ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
Friday, February 9, 2024 2:07 PM IST
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്ത ഫാം.
കൃഷി വകുപ്പിന് കീഴിൽ(എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണാധികാരത്തിൽ) കിഴക്കേ ദേശത്തുള്ള ’കേരള സംസ്ഥാന വിത്തുത്പാദന കേന്ദ്രമാണ്, പാരന്പര്യ കൃഷിയുടെ കാവൽമാടമായി നൂറ്റാണ്ട് പിന്നിടുന്നത്.
നാടൻ സങ്കര വിത്തുകളുടെ ഉത്പാദനം, വിതരണം വിളയറിവുകളുടെ പ്രചാരണം, കർഷക പരിശീലനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയാണ് മുഖ്യലക്ഷ്യങ്ങൾ.
ജൈവ ഉപദ്വീപ്
പെരിയാറും കൈവഴിയായ തൂന്പാത്തോടും ചേർന്ന് അതിരിടുന്ന, മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ കൃഷി ഭൂമി, ഫാം ടൂറിസത്തിന്റെ പറുദീസ കൂടിയാണ്.
വിദേശ സഞ്ചാരികൾ പോലും ഇവിടെ എത്താറുണ്ട്. ചങ്ങാടത്തിലോ, ബോട്ടിലോ മാത്രമേ ഇവിടേക്ക് എത്താൻ കഴിയു. വിത്തും വിളകളും കൃഷിരീതിയും ഉത്പന്നങ്ങളുമെല്ലാം ജൈവം.
പരിസ്ഥിതി സൗഹൃദ കൃഷിയുടെ മികച്ച മാതൃകയായ ന്ധസംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രത്തെ (എസ്എസ്എഫ്), 2022 ഡിസംബറിൽ’ഇന്ത്യയിലെ ആദ്യത്തെ കാർബണ്‍ ന്യൂട്രൽ ഫാം’ ആയി പ്രഖ്യാപിച്ചു.
കാർഷിക സർവകലാശാലയുടെ പഠനത്തിൽ, ഫാമിൽ നിന്നുള്ള കാർബണ്‍ ബഹിർഗമനം 43 ടണ്ണും സംഭരണം 213 ടണ്ണും (മണ്ണിലടങ്ങിയ ജൈവ കാർബണിന്റെ ഉയർന്ന അളവാണ് ഇത്തരത്തിൽ കാർബണ്‍ നെഗറ്റീവ് എന്ന നേട്ടത്തിലേക്ക് എത്തിച്ചത്) ആയിരുന്നു.
2020ലെ മികച്ച ഫാമിനും ഫാം ഓഫീസർക്കുമുള്ള, കേരള സർക്കാരിന്റെ ’ഹരിത കീർത്തി’ പുരസ്കാരവും ലഭിച്ചു.
വിത്തും കൈക്കോട്ടും
13 ഏക്കറാണ് വിത്തുത്പാദന കേന്ദ്രം. ഇതിൽ, ഏഴേക്കറിൽ നെൽ കൃഷി. നാല് ബ്ലോക്കുകളായി തിരിച്ച പാടത്ത് (വ്യത്യസ്ത സമയങ്ങളിൽ), വ്യത്യസ്ത നെല്ലിനങ്ങളാണ് വിതയ്ക്കുന്നത്.
രക്തശാലി, സുവർണ ഞവര, ജപ്പാൻ വയലറ്റ്, വടക്കൻ വെള്ളരി കൈമ, വെള്ളതൊണ്ടി, പൊക്കാളി ഇനങ്ങൾ (വൈറ്റില10, 11), കുമോൾ സോൾ (ആസാം) തുടങ്ങിയവ പരന്പരാഗത ഇനങ്ങൾ.
പ്രത്യാശ, മനുരത്ന, വർഷ എന്നീ അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങളുമുണ്ട്. വംശനാശഭീഷണി നേരിടുന്ന വിത്തിനങ്ങളുടെ സംരക്ഷണവും വിതരണവുമുണ്ട് ഇവിടെ. കൂടാതെ പച്ചക്കറി വിത്തുകളും.

