്‍ക്കും ജലസേചനം അത്യാവശ്യമാണ്. ജലലഭ്യതയുള്ള കൃഷിയിടങ്ങളില്‍ മാത്രമെ ഇടവിളക്കൃഷി വിജയകരമാകൂ.

വെറും കൃഷി എന്നതിലുപരി കേരവ്യവസായാധിഷ്ടിത സംരംഭമായിരിക്കണം തെങ്ങുകൃഷി. റബര്‍ കൃഷിയുടെ വിജയം അത് വ്യവസായാധിഷ്ടിതമായതുകൊണ്ടാണ്. അതിന് ഒരു അടുക്കും ചിട്ടയുമുണ്ട്. കൃഷി വകുപ്പിന്റെ യാതൊരുവിധ ഇടപെടലും റബര്‍കൃഷിയിലില്ല. റബര്‍ ബോര്‍ഡ് വാണിജ്യാമന്ത്രാലയത്തിന്റെ കീഴിലാണ്. ബോര്‍ഡിനു സ്വന്തമായ ഗവേഷണസ്ഥാപനവും വിജ്ഞാനവ്യാപന വിഭാഗവുമുണ്ട്. എന്നാല്‍ നാളികേരവികസന ബോര്‍ഡിന്റെ സ്ഥിതി അതല്ല. ടെക്‌നോളജി മിഷനില്‍ കൂടിയുള്ള ധനസഹായമൊഴിച്ചാല്‍ മറ്റെല്ലാം പരിപാടികളും സംസ്ഥാനകൃഷി വകുപ്പില്‍ കൂടിയാണ് നടപ്പില്‍ വരുത്തുന്നത്. ഈലേഖകന്‍ ചെയര്‍മാനായിരുന്ന കാലത്ത് സ്ഥാപിച്ച നാളികേര ടെക്ക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ല. ഗവേഷണം ഇന്നും ബോര്‍ഡിന്റെ പരിധിക്കു പുറത്താണ്.

നിലവാരമുള്ള തെങ്ങിന്‍തൈകളുടെ അഭാവമാണ് കൃഷിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇന്ന് ആര്‍ക്കും എവിടെയും തെങ്ങിന്‍ തൈ ഉത്പാദിപ്പിച്ചു വിപണനം നടത്താം. കുറ്റ്യാടി തൈകള്‍ എന്ന മിഥ്യ ഇന്നും നിലനില്‍ക്കുന്നു. പഴയ മദിരാശി സംസ്ഥാനത്ത് മലബാറിലെ കുറ്റ്യാടിയില്‍ നിന്നാണ് വിത്തുതേങ്ങ സംഭരിച്ചിരുന്നത്. കുറ്റ്യാടിയേക്കാള്‍ ഗുണനിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിക്കാന്‍ നമുക്കു സാധിക്കും.



കേന്ദ്രീകൃത വിത്തു ശേഖരണവും വിതരണവുമാണ് ഇന്നും കൃഷി വകുപ്പ് അവലംബിക്കുന്നത്. അതാത് സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ തെങ്ങുകളില്‍ നിന്നു വിത്തുശേഖരണം നടത്തി, തൈയുത്പാദിപ്പിക്കുന്ന സമ്പ്രദായമാണ് കരണീയം. തമിഴ്‌നാട്ടിലെ മാതൃക സ്വീകരിക്കാവുന്ന ഒരു ശൈലിയാണ്. വീണ്ടും മലപ്പുറത്തേക്കു പോകാം. മലപ്പുറം ജില്ലയിലേക്കാവശ്യമായ തെങ്ങിന്‍ തൈകള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കട്ടെ. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രോ ഗപ്രതിരോധം കാഴ്ചവയ്ക്കുന്ന തെങ്ങുകളില്‍ നിന്നു വിത്തു ശേഖരിച്ചു തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യേണ്ടതാണ്. ഇവിടുത്തെ തൈകള്‍ മറ്റു ജില്ലകളിലേയ്ക്കയ്ക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ വിത്തുശേഖരവും തൈഉത്പാദനവും തത്കാലം ജില്ലാടിസ്ഥാനത്തിലായിരിക്കണം. നിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിച്ചു സര്‍ട്ടിഫൈഡ് തൈകളാക്കി വില്‍ക്കാനുള്ള ശ്രമം നാളികേരവികസനബോര്‍ഡ് നടത്തുകയുണ്ടായി. സ്വകാര്യ കോളജ് കളെയും ഗവേഷണം നടത്തുന്ന ചില സ്ഥാപനങ്ങളെയും ഇതില്‍ ഭാഗഭാക്കാക്കി. എന്നാല്‍ ഈ സംരംഭം വിജയം കണ്ടില്ല. കാരണം വിത്തുശേഖരണവും ഹൈബ്രിഡ് വിത്തുത്പാദനവും നഴ്‌സറിനടത്തലും ശ്രമകരമായ ജോലിയാണ്. തമിഴ്‌നാട്ടില്‍ ചില കൃഷിക്കാരും സ്വകാര്യസ്ഥാപനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഗുണനിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിക്കുന്നത് നമുക്ക് മാതൃകയാവേണ്ടതാണ്.

