കാർ വിപണിയിൽ കടുത്ത പോരാട്ടം
Monday, May 6, 2024 12:50 PM IST
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്ഥിതി വ്യത്യസ്തമല്ല. എതിരാളികൾക്കൊന്നും അടുത്തെത്താനാവാത്ത തരത്തിലാണ് മാരുതിയുടെ വില്പന.
എന്നാൽ ഏപ്രിലിൽ അവർ ഉദ്ദേശിച്ച വിൽപ്ന ലക്ഷ്യം നേടാനായില്ല എന്നതാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാകുന്നത്. ഇതേത്തുടർന്ന് മാരുതിയുടെ ഷെയറിന് വിപണിയിൽ രണ്ടു ശതമാനത്തോളം ഇടിവുമുണ്ടായി.
വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും വിപണി യുടെ 40 ശതമാനവും ഇപ്പോഴും കൈയാളുന്നത് മാരുതിതന്നെയാണ്. രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റായും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എങ്കിലും ഇത്തവണ ഹ്യുണ്ടായ്ക്കുതന്നെയാണ് രണ്ടാം സ്ഥാനം.
മാരുതി സുസൂക്കി ഏപ്രിലിൽ 1,68,069 കാറുകളാണ് ആകെ വിറ്റഴിച്ചത്. ഇതിൽ കയറ്റുമതിയും പെടും. 2024 മാർച്ചിൽ മാരുതി കയറ്റുമതി ഉൾപ്പെടെ 1,87,196 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 1,37,952 കാറുകളാണ് മാരുതി ഏപ്രിലിൽ വിറ്റത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ അവർ 1,37,320 കാറുകൾ വിറ്റഴിച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുന്പോൾ വില്പനയുടെ വളർച്ചാനിരക്ക് വളരെ കുറഞ്ഞതിനാലാണ് ഷെയറിൽ നേരിയ ഇടിവുണ്ടായത്. എന്നാൽ 2022-23ൽ 19,66,164 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് കഴിഞ്ഞ സാന്പത്തിക വർഷം 21,35,323 യൂണിറ്റുകൾ വിറ്റ് വന്പൻ നേട്ടം കൊയ്തിരുന്നു.
വില്പനയിൽ കന്പനിക്ക് ഇത്തവണയും കുതിപ്പ് നൽകിയത് യൂട്ടിലിറ്റി വിഭാഗത്തിൽപ്പെട്ട ബ്രെസ, ഏർട്ടിഗ, എസ് എഎൽ 6 എന്നിവയായിരുന്നുവെങ്കിൽ കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് വാഗൺ ആർ, സ്വിഫ്റ്റ്, ബൊലിനോ എന്നിവയുടെ വില്പനയിൽ നേരിയ ഇടിവുണ്ടായി.
ഹ്യുണ്ടായ് മോട്ടേഴ്സാണ് കഴിഞ്ഞ മാസം വില്പനയിൽ രണ്ടാം സ്ഥാനത്തുള്ളത്. 50,201 വാഹനങ്ങൾ അവർ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 49,701 ആയിരുന്നു. ഹ്യുണ്ടായിയുടെ വില്പനയിൽ എഴുപതു ശതമാനത്തോളവും എസ്യുവി വില്പനയിൽനിന്നുതന്നെ. ക്രെറ്റ, എക്സ്റ്റർ, വെന്യു എന്നിവയാണ് വില്പനയിലെ മുന്പൻമാർ.
വില്പനക്കണക്കിൽ ഹ്യുണ്ടായിയുടെ തൊട്ടു പിന്നാലെ ടാറ്റാ മോട്ടേഴ്സ് ഉണ്ട്. ഏപ്രിലിൽ അവർ 47, 983 കാറുകൾ അവർ വിറ്റു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 47,107 ആയിരുന്നു. ഹ്യുണ്ടായിയുമായി വില്പന കണക്കിൽ വെറും രണ്ടു ശതമാനത്തിന്റെ വ്യത്യാസം.
തൊട്ടുപിന്നാലെയുള്ളത് മഹീന്ദ്രയാണ്. ഏപ്രിലിൽ അവർ 41,108 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ഏപ്രിലിൽ ഇത് 34,694 ആയിരുന്നു. 18 ശതമാനത്തോളം വർധന. മുൻവർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കന്പനികളിലൊന്ന്് മഹീന്ദ്രതന്നെ. ടൊയോട്ട ഏപ്രിലിൽ 20,494 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
മുൻ വർഷം ഇത് 15, 510 യൂണിറ്റുകൾ ആയിരുന്നു. 32 ശതമാനത്തോളം വർധന. ടോയോട്ടയുടെ പുതിയ ഇന്നോവ ഹൈബ്രിഡ് മോഡലും ഹൈറൈഡറുമൊക്കെയാണ് അവർക്ക് ഇത്രവലിയൊരു കുതിപ്പ് നൽകിയത്.
ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലും ഇന്ത്യയിൽ വൻ കുതിപ്പാണുള്ളത്. 2023-24 സാന്പത്തിക വർഷത്തിൽ 9,10,930 ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്ത് വിറ്റുപോയത്. മുൻ സാന്പത്തിക വർഷം ഇത് 6,82,937 യൂണിറ്റുകളായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിലേറെ വർധന. ഇരുചക്ര വാഹന വിപണിയിലെ മുന്പൻമാർ ഒല ആണ്. 2023-24 സാന്പത്തിക വർഷം മൂന്നു ലക്ഷത്തോളം യൂണിറ്റുകളാണ് അവർ വിറ്റഴിച്ചത്.
മുൻ സാന്പത്തിക വർഷം അവരുടെ വില്പന ഒന്നര ലക്ഷം യൂണിറ്റുകളോളമായിരുന്നു. ടിവിഎസ്, ഹീറോ, ബജാജ്, ഏഥർ എന്നിവയ്ക്കും വിപണിയിൽ കാര്യമായ സ്വാധീനമുണ്ട്.