സംയോജിത കൃഷി
നാലേക്കറിൽ പഴം, പച്ചക്കറികൾ വിളയുന്നു. വെണ്ട, വഴുതന, ചീര, പാവൽ, പടവലം, പീച്ചിൽ, വാഴ, തെങ്ങ്, കിഴങ്ങ് വിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ വേറെ.
മാവ്, പ്ലാവ്, റംബുട്ടാൻ, ലിച്ചി, മാങ്കോസ്റ്റിൻ, കുടംപുളി, പേര, പാഷൻ ഫ്രൂട്ട് തുടങ്ങി 120 തോളം ഫലവൃക്ഷങ്ങളും തോപ്പിലുണ്ട്.
ജീവിലോകം
കാസർഗോഡ് കുള്ളൻ പശുക്കൾ, മലബാറി ആടുകൾ, കുട്ടനാടൻ താറാവ്, വിഗോവ, തലശേരി കോഴി, ഗിനി, വളർത്തു മീൻ, തേനീച്ച, മണ്ണിര (കന്പോസ്റ്റ്), തുടങ്ങി വിപുലമായ ജീവസഞ്ജയവുമുണ്ട്.
മൂർഖനും പെരുന്പാന്പും, പട്ടിയും ദേശാടനക്കിളികളും ക്ഷണിക്കപ്പെടാത്ത അതിഥികൾ.
മൂല്യവർധിത ഉത്പന്നങ്ങൾ
ന്ധകേരളഗ്രോ’ എന്ന കൃഷിവകുപ്പിന്റെ ബ്രാൻഡ് നെയ്മിൽ തന്നെയാണ്, സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലെ ഉത്പന്നങ്ങളും വിപണിയിലെത്തുന്നത്.
കാർബണ്‍ ന്യൂട്രൽ വിലാസത്തോടുകൂടിയ ഫാമിലെ ജൈവോത്പന്നങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡാണെന്ന് സ്ഥാപന മേധാവി (അസി.ഡയറക്ടർ ഓഫ് അഗ്രികൾച്ചർ എഡിഎ) ലിസിമോൾ ജെ. വടക്കൂട്ട് പറഞ്ഞു.
ചെടികൾക്കുള്ള ജൈവ വളർച്ചാത്വരകങ്ങളായ പഞ്ചഗവ്യം, കുണപജല, വെർമി വാഷ്, അമിനോ ഫിഷ്, ഫോസ്ഫറസ് ജീവാണു വളമായ വാം, കീടവികർഷിണിയായ എക്സ്പ്ലോഡ് എന്നിവയ്ക്ക് ആവശ്യക്കാരേറെ.
വിവിധ നെല്ലിനങ്ങളുടെ, തവിടോടുകൂടിയ അരിയും, അവലും പുട്ടുപൊടികളും, ചക്കപ്പൊടി, കപ്പപ്പൊടി, മഞ്ഞൾപ്പൊടി, റാഗിപ്പൊടി, ആന്ധ്ര മോഡൽ വെട്ടുമാങ്ങ അച്ചാർ എന്നിവയ്ക്കും നല്ല ഡിമാൻഡ്.
സൗന്ദര്യ വർധക വസ്തുക്കളായ സരോമ (താളിപ്പൊടി), സരസ്(ഹെയർ ഓയിൽ) എന്നിവ പുതുതലമുറയ്ക്ക് ഏറെ പ്രിയം. ഉത്പന്നങ്ങൾ ആലുവ മെട്രോ സ്റ്റേഷനിലെ (വിത്തുത്പാദന കേന്ദ്രത്തിന്റെ) കൗണ്ടർ വഴിയും ആമസോണ്‍, ഫ്ളിപ്കാർട്ട് വഴിയുമാണ് വില്പന.
