മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
Friday, May 10, 2024 2:55 PM IST
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ നാലാം തലമുറ വാഹനമാണു മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ആറു വേരിയന്റുകളിലായി വിപണിയിലിറക്കിയ പുതിയ സ്വിഫ്റ്റിന്റെ, ഡിസൈനിലും ഇന്റീരിയറിലും സുരക്ഷ ഉൾപ്പെടെയുള്ള മറ്റു ഫീച്ചറുകളിലും വലിയ മാറ്റങ്ങളുണ്ട്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം വരെയാണു വാഹനത്തിന്റെ എക്സ്ഷോറൂം വില. 25.75 കിലോമീറ്റർ മൈലേജ് പുതിയ മോഡലിനു കന്പനി അവകാശപ്പെടുന്നു.
എൽ ഷേപ്പ് ഡിആർഎൽ, പ്രൊജക്ഷൻ ലൈറ്റും ഇൻഡിക്കേറ്ററുമടങ്ങിയ പുതിയ ഹെഡ്ലാന്പ് ക്ലസ്റ്റർ, എൽഇഡി ഫോഗ് ലാന്പ്, ബോണറ്റിലേക്കു മാറിയ ലോഗോ എന്നിവയാണു രൂപത്തിൽ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങൾ.
വയർലെസ് ചാർജർ, വയർലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും നൽകിയിട്ടുണ്ട്.
ഇസഡ് സീരീസ് 1.2 ലിറ്റർ പെട്രോൾ എൻജിനാണു പുതിയ സ്വിഫ്റ്റിൽ നൽകിയിട്ടുള്ളത്. നിരവധി മോണോ ടോണ്‍ നിറങ്ങൾക്കൊപ്പം രണ്ടു ഡ്യുവൽ ടോണ്‍ നിറങ്ങളിലും വാഹനം വാങ്ങാം. ഗുജറാത്തിലെ പ്ലാന്റിലാണു പുതിയ സ്വിഫ്റ്റിന്റെ നിർമാണം.