ജൈവകൃഷിയിൽ ഹരികേശൻ നായർക്ക് പൂർണ സംതൃപ്തി
Thursday, August 22, 2024 10:57 AM IST
വീട്ടുപറന്പിലെയും മട്ടുപ്പാവിലെയും ജൈവകൃഷി ഹരികേശൻനായർക്കു സമയം പോകാൻ വേണ്ടി മാത്രമുള്ളതല്ല. മറിച്ച്, ജീവിതം ആഹ്ലാദകരവും ആരോഗ്യകരവുമാക്കി തീർക്കാൻ കൂടിയുള്ളതാണ്. സ്വയം അധ്വാനിച്ചു വിളയിച്ചെടുത്ത വെണ്ടയ്ക്കയും ചീരയും പയറുമൊക്കെ മറ്റുള്ളവർക്കുകൂടി പങ്കു വയ്ക്കുന്പോൾ ലഭിക്കുന്ന സന്തോഷത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല.
ബാങ്ക് ഓഫ് ബറോഡയിലെ മുൻ ഉദ്യോഗസ്ഥനായ എൻ. ഹരികേശൻനായരുടെ തിരുവനന്തപുരം മണക്കാട് കളിപ്പാൻകുളം ശ്രീനഗറിലെ ശ്യാമള നിവാസ് പച്ചക്കറികളാലും ഫലവൃക്ഷങ്ങളാലും പുഷ്പങ്ങളാലും സമൃദ്ധം. പത്ത് സെന്റിലെ വീടിന്റെ പറന്പിലും ടെറസിന്റെ രണ്ടു ഭാഗങ്ങളിലുമാണ് ജൈവകൃഷി.
ഒരിഞ്ച് ഭൂമിപോലും വെറുതെ കളഞ്ഞിട്ടില്ല. ഗ്രോ ബാഗുകൾ, പ്ലാസ്റ്റിക്ക് ചട്ടികൾ തുടങ്ങിയവയിലാണു കൃഷി. വെണ്ട, വിവിധതരം വഴുതന, കത്തിരി, പുതിന, തക്കാളി, വെള്ളരി, ചോളം, പാവൽ, കാരറ്റ്, കോളിഫ്ളവർ, അഗത്തി, കാബേജ്, പടവലം, കറിവേപ്പില, ഇഞ്ചി, ചീര, വിവിധയിനം നാരകം, ചീനി അമര, മുളക്, മുരിങ്ങ... അങ്ങനെ പലതും.
പച്ചക്കറികൾ കൂടാതെ ഫലവൃക്ഷങ്ങളും ധാരാളമുണ്ട്. കപ്പവാഴ ഉൾപ്പെടെയുള്ള വാഴകൾ ഗ്രോ ബാഗുകളിൽ വളർന്നു നില്ക്കുന്നു. ആഞ്ഞിലി മരത്തിന്റെ ഹൈബ്രിഡ് ഇനവും ഗ്രോബാഗിൽ നട്ടിട്ടുണ്ട്. ഇലന്തപ്പഴം (ബെർ ആപ്പിൾ) മിറക്കിൾ ഫ്രൂട്ട്, ചെറി, മാതളം, കമുക് ഓറഞ്ച്, മുള്ളാത്ത, ഡ്രാഗണ് ഫ്രൂട്ട്, വിവിധ ഇനം പേരകൾ, സപ്പോട്ട, സീതപ്പഴം, മുന്തിരി തുടങ്ങിയവ പഴച്ചെടികൾ ചിലത്.
മരച്ചീനി, കാച്ചിൽ, ചേന്പ്, ചേന തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ മണ്ണിലും ഗ്രോ ബാഗുകളിലുമായി തഴച്ചു വളരുന്നു. ഗ്രോ ബാഗുകളിലെ മരച്ചീനിയിൽ നിന്നു നല്ല വിളവ് ലഭിക്കുന്നുണ്ട്. വീട്ടുമുറ്റത്തെയും മട്ടുപ്പാവിലെയും ജമന്തി, മുല്ല, വാടാമല്ലി എന്നിവയുടെ ചുറ്റുമായി തേനീച്ച കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ചെറുതേനീച്ച കോളനികൾ വഴിയും തേൻ ശേഖരിക്കുന്നുണ്ട്.
അത്യുത്പാദന ശേഷിയുള്ള വിത്തുകൾ മാത്രമാണ് ഹരികേശൻ നായർ ജൈവകൃഷിക്കായി തെരഞ്ഞെടുക്കുന്നത്. കാർഷിക കോളജ്, ആഗ്രോ ഇൻഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് വിത്തു വാങ്ങുന്നത്. കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിൽ നിന്നു മാത്രമേ കിഴങ്ങു വർഗ വിത്തുകൾ വാങ്ങാറുള്ളൂ.
