വരുമോ കര്‍ഷകര്‍ക്ക് അടിസ്ഥാന വരുമാന ഭദ്രത
Friday, March 8, 2019 3:33 PM IST
അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാരിനേറ്റത്. ഇതേത്തുടര്‍ന്ന് വമ്പന്‍ കര്‍ഷകക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് അനുകൂലമായ പദ്ധതികളുടെ പിന്‍ബലത്തില്‍ തെലുങ്കാനയില്‍ കെ. ചന്ദ്രശേഖരറാവു അധികാരം നിലനിര്‍ത്തിയപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭരണ കക്ഷികള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ അടിയറവു പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കാര്‍ഷിക മേഖല കടന്നു പോകുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി അന്താരാഷ്ട്ര വിപണി നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക വിലത്തകര്‍ച്ച ഇന്ത്യയിലും പ്രതിഫലിച്ചു. ഇരുപതു പൈസയ്ക്ക് വഴുതനങ്ങയും 50 പൈസക്ക് ഉള്ളിയും ഒരു രൂപയ്ക്ക് തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം വില്‍ക്കുന്ന കര്‍ഷകരോട് 2022- ഓടെ നിങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്ന പ്രധാനമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള വാഗ്ദാനമൊന്നും ഇപ്പോള്‍ വിലപ്പോകുന്നില്ല.
അടിക്കടിയുണ്ടാകുന്ന വമ്പന്‍ കര്‍ഷക പ്രക്ഷോഭങ്ങളും ഉയരുന്ന കൃഷിച്ചെലവും പാടെ തകര്‍ന്ന കാര്‍ഷിക വിപണിയുമെല്ലാം സൃഷ്ടിച്ച സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ കാര്‍ഷിക മേഖല. ലോക്‌സഭാ തെരഞ്ഞെടുപ്പു നേരിടാന്‍ കടം എഴുതിത്ത ള്ളലിനപ്പുറമുള്ള നയപരിപാടികള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ ഷകര്‍ക്ക് തെലുങ്കാന മാതൃകയി ല്‍ അടിസ്ഥാന വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കുന്നതാണ് കേന്ദ്രത്തിന്റെ ആലോചനയിലുള്ള പ്രധാനപദ്ധതി.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നതായിരുന്നു ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടര്‍മാര്‍ക്കു നല്‍കിയ പ്രധാന വാഗ്ദാനം. എന്നാല്‍ ഇന്ന് കടം എഴുതിത്തള്ളലിനോട് മോദിക്ക് പഴയ താത്പര്യമില്ല. കര്‍ഷകരുടെ കടം എഴുതിത്തള്ളല്‍ എന്ന രാഷ്ട്രീയ മുദ്രാവാക്യം രാഹുല്‍ഗാന്ധി ഹൈ ജാക്ക് ചെയ്തതാണ് ഒരു കാരണം. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ രാജസ്ഥാന്‍, ഛ ത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ കടം ഉടന്‍ തന്നെ എഴുതിത്തള്ളി. അടുത്തകാലത്ത് കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയ കര്‍ണാടകത്തിലും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ബിജെപി ഭരണത്തിലുള്ള ആ സാം സര്‍ക്കാര്‍ 600 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി.
ഗുജറാത്ത് ഗവണ്‍മെന്റ് വൈ ദ്യുത ബില്ലിലെ 650 കോടി രൂപയുടെ കുടിശിഖ കര്‍ഷകര്‍ക്കായി എഴുതിത്തള്ളി. ഉത്തര്‍ പ്രദേശി ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാ ര്‍ 2017 ല്‍ 36000 കോടി രൂപയും മഹാരാഷ്ട്രയിലെ ദേവേന്ദ്രഫഡ്‌നാവിഡ് ഗവണ്‍മെന്റ് 34,000 കോടി രൂപയുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. തെലുങ്കാന, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ ക്കാരുകളും കുറഞ്ഞ തോതില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു.
