കറിവേപ്പില മുതൽ ഗാഗ് ഫ്രൂട്ട് വരെ, കൃഷിയിൽ ജേക്കബ് അച്ചൻ ഹാപ്പി
Friday, August 30, 2024 11:42 AM IST
പ്രകൃതിയെ ആഴത്തിൽ അറിയുന്നവർക്കു മാത്രമേ മണ്ണിൽ പൊന്നു വിളയിക്കാൻ കഴിയൂ. പൂർവികർ കൈമാറിയ അനുഭവ സന്പത്തുമായി മണ്ണിലേക്കിറങ്ങിയ ഒരു വൈദികനുണ്ട് പത്തനംതിട്ട ജില്ലയിലെ പുല്ലാട് ഗ്രാമത്തിൽ.
മാർത്തോമ്മാ സഭാ ശുശ്രൂഷയിൽ നിന്നു വിരമിച്ച റവ. ജേക്കബ് മാത്യുവാണ് ഏറെക്കാലമായി മണ്ണിൽ പൊന്നു വിളയിക്കുന്നത്. 20 സെന്റിലെ സമ്മിശ്ര കൃഷി പുല്ലാട് വലിയപറന്പിൽ വീടിന്റെ അങ്കണത്തെ പച്ചപ്പ് അണിയിക്കുന്നു.
കറിവേപ്പില മുതൽ വിദേശിയായ ഗാഗ് ഫ്രൂട്ട് വരെ ജേക്കബ് മാത്യു അച്ചന്റെ ഏദൻ തോട്ടത്തിലുണ്ട്. പുരയിടത്തിനു പുറമെ വീടിന്റെ ടെറസിലും വീട്ടിലേക്കാവശ്യമായ വേണ്ടിടത്തോളം പച്ചക്കറികൾ വിളയിച്ചെടുക്കുന്നു.
കൃഷിയിടത്തെ കരുതലോടെ കാത്തു സ്നേഹിക്കുന്ന ഈ വൈദികൻ പുതിയ തലമുറയ്ക്ക് ഒരു കൃഷിപാഠമാണ്. അധ്വാനിച്ച് ജീവിക്കുക, വേണ്ടിടത്തോളം വിഭവങ്ങൾ സ്വന്തമായി വിളയിച്ചെടുക്കുക, വിഷലിപ്തമല്ലാത്തത് ഭക്ഷിക്കുക എന്നതാണ് അച്ചന്റെ പ്രമാണം.
ജീവിക്കാൻ അല്പം മണ്ണു മതിയെന്ന കാണിച്ചുതരുന്ന ഇദ്ദേഹം ഇടവകാംഗങ്ങൾക്കും കൃഷി സ്നേഹികൾക്കും വലിയ പ്രചോദനമാണ്. ആരാധനപോലെ പവിത്രമാണ് മണ്ണിലെ അധ്വാനമെന്നും വിയർപ്പു ചിന്തി ജീവിക്കാനാണ് ദൈവം മണ്ണിലേക്ക് മനുഷ്യനെ അയച്ചതെന്നും അച്ചൻ പറയും.
ഇതൊരു ഏദൻത്തോട്ടം
റവ. ജേക്കബ് മാത്യുവിന് കൃഷിയിടം ജൈവവൈവിധ്യം നിറഞ്ഞൊരു ഏദൻ തോട്ടമാണ്. ഒരിഞ്ചുപോലും പാഴാക്കിയിട്ടില്ല. കൃഷിയിടത്തിൽ കറിവേപ്പില മുതൽ ഗാഗ് ഫ്രൂട്ട് വരെ എണ്ണിത്തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. മട്ടുപ്പാവിൽ തണൽ വിരിച്ചു മുന്തിരിവള്ളികൾ.
മാവും പ്ലാവും മങ്കോസ്റ്റിനും റെഡ് ലേഡിയും നിറയെ വിളഞ്ഞു നിൽക്കുന്നു. കപ്പ ഇനങ്ങളിൽ പ്രധാനം രുചികരമായ പുല്ലാടൻ തന്നെ. ചേന്പും ചേനയും കാച്ചിലും കിഴങ്ങും തോട്ടത്തിലുണ്ട്. തൈകളും വിത്തുകളുമൊക്കെ വാങ്ങിയും കൃഷിക്കൂട്ടായ്മയിലെ സൗഹൃദങ്ങൾ വഴി കൈമാറ്റം ചെയ്തുമാണ് കൃഷിയിടം സമൃദ്ധമാക്കിയിരിക്കുന്നത്.
പച്ചക്കറികളും, കിഴങ്ങ് വർഗങ്ങളും, ഔഷധസസ്യങ്ങളും പഴവർഗങ്ങളുമെല്ലാം ചേർന്ന കൃഷിയിടം. പ്രായം കണക്കിലെടുക്കാതെ എല്ലാ ദിവസവും തോട്ടത്തിൽ പല തവണ അച്ചന്റെ നോട്ടവും സാന്നിധ്യവും എത്തും.
കാർഷിക പൈതൃകം
കാർഷിക കുടുംബത്തിലാണ് റവ. ജേക്കബ് മാത്യുവിന്റെ ജനനം. പൂർവികരെല്ലാം മണ്ണിൽ പണിയെടുത്തു ജീവിതം കരുപ്പിടിപ്പിച്ച കർഷകർ. അവർ കൈമാറിയ അനുഭവ സന്പത്താണ് എക്കാലത്തെയും ഉൗർജവും ആവേശവുമെന്ന് അച്ചൻ വ്യക്തമാക്കി.
പിതാവ് കൈമാറിയ ഭൂമിയെ അതുപോലെ കാത്ത് സംരക്ഷിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. മണ്ണിനെ മറക്കുന്ന, സാന്പത്തിക ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന ഇക്കാലത്തെ മനുഷ്യരോട് മണ്ണിലേക്കിറങ്ങാനാണ് ഈ വൈദികന്റെ ആഹ്വാനം. തന്റെ കൃഷി കണ്ട് താത്പര്യത്തോടെ മണ്ണിലേക്കിറങ്ങിയ ധാരാളം പേരുണ്ടെന്നും അച്ചൻ കൂട്ടിചേർത്തു.
ജൈവകൃഷിയിൽ ഉറച്ച്
കൃഷികൾക്ക് ആവശ്യമായ വളപ്രയോഗം തനതായ രീതിയിലാണ്. അടുക്കള വേസ്റ്റാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വളത്തിനായി കോഴികളെ വളർത്തുന്നുണ്ട്. ഇതു രണ്ടും കൂട്ടിചേർത്തു തയാറാക്കുന്ന മിശ്രിതമാണ് പ്രധാന വളം.
ചെടികൾക്കുണ്ടാകുന്ന രോഗങ്ങൾ തടയാനും തനത് രീതി ഉപയോഗിക്കുന്നു. നാളിതുവരെ ജൈവവളപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളു എന്നും ഇദ്ദേഹം പറയുന്നു. വളപ്രയോഗം കൂടുതൽ ഫലം സമ്മാനിക്കുന്നതായാണ് അനുഭവം.
നട്ടുനനച്ച് വിളവെടുക്കുന്പോൾ അതു മറ്റുള്ളവർക്ക് കൈമാറുന്നതിലാണ് റവ. ജേക്കബ് മാത്യുവിന്റെ സന്തോഷവും സംതൃപ്തിയും. വിത്തുകളുടെയും വിളവുകളുടെയും കൈമാറ്റം പുതിയ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും.
റവ. ജേക്കബ് മാത്യവിന് പരിപൂർണ പിന്തുണയുമായി സഹധർമിണി രജിതയും കുടുംബാംഗങ്ങളും ഒപ്പമുണ്ട്.
ഫോണ്: 9495322816.