കാറ്റുവീഴ്ചയെ നേരിടാന്‍ വര്‍ഷങ്ങളായി നിലനിന്നുവരുന്ന പദ്ധതിയാണ് രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ നടല്‍. ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതില്‍ നിന്നു ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. സമയബന്ധിതമായി രോഗം ബാധിച്ച മുഴുവന്‍ തെങ്ങുകളും ഈ ജില്ലകളില്‍ നിന്നു വെട്ടിമാറ്റി രോഗപ്രതിരോധം കാഴ്ചവയ്ക്കുന്ന രോഗബാധിത പ്രദേശത്തുത്പാദിപ്പിച്ച തൈകള്‍ വച്ചുപിടിപ്പിക്കാന്‍ നമുക്കു സാധിക്കണം. ഇതിനുവേണ്ട ധനസഹായം ഈ ജില്ലകള്‍ക്ക് മാത്രമായി നല്‍കാന്‍ നമുക്കു സാധിക്കണം.

തെങ്ങിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എവിടെ കേന്ദ്രീകരിക്കണം എന്നതില്‍ നമുക്ക് കൃത്യമാബോധമില്ല. സമ്മര്‍ദ്ദത്തിനുവഴങ്ങി കിട്ടുന്ന ധനസഹായം സംസ്ഥാ നം മുഴുവന്‍ വീതിച്ചു നല്‍കാന്‍ നാം നിര്‍ബന്ധിതരാവുന്നു. ഉത്പാദനശേഷിക്കനുസൃതമായി പദ്ധതികള്‍ തയാറാക്കുന്നതില്‍ ഒരു പുനര്‍ചിന്തനം കൂടിയേ തീരൂ. ബ്ലോക്കടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തി പ്രായോഗികമായ പദ്ധതികള്‍ നമുക്ക് രൂപീകരിക്കാന്‍ സാധിക്കണം.

ഉത്പന്നവൈവിധ്യവത്കരണം നാളികേരവ്യവസായത്തിന്റെ കാതലാണ്. നാളികേര വികസനബോര്‍ ഡിന്റെ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, കാര്‍ഷിക സര്‍വകലാശാലയിലെ വിഭവസംസ്‌കരണ ഡിപ്പാര്‍ ട്ട്‌മെന്റും സി.പി.സി.ആര്‍.ഐയും ഇതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. അച്ചാറുകളും ജാമും ജെല്ലിയും ഉണ്ടാക്കുന്നതിനു പകരം കാര്‍ഷികസര്‍വകലാശാല നാളികേര ഉത്പന്നങ്ങളുണ്ടാക്കുന്ന ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. നീരയുടെ അനുഭവം നമുക്കു പാഠമാകണം.

വിവിധ ടെക്‌നോളജികള്‍ നീരയുടെ നിലവാരം പലവിധത്തിലാക്കി. നീര ചെത്തിയെടുക്കാന്‍ ആളില്ലാതായപ്പോള്‍ ഒരു വ്യവസായം തന്നെ തകര്‍ന്നു. കിട്ടുന്ന ധനസഹായങ്ങള്‍ ജില്ലകള്‍ക്ക് ഒരുപോലെ വീതിച്ചു നല്‍കുമ്പോള്‍ ഉദ്ദേശിച്ച ഫലം ലഭ്യമാകുന്നില്ല. നയപരമായ തീരുമാനങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ വിശകലനം ചെയ്തു നടപ്പാക്കാന്‍ പുനര്‍ചിന്തനവും പുതിയ കാഴ്ചപ്പാടും വേണം. ഇതിനുസാധിച്ചാല്‍ മാത്രമേ നാളികേരവികസന കൗണ്‍ സില്‍ കേരകൃഷിക്കാര്‍ക്ക് ഉപയുക്തമാകൂ.

ഡോ. എം. അരവിന്ദാക്ഷന്‍
മുന്‍ ചെയര്‍മാന്‍, നാളികേര വികസനബോര്‍ഡ്‌
ഫോണ്‍: 94467 23578.