മുന്‍നിലപാടിന് വിരുദ്ധമായി കാര്‍ഷിക കടങ്ങള്‍ എഴുതിത്ത ള്ളുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഹാനികരമാണെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് മോശം വായ്പാ സംസ്‌കാരത്തിന് വഴിതെളിക്കും. പ്രാപ്തിയുള്ള കര്‍ഷകര്‍പോലും കടം തിരിച്ചടയ്ക്കാതെയാകും. നീതി ആയോഗന്റെ കണക്കുകള്‍ പ്രകാ രം 10-15 ശതമാനം കര്‍ഷകര്‍ക്കുമാത്രമേ കടം എഴുതിത്തള്ളലിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കടം എഴുതിത്തള്ളല്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കില്ല. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ഇതിന്റെ ബാധ്യത ഏറ്റെടുത്തു കൊള്ളണമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാട്. കേന്ദ്രത്തില്‍ നിന്ന് ഈ ഇനത്തില്‍ സംസ്ഥാനങ്ങള്‍ ഒരു രൂപയുടെ സാമ്പത്തിക സഹായം പോലും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതോടൊപ്പം സ്വകാര്യവ്യക്തികളില്‍ നിന്നു വാങ്ങിയത് ഉള്‍പ്പെടെയുള്ള എല്ലാത്തരം കാര്‍ ഷിക കടങ്ങളും ഒറ്റത്തവണത്തേ്ക്ക് എഴുതിത്തള്ളണമെന്നതാണ് പ്രക്ഷോഭത്തിലുള്ള കര്‍ഷ ക സംഘടനകളുടെ ആവശ്യം. എന്നാല്‍ ഈ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ആവര്‍ത്തിക്കു ന്ന കേന്ദ്ര ഗവണ്‍മെന്റ്, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കോ ര്‍പ്പറേറ്റുകളുടെ 3.16 ലക്ഷം കോ ടി രൂപയാണ് കിട്ടാക്കടം എന്ന പേരില്‍ എഴുതിത്തള്ളിയത്. 'ഹെയര്‍കട്ട്' എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന കടം എ ഴുതിത്തള്ളലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വന്‍കിട കോ ര്‍പ്പറേറ്റുകളാണ്.
11,104 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്ന മോണെറ്റ് ഇസ്പാറ്റ് ആന്‍ഡ് എനര്‍ജി എന്ന കമ്പനിക്ക് കേന്ദ്ര ഗവണ്‍മെന്റ് മൂന്നുമാസം മുമ്പ് മുടിവെട്ട് നടത്തിയപ്പോള്‍ 8857 കോടി രൂപയുടെ കടം എഴുതിത്തള്ളി. 'നി ഷ്‌ക്രിയ ആസ്തി' എന്ന പേരില്‍ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടമാണ് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കേന്ദ്ര ഗവണ്‍ മെന്റ് ഓരോ വര്‍ഷവും എഴുതിത്തള്ളുന്നത്. ഒന്നോ രണ്ടോ തവണ പുനര്‍വായ്പയായി നീട്ടിക്കൊടുക്കുന്ന ഈ കിട്ടാക്കടം ആത്യന്തികമായി എഴുതിത്തള്ളുന്നു. 2018 മേയ് വരെ 10.17 ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടമായി അവശേഷിക്കുന്നത്.
അനില്‍ അംബാനി ഗ്രൂപ്പ് ബാ ങ്കുകള്‍ക്കു നല്‍കാനുള്ള കടം 1,25,000 കോടി രൂപയും വേദാന്തഗ്രൂപ്പ് നല്‍കാനുള്ളത് 1,03,000 കോടി രൂപയുമാണ്. കാര്‍ഷിക കടം എഴുതിത്തള്ളുന്നത് മോശം സാമ്പത്തിക സംസ്‌കാരം എന്ന് വിലപിക്കുന്നവര്‍ മറുഭാഗത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ കോര്‍പ്പറേറ്റ് കടം എഴുതിത്തള്ളുന്നതിനു നേരെ കണ്ണടയ്ക്കുകയാണ്.
