കാർ വിപണിയിൽ പഞ്ചിന്റെ കരുത്തിൽ ടാറ്റായുടെ മുന്നേറ്റം
Saturday, May 11, 2024 2:07 PM IST
കാർ വിപണിയിൽ ടാറ്റാ തങ്ങളുടെ നില മെച്ചപ്പെടുത്തി മുന്നേറുന്നതായുള്ള ശുഭ സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഹ്യുണ്ടായുമായി വെറും രണ്ടു ശതമാനത്തിന്റെ വ്യത്യാസത്തിലാണ് ടാറ്റായ്ക്ക് വിപണയിലെ രണ്ടാം സ്ഥാനം നഷ്ടമായത്.
എന്നാൽ ഏപ്രിലിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡൽ ടാറ്റാ പഞ്ച് ആണെന്ന വാർത്ത ടാറ്റായുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാർച്ചിലും വിണിയിലെ ഒന്നാം സ്ഥാനം പഞ്ചിനായിരുന്നു. മാർച്ചിൽ 17,547 പഞ്ചുകളാണ് ടാറ്റാ വിറ്റഴിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ 19,412 യൂണിറ്റുകളോടെ ഒന്നാം സ്ഥാനത്തു വിലസിയിരുന്ന വാഗൺ ആറിനെ പിന്തള്ളിയാണ് ടാറ്റായുടെ പഞ്ച് കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള കാറായി മാറിയത്.
നേരത്തെ മാരുതിയുടെ മോഡലുകളാണ് വിപണിയിൽ വിലസിയിരുന്നത്. ഏറ്റവും കൂടുതൽ വില്പനയുള്ള മോഡലുകളായി വാഗൺ ആറും ഓൾട്ടോയും ഒക്കെയാണ് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പക്ഷേ ഇത്തവണ ഈ മോഡലുകളെയെല്ലാം പഞ്ച് കടത്തിവെട്ടി.
കഴിഞ്ഞ ഏപ്രിലിൽ 19,158 യൂണിറ്റ് ടാറ്റാ പഞ്ചാണ് വിറ്റഴിക്കപ്പെട്ടത്. 2023 ഏപ്രിലിൽ പഞ്ച് വിറ്റതിന്റെ ഇരട്ടിയോളമായി വിൽപ്പന ഉയർത്താൻ ടാറ്റായ്ക്ക് കഴിഞ്ഞു. 2023 ഏപ്രിലിൽ പഞ്ചിന്റെ വിൽപ്പന 10,934 യൂണിറ്റ് മാത്രമായിരുന്നു. 75 ശതമാനത്തോളം വിൽപ്പനക്കുതിപ്പാണ് ഈ വർഷം പഞ്ച് നേടിയത്.
രണ്ടാം സ്ഥാനം മാരുതി വാഗൺ ആറിനാണ് 17,850 യൂണിറ്റുകൾ. പക്ഷേ മുൻവർഷം ഏപ്രിലിനെ അപേക്ഷിച്ച് വാഗൺആറിന് വിൽപ്പനയിൽ പതിനഞ്ചു ശതമാനത്തോളം കുറവാണുണ്ടായത്. 2023 ഏപ്രിൽ വാഗൺ ആർ 20,879 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.
മൂന്നാം സ്ഥാനത്ത് മാരുതിയുടെതന്നെ ബ്രസയാണ്. 17,113 യൂണിറ്റുകൾ. മുൻവർഷം 11, 836 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. നാലാം സ്ഥാനത്തുള്ള മാരുതി ഡിസയർ 15,825 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻവർഷം ഇത് 10,132 യൂണിറ്റുകളായിരുന്നു. 56 ശതമാനം വളർച്ച.
അഞ്ചാം സ്ഥാനത്ത് ഹ്യുണ്ടായ് ക്രെറ്റയാണ്. 15,447 യൂണിറ്റുകൾ വിറ്റഴിച്ചു. ആറാം സ്ഥാനത്ത് മഹീന്ദ്ര സ്കോർപിയോ ആണ്. 14,807 യൂണിറ്റുകൾ. ഏഴാം സ്ഥാനത്തുള്ള മാരുതി ഫ്രോങ്ക് 14,286 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
എട്ടാം സ്ഥാനത്തുള്ള മാരുതി ബോലീനോ 14,049 യൂണിറ്റുകളും ഒന്പതാം സ്ഥാനത്തുള്ള മാരുതി ഏർട്ടിഗ 13,544 യൂണിറ്റുകളും പത്താം സ്ഥാനത്തുള്ള മാരുതി ഈക്കോ 12,060 യൂണിറ്റുകളുമാണ് കഴിഞ്ഞ ഏപ്രിലിൽ വിറ്റഴിച്ചത്.