നേരിട്ട് ഫാമിലെത്തി വാങ്ങുന്നവരുമുണ്ട്. കൃഷിഭവനകളുടെയും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെയും ഇക്കോ ഷോപ്പുകളിലും ലഭ്യമാണ്.
നെല്ലും താറാവും
രണ്ടു സീസണിൽ നെൽകൃഷിയും, ഒരു സീസണിൽ റാഗി/ ബജ്റ/സൊർഗം/ചിയ സീഡ് തുടങ്ങി ചെറു ധാന്യങ്ങളുമാണു നടുന്നത്. ഇടക്കാല വിളയായി പയർ.
കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിൽ നിന്നാണ് ഉത്പാദക വിത്തുകൾ (ബ്രീഡർ സീഡ്സ്) വാങ്ങുന്നത്. ഇതു പാടത്ത് വിതച്ച് ഗുണീകരിച്ചാണ് വിത്ത് ഉത്പാദിപ്പിക്കുന്നത് (100 കിലോ നട്ടുവളർത്തിയാൽ അഞ്ച് ടണ്‍ വരെ വിത്തു ലഭിക്കുമെന്ന് എഡിഎ ലിസിമോൾ പറഞ്ഞു).
വർഷം 10-12 ടണ്‍ വിത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഏക്കറിന് 25-35 കിലോ നെൽ വിത്തുകളാണ് വിതയ്ക്കുന്നത്. 20 ഃ 15 സെന്റിമീറ്റർ അകലത്തിലാണ് ഞാറു നടുന്നത് (കള നിയന്ത്രണത്തിനായി താറാവുകളെ ഇറക്കുന്പോൾ, അവയ്ക്ക് സുഗമമായി സഞ്ചരിക്കുന്നതിനാണ് ഈ അകലം).
താറാവുകൾ കൊക്ക് കൊണ്ടും കാലുകൊണ്ടും നെല്ലിന്റെ ചുവട് ഇളക്കുന്നതുകൊണ്ടു വേര് പടലം ശക്തിപ്പെടുകയും കളകൾ നശിക്കുകയും ചെയ്യും. നെൽച്ചെടിയിൽ എവിടെയെങ്കിലും കേടുണ്ടെങ്കിൽ താറാവുകൾ ആ ഭാഗം കൊത്തി തിന്നുന്നത് മൂലം കീട നിയന്ത്രണവും സാധ്യമാണ്.
കാഷ്ടം വളവും. കീടവികർഷണിയായ എക്സ്പ്ലോഡും കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നുണ്ട്.

പഴമയുടെ ഗരിമ
1919ൽ തിരുവിതാംകൂർ രാജാക്കന്മാർ സ്ഥാപിച്ച കൃഷി പാഠശാലയാണ്, ജനാധിപത്യ സർക്കാർ അധികാരമേറ്റത്തോടെ, ’കേരള സംസ്ഥാന വിത്തുത്പാദന കേന്ദ്രമായി മാറിയത്.
തിരുവിതാംകൂർ രാജാക്കന്മാർ, വേനൽക്കാല വസതിയായ ’ആലുവ പാലസി’ൽ എത്തിയിരുന്നപ്പോൾ, ഈ ജൈവ തുരുത്ത് സന്ദർശിക്കുകയും ഇവിടെ കൃഷി നടത്തുകയും ചെയ്തിരുന്നു.
കൃഷി രീതി
ഒരു മാസമെടുത്താണ് നിലമൊരുക്കൽ. ഉഴവ് മൂന്ന് തവണ(ആദ്യ ഉഴവിന് വൈക്കോലും ശീമക്കൊന്ന ഇലയും മണ്ണിൽ ചേർത്തു കൊടുക്കും). തുടർന്ന്, കുമ്മായമിട്ട് അമ്ലത നീക്കിയശേഷം വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയുമിട്ടു നടീൽ.