സാധാരണ കര്‍ഷകരേക്കാള്‍ കോര്‍പ്പറേറ്റുകളും വന്‍കിടക്കാരുമാണ് കേന്ദ്രഗവണ്‍മെന്റിന്റെ കാ ര്‍ഷിക നയങ്ങളുടെ ഗുണഭോക്താക്കള്‍. കുറഞ്ഞ പലിശയ്ക്കു നല്‍ കുന്ന കാര്‍ഷിക വായ്പകള്‍ വന്‍കിടക്കാര്‍ അടിച്ചു മാറ്റുന്നു. 2016 ല്‍ നല്‍കിയ വായ്പകളില്‍ 58,561 കോടി രൂപ പോയത് 61 വന്‍കിട അക്കൗണ്ടുകളിലേക്കാണെന്ന് ഓഡിറ്റ് കണ്ടെത്തിയിരുന്നു.
വിളനാശത്തില്‍ നിന്നും കര്‍ഷകന് സംരക്ഷണം നല്‍കാന്‍ മോദി അവതരിപ്പിച്ച പതാകവാഹക പദ്ധതിയാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന. ഈ പദ്ധതിയുടെ നേട്ടം കൊയ്തതും റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളാണ്. ബ്ലോക്ക് അടിസ്ഥാനത്തില്‍ വിളനാശം കണക്കാക്കുന്ന ഈ പദ്ധതി പാടെ പാളിപ്പോയി. 2016-17 ല്‍ പദ്ധതി തുടങ്ങിയതിനുശേ ഷം പ്രീമിയം 350 ശതമാനത്തോ ളം ഉയര്‍ത്തി. അതേ സമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം യഥാസമയം നല്‍കാതെയും ന ഷ്ടപരിഹാരത്തുക തീര്‍ത്തും കുറച്ചും പദ്ധതിയില്‍ നിന്നും സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ കോടികളുടെ ലാഭം കൊയ്തു.
സ്വകാര്യ കാര്‍ഷിക ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്ന മാതൃകാ എപിഎംസി നിയമം, മാതൃകാ കരാര്‍ കൃഷി നിയമം, മാതൃകാ പാട്ടക്കൃഷി നിയമം തുട ങ്ങി കാര്‍ഷിക മേഖലയില്‍ നീതി ആയോഗും മോദി സര്‍ക്കാരും നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളെ ല്ലാം വന്‍കിടക്കാരെയാണ് സഹായിച്ചത്.
2016- ല്‍ ഏറെ കൊട്ടിഘോഷി ച്ചു തുടങ്ങിയ ദേശീയ കാര്‍ഷിക വിപണി (ഇ-നാം) അന്തര്‍ സംസ്ഥാന കാര്‍ഷിക വിപണിയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പരിപാടി ഒരു പരിധിവരെ നടപ്പാക്കിയെങ്കിലും സാങ്കേതികമായ പിന്തുടര്‍ച്ചയില്ലാത്തതിനാല്‍ പരാജയപ്പെട്ടു. ജലസേചന മേഖലയിലും പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ല.
2016 നവംബറിലെ നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും കാര്‍ഷിക മേഖല ഇതുവരെ കരകയറിയിട്ടില്ല. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ നോക്കുകുത്തികളായി. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ കേന്ദ്ര കൃഷി വകുപ്പ് 14 റിപ്പോര്‍ട്ടുള്‍ പ്രസിദ്ധീകരിച്ചു. കര്‍ഷകരെ ഒഴിവാക്കി ശീതീകരിച്ച മുറികളില്‍ ഇരുന്ന് വിദഗ്ധര്‍ ചര്‍ച്ച നടത്തി കോടികള്‍ പൊടിച്ചതല്ലാതെ ഒരു പുരോഗതിയും ഉണ്ടായില്ല. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു ലഭിച്ചിരുന്ന വില 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് 2018 ല്‍ ഇടിഞ്ഞതാണ് ഈ വിദഗ്ധരുടെ ചര്‍ച്ചകൊണ്ടുണ്ടായ ഏക പ്ര യോജനം.
അതേസമയം കേരളത്തിലെ മഹാപ്രളയവും മറ്റു സംസ്ഥാനങ്ങളിലെ കഠിനമായ വരള്‍ച്ചയും മൂലം തകര്‍ന്ന കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കാര്യമായ പാക്കേജൊന്നും പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല.
കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവും അതിന്റെ 50 ശതമാനവും കുടിച്ചേരുന്ന തുക താങ്ങുവിലയായി നല്‍കണമെന്നത് ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷ ന്റെ പ്രധാന ശിപാര്‍ശകളില്‍ ഒന്നായിരുന്നു. ഇത് നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിച്ചില്ല. 23-ഓളം വിളകള്‍ക്കാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ താങ്ങുവില. കാര്യമായ സംഭരണം നടക്കുന്നത് നെല്ല്, ഗോതമ്പ് എന്നീ വിളകളില്‍ മാത്രം. രാജ്യത്തെ ആറുശതമാനം കര്‍ഷകര്‍ മാത്രമാണ് താങ്ങുവിലയ്ക്ക് ഉത്പന്നം വി ല്‍ക്കുന്നത്. താങ്ങുവില പ്രഖ്യാപിച്ച മിക്ക വിളകളിലും ഉത്പാദനച്ചെലവിന്റെ 40-50 ശതമാനം താഴെ മാത്രമാണ് വിപണിവില. യുപിഎ ഭരണകാലത്ത് 2009നും 2013 നും ഇടയില്‍ താങ്ങുവിലയില്‍ 19.30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ എന്‍ഡിഎ ഭരണകാലത്ത് 2014 നും 2017 നും ഇടയില്‍ ഇത് കേവലം 3.6 ശതമാനം മത്രമായിരുന്നു. അടുത്തകാലത്ത് ഉള്ളി, തക്കാളി, കരിമ്പ്, പരുത്തി, ഉരുളക്കിഴങ്ങ്, വഴുതന, മറ്റ് പച്ചക്കറി വിളകള്‍, ഇഞ്ചി തുടങ്ങിയവയുടെ വില കുത്തനെ ഇടിഞ്ഞു.
നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കൊന്നും കര്‍ഷക രോഷം ശമിപ്പിക്കാനായിട്ടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനത്തിന് കേന്ദ്ര ഗവണ്‍മെന്റ് തയാറെടുക്കുന്നത്. ഒരു നിശ്ചിത തുക ഉപാധികളൊന്നുമില്ലാതെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് ഈ പദ്ധതി. ഭരണവിരുദ്ധ വികാരം മറികടന്ന് വീണ്ടും അധികാരത്തില്‍ എത്താന്‍ തെലുങ്കാനയില്‍ കെ. ചന്ദ്രശേഖര റാ വുവിനെ സഹായിച്ചത് കാര്‍ഷിക കടം എഴുതിത്തള്ളലിനൊപ്പം ഇത്തരമൊരു പദ്ധതി കൂടി നടപ്പാക്കിയതാണ്.
തെലുങ്കാനയില്‍ കര്‍ഷകര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിന് ടിആര്‍എസ് നടപ്പാക്കിയ പദ്ധതിയാണ് റെയ്ത്തുബന്ധു അഥവാ കര്‍ഷക മിത്രം പരിപാടി. പദ്ധതിപ്രകാരം ഓരോ കര്‍ഷകനും ഒരു സീസണില്‍ ഏക്കറിന് 4000 രുപ നിരക്കില്‍ അക്കൗണ്ടില്‍ നല്‍കും. ഒരേക്കറില്‍ കുറവുള്ള കര്‍ഷകര്‍ക്ക് കൃഷി ഭൂമിയുടെ വിസ്തൃതിക്ക് ആനുപാതികമായ തുക നല്‍കും. കൈവശഭൂമിക്ക് പട്ടയമുള്ള കര്‍ഷകര്‍ക്കാണ് ഈ തുക നല്‍കുന്നത്. കര്‍ഷകര്‍ക്ക് തുക യഥേഷ്ടം ചെലവഴിക്കാമെങ്കിലും 78 ശതമാനം കര്‍ഷകരും തുക കൃഷി ആവശ്യങ്ങള്‍ക്കായിട്ടാണ് ചെലവഴിച്ചതെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്.
