വെംബ്ലിയിൽ വിളവെടുപ്പിനു പാകമായി 28 ഏക്കറിലെ അബിയു പഴങ്ങൾ
Wednesday, November 27, 2024 5:01 PM IST
പരമ്പരാഗത റബർ കൃഷിയിൽനിന്ന് മാറി മികച്ച വരുമാനവും ഒപ്പം നല്ല വിളവും തരുന്ന ഫലവൃക്ഷ കൃഷിയിലേക്ക് മാറുകയാണ് മലയോര മേഖല. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിൽ 28 ഏക്കറിൽ നട്ട് പരിപാലിക്കുന്ന അബിയു പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചു.
തെക്കേ അമേരിക്കൻ ഉഷ്ണമേഖല പ്രദേശത്ത് കൃഷി ചെയ്തു വരുന്ന അബിയുയെന്ന വിദേശ ഫലവൃക്ഷം കേരളത്തിൽ 100 ശതമാനം വിളവാണ് നൽകുന്നത്. റബർ മരങ്ങൾ വെട്ടിമാറ്റിയാണ് കൂട്ടിക്കല്‍ തേന്‍പുഴ പൊട്ടംങ്കുളം ബോബി ടോംമിന്റെ നേതൃത്വത്തിൽ കുടുംബ സ്വത്തായ ഭൂമിയില്‍ സഹോദരിയും കുടുംബക്കാരും ചേര്‍ന്ന് അബിയു കൃഷി ആരംഭിച്ചിരിക്കുന്നത്.
റബര്‍ കൃഷിയിനിന്ന് ആദായം ലഭിക്കണമെങ്കില്‍ പത്തു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നു. എന്നാല്‍, അബിയു മരങ്ങളിൽനിന്ന് ഒന്നാം വർഷം വിളവ് ലഭിച്ചു തുടങ്ങും. രണ്ടാം വർഷമാകുമ്പോൾ ഇത് ഇരട്ടിയാകും. ഇവിടെ 28 ഏക്കറില്‍ 7,000 ഓളം മരങ്ങളാണ് നട്ടു പരിപാലിക്കുന്നത്. ഇതിൽ 5,000 മരങ്ങളിൽനിന്ന് പഴങ്ങൾ ലഭിച്ചു തുടങ്ങി.
വിളവെടുപ്പ് ആരംഭിച്ചതോടെ ഇതിന് ആവശ്യക്കാർ ഏറെയാണ്. ബംഗളൂരുവിലേക്ക് ഇവിടെനിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലും വെംബ്ലിയിലെ തോട്ടത്തില്‍നിന്നു കയറ്റി അയക്കുന്നു. നാട്ടുകാര്‍ക്കായി തോട്ടത്തില്‍ വച്ചുതന്നെ കുറഞ്ഞ നിരക്കിലും വില്‍പ്പന നടത്തുന്നു.
ഒരു ദിവസം 20,000 രൂപ മുതൽ 30,000 രൂപയുടെ പഴങ്ങളാണ് വിൽപ്പന നടത്തുന്നത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വിളവെടുപ്പ് മാർച്ച്, ഏപ്രിൽ മാസം വരെ തുടരും. ഔഷധഗുണം ഏറെയുള്ള ഈ പഴത്തിൽ നിരവധി വിറ്റാമിനുകൾക്ക് പുറമെ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
കൂടാതെ മറ്റ് ഫലവൃക്ഷങ്ങളായ റംബുട്ടാൻ, അച്ചാച്ചെറ, അവക്കാടൊ എന്നീ ഫലകൃഷിയും ഇതിനോടൊപ്പമുണ്ട്. വർഷങ്ങളായി തുടരുന്ന റബറിന്റെ കനത്ത വിലയിടിവ് ഫലവൃക്ഷങ്ങൾ അടക്കമുള്ള പുത്തൻ കാർഷിക മേഖലയിലേക്ക് കടന്നു ചെല്ലാൻ കർഷകരെ പ്രേരിപ്പിക്കുകയാണ്.