കതിര് വരുന്നതു വരെ, 15 ദിവസം ഇടവിട്ട് കുണപജല ഇലയിൽ തളിക്കും. പൂവ് വിരിഞ്ഞു കഴിഞ്ഞാൽ പഞ്ചഗവ്യം നൽകും. ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള സ്ലറിയും ഉപയോഗിക്കുന്നുണ്ട്. ചാണകം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നില്ല.
അതിൽ നിന്ന് തയാറാക്കുന്ന പഞ്ചഗവ്യം, കുണപജല പോലുള്ള ഉത്പന്നങ്ങൾ പത്രപോഷണത്തിലൂടെ നൽകുകയാണ്. 100 ലിറ്റർ പഞ്ചഗവ്യവും കുണപജലയും നിർമിക്കാൻ 10 കിലോ ചാണകമേ ആവശ്യമുള്ളൂ.
ജൈവകൃഷിക്ക് ടണ്‍ കണക്കിന് ചാണകം വേണ്ടയിടത്താണ് ഇത്. ത·ൂലം ചാണകത്തിൽ നിന്ന് ബഹിർഗമിക്കുന്ന മീഥേൻ വാതകം മൂലമുള്ള ഹരിതഗൃഹ വാതക പ്രഭാവം ഫാമിൽ ഉണ്ടാകുന്നില്ല
സോളാർ മാജിക്
18 കിലോ വാട്ട് സ്ഥാപിതശേഷിയുള്ള സൗരവൈദ്യുതിയിലാണ് ഫാമിന്റെ പ്രവർത്തനം. സൗരവിളക്കുകൾ, സൗര കെണികൾ എന്നിവയുമുണ്ട്.
സോളാർ ടണൽ ഡ്രയർ
മഴക്കാലത്ത് നെല്ല് ഉണക്കാനാണ്, സുതാര്യമായ പോളികാർബണേറ്റ് ഷീറ്റുകൾ കൊണ്ട് (10 ഃ 4 മീറ്റർ വിസ്തൃതിയുള്ള) കൂടാരം സ്ഥാപിച്ചത്. മൂന്നു ലക്ഷം രൂപയാണ് നിർമാണ ചെലവ്.
അകത്ത് എപ്പോഴും 65 ഡിഗ്രി ചൂട്, നെല്ലുണങ്ങുന്പോഴുണ്ടാകുന്ന ഈർപം പുറന്തള്ളാൻ ഫാനും ഘടിപ്പിച്ചിട്ടുണ്ട്. നെല്ലിന് പുറമേ കൊപ്ര, മഞ്ഞൾ, അരിഞ്ഞ ചക്ക, താളിപ്പൊടിക്കുള്ള ചെന്പരത്തി ഇലയും പൂവും എന്നിവയും ഇതിൽ ഉണക്കിയെടുക്കാം.
ദി കംപ്ലീറ്റ് ഫാം
പൂങ്കാവനം പോലെ മനോഹരമായ ഫാം, വൃത്തിയുടെ കാര്യത്തിലും നന്പർ വണ്‍. ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ ഗന്ധമില്ല. ജൈവാവശിഷ്ടങ്ങൾ കത്തിക്കാറില്ല, കന്പോസ്റ്റ് ആക്കുകയാണ്.പക്ഷിമൃഗാദികളെയും വൃത്തിയായി പരിരക്ഷിക്കുന്നു.
പ്ലാസ്റ്റിക്കിന് പൂർണ നിരോധനം. കൃഷിവകുപ്പിന്റെ നിർദേശങ്ങളും എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പിന്തുണയും വിത്തുത്പാദന കേന്ദ്രത്തിലെ ഓഫീസ് ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനങ്ങളുമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്ന് എഡിഎ ലിസിമോൾ.
കൃഷി അസിസ്റ്റന്റ്, ഓഫീസ് ജീവനക്കാർ, തൊഴിലാളികൾ എന്നിവർ അടക്കം 21 ജീവനക്കാരാണ് ഇവിടെയുള്ളത്.
ഫോണ്‍ : 93834 71192.
രജീഷ് നിരഞ്ജൻ