തെലുങ്കാനയിലെ 58 ലക്ഷം കര്‍ഷകര്‍ക്ക് റെയ്ത്തു ബന്ധു പദ്ധതിയുടെ മെച്ചം ലഭിച്ചു. കൃഷി ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന കര്‍ഷകര്‍ പദ്ധതിയില്‍ പങ്കാളികളായി. ഇതിനു പുറമെ അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷ്വ റന്‍സ് പരിരക്ഷ കര്‍ഷകര്‍ക്കു നല്‍കുന്ന റെയ്ത്തു ബീമാ എന്ന കര്‍ഷക ക്ഷേമ പദ്ധതിയും തെലുങ്കാന സര്‍ക്കാര്‍ നടപ്പാക്കി. ഓരോ കര്‍ഷകനും നല്‍കേണ്ട വാര്‍ഷിക പ്രീമിയം 2272 രൂപ തെലുങ്കാന സര്‍ക്കാര്‍ തന്നെ അടയ്ക്കും.
റെയ്ത്തു ബന്ധുവിന്റെ മാതൃകയില്‍ കര്‍ഷകര്‍ക്കായി 'കലിയ' എന്ന പേരില്‍ അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന ഒരു പദ്ധതി ഒഡീഷ സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കു വേണ്ടിയാണ് പദ്ധതി. ഒരു സീസണില്‍ ഒരേക്കറിന് 5000 രൂപ നിരക്കില്‍ ഒരു വര്‍ഷം പരമാവധി 10000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍നല്‍കും. പാട്ടക്കൃഷി, പങ്കാളിത്ത കൃഷി എന്നിവ നടത്തു ന്നവര്‍ക്കും ചെറുകിട കര്‍ഷക സംരംഭകര്‍ക്കും പ്രതിവര്‍ഷം 12,500 രൂപ അക്കൗണ്ടില്‍ നല്‍കും. ഝാര്‍ഖണ്ഡ് സര്‍ക്കാരും കര്‍ഷകരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 10,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ 2106 കോടി ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്ക് തെലുങ്കാന മാതൃകയില്‍ അവരുടെ അക്കൗണ്ടിലേക്ക് ഒരു നിശ്ചിതതുക അടിസ്ഥാന വരുമാനമായി നിക്ഷേപിക്കാനാവുമോ എന്ന പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍. നിരുപാധികം നിക്ഷേപിക്കുന്ന ഈ തുക കടം എഴുതിത്തള്ളലിനേക്കാള്‍ വ്യാപകമായി കര്‍ഷകരില്‍ എത്തും. കൂടുതല്‍ സ്വീകാര്യതയും ഉണ്ടാ കും. ഇതോടൊപ്പം ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് ഒന്നോ രണ്ടോ ലക്ഷം രുപ പലിശ രഹിത വായ്പയായും അനുവദിക്കും. തെലുങ്കാന-പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളുടെ മാതൃകയില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ അംഗങ്ങളാകുന്ന കര്‍ഷകരുടെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കുന്ന കാര്യവും കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ട്. കടം എഴുതിത്തള്ളല്‍, താങ്ങുവില ഉയര്‍ത്തല്‍, അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍, പലിശരഹിത കാര്‍ഷിക വായ്പ, ഇന്‍ഷ്വ റന്‍സ്പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നത് എന്നിങ്ങനെ വിവിധ നയപരിപാടികളാണ് കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.
കര്‍ഷകര്‍ക്ക് ഒരു നിശ്ചിത തുക അടിസ്ഥാന വരുമാനമായി ഉപാധികളില്ലാതെ നല്‍കുന്നത് സ്വാഗതാര്‍ഹമായ നടിപടിയാണ്. നാണ്യവിളകള്‍ക്കും തോട്ടവിളകള്‍ക്കും മറ്റു വിളകളെക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. എന്നാല്‍ ഇതോടൊപ്പം കടം എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള നയപരിപാടികള്‍ കൂടി നടപ്പാക്കിയാലെ കാര്‍ഷിക പ്രതിസന്ധിക്ക് ശമനമുണ്ടാവൂ.

ഡോ.ജോസ് ജോസഫ്
ഫോണ്‍: 93871 00119