പാലോട് ആലുംകുഴിയിലെ കർഷക കുടുംബത്തിൽ ജനിച്ച ഹരികേശൻ നായർ, പരന്പര്യമായി ലഭിച്ച കൃഷി അറിവുകളും, അനുഭവങ്ങളും അടിസ്ഥാനമാക്കി സ്വന്തമായ ചില രീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മികച്ച ഉത്പാദനശേഷിയുള്ള വിത്തുകൾ നട്ട് ലഭിക്കുന്ന ഏറ്റവും നല്ല വിളവുകളുടെ വിത്ത് ശേഖരിച്ച് അവ വീണ്ടും നട്ട് കൂടുതൽ മികച്ചവ ഉണ്ടാക്കിയെടുക്കുകയാണ് പതിവ്. 2020 ൽ വീട്ടിലെ മട്ടുപ്പാവിൽ കായ്ച്ച ആനക്കൊന്പൻ വെണ്ടക്ക 18 ഇഞ്ച് നീളമുണ്ടായിരുന്നു. ഇപ്പോഴും ഇതേ വിത്തുകളിൽ നിന്നുള്ള വെണ്ടകളാണ് മട്ടുപ്പാവിലുള്ളത്.
ജൈവം മാത്രം
ചാണകപ്പൊടി, ചാരം, കരിയിലകൾ, കോഴിക്കാഷ്ഠം തുടങ്ങിയവയാണ് വളം. വീട്ടിൽ ബയോഗ്യാസും ഉണ്ട്. അടുക്കള മാലിന്യങ്ങളിൽ നിന്നുള്ള ബയോ സ്ലറിയും ഉപയോഗിച്ചു വരുന്നു. വേപ്പിൻ പിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവ ചാണകത്തിൽ അലിയിച്ചുണ്ടാക്കുന്ന വളവും ഉപയോഗിക്കാറുണ്ട്.
ബാങ്ക് ജോലിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സഹധർമിണി ശ്രീകലയുടെ കുടുംബ ഭാഗത്തിലെ വീട്ടിൽ താമസമാക്കുന്നത് 20 വർഷങ്ങൾക്കു മുന്പാണ്. 50 ചെടിച്ചട്ടികളിലാണ് മട്ടുപ്പാവ് കൃഷി തുടങ്ങിയത്. ഇപ്പോൾ അഞ്ഞൂറിലേറെ ചെടിച്ചട്ടികളും ഗ്രോബാഗുകളുമുണ്ട്. 2019 ൽ ജോലിയിൽ നിന്നു വിരമിച്ചതോടെയാണ് കൃഷിയിൽ സജീവമായത്.
സ്വന്തം നാടായ ആലുംകുഴിയിൽ ഹരികേശൻ നായർക്ക് കൃഷി ചെയ്യാൻ ധാരാളം ഭൂമിയുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ താമസമാക്കിയതോടെ പരിമിതമായ സ്ഥലത്ത് എങ്ങനെ കൃഷി ചെയ്യാമെന്നായിരുന്നു ആലോചന. അങ്ങനെയാണ് മട്ടുപ്പാവിലും, സണ് ഷേയ്ഡിലുമൊക്കെയായി കൃഷി ആരംഭിച്ചത്.
മട്ടുപ്പാവിൽ ചോർച്ച വരാതിരിക്കാൻ ചുടുകല്ലുകൾ നിശ്ചിത അകലത്തിൽ നിരത്തിയ ശേഷമാണ് കൃഷി. പാലോടുള്ള കുടുംബ പറന്പിലും ഇപ്പോഴും കൃഷിയുണ്ട്. കൃഷി സംബന്ധിച്ച് ഒരു പരിശീലന ക്ലാസുകളിലും അദ്ദേഹം പോയിട്ടില്ല. അച്ഛനമ്മമാരിൽ നിന്നു ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലാണ് കൃഷി.
മട്ടുപ്പാവിൽ ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും മണ്ണ് നിറയ്ക്കുന്നത് മുതലുള്ള കൃഷിപ്പണികൾ തനിച്ചാണ് ചെയ്യുന്നത്. ദിവസവും രാവിലെ 3 മണിക്കൂർ കൃഷിയിടത്തിൽ ചെലവാക്കും. വൈകുന്നേരങ്ങളിലും കൃഷി പരിപാലനമുണ്ട്.
ഇതുവഴി എന്നും വെയിൽ കൊള്ളാൻ കഴിയുമെന്നതും ആരോഗ്യ സംരക്ഷണത്തെ സഹായിക്കുന്നു. കൃഷിയിൽ താത്പര്യമുള്ളവർക്കും പരിചയക്കാർക്കും വിത്തും തൈകളും സൗജന്യമായി നൽകും. ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പങ്കിട്ട് നൽകും.
റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, വിരമിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്ന ഹരികേശൻ നായർ, ഏറെ സമയവും കൃഷിക്കായി മാറ്റി വച്ചിരിക്കുകയാണ്.
കഐസ്ഇബിയിൽ നിന്നു വിരമിച്ച ഭാര്യ ശ്രീകലയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എല്ലാ ഓണത്തിനും വീട്ടിലെ കൃഷി വിളവുകൾ കൊണ്ടാണ് ഓണസദ്യ. ഇത്തവണയും അതിന് മാറ്റമില്ല.
ഫോണ്: 9497849823