തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
Thursday, May 18, 2023 5:23 PM IST
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ മൾച്ചിംഗ് ഷീറ്റുകൾക്കു മീതെ നിറഞ്ഞു കായ്ച്ചുകിടക്കുന്ന ചുവന്നു തുടുത്ത സ്ട്രോബറി പഴങ്ങളിൽ നിന്നു കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക്ക് ഓമനത്തമാണ് ഓരോ പഴത്തിനും.
പ്രവാസി ചേന്പർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് ഗ്രീൻ ഹോപ്പ് ഹണി ബീ വില്ലേജ് & റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ കാന്തല്ലൂരിലെ ബ്രമപുരത്ത് നട്ടു പിടിപ്പിച്ച തോട്ടങ്ങളിലാണു കണ്ണിനും മനസിനും കുളിർമ പകരുന്ന സ്ട്രോബറി സമൃദ്ധി.
പ്രവാസികളുടെ സഹകരണത്തോടെ ജൈവ കൃഷി പ്രോത്സാഹിപ്പിച്ചു പരമാവധി വിളവുണ്ടാക്കി വിഷരഹിത പഴവർഗങ്ങളും പച്ചക്കറികളും ലഭ്യമാക്കി ജനങ്ങളുടെ ആരോഗ്യസുരക്ഷയും സാന്പത്തിക സുരക്ഷയും ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ ഫൗസിയ ആസാദ് പറഞ്ഞു.
തോട്ടങ്ങളിൽ തേനീച്ചകളെ പരാഗണ സേവനത്തിന് ഉപയോഗിക്കുന്നതു മൂലമാണു വിളവിൽ അത്ഭുതകരമായ വർധനയുണ്ടായത്.
കേരള കാർഷിക സർവകലാശാലയിലെ തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം മുൻമേധാവി ഡോ. സ്റ്റീഫൻ ദേവനേശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ സാങ്കേതിക സഹായത്താലാണു തേനീച്ചകളെ തോട്ടങ്ങളിൽ പരിപാലിക്കുന്നത്.
ഇതുവഴി തോട്ടങ്ങളിൽ 40 ശതമാനത്തിലേറെ വിളവ് വർധിപ്പിക്കാനാകും. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രചരിപ്പിക്കുന്ന സ്ട്രോബറി തോട്ടങ്ങളിലാണ് തോനീച്ചപ്പെട്ടികൾ സ്ഥാപിച്ചു വിള വർധനവുണ്ടാക്കുന്നത്. ഒരേക്കറിൽ 12,000 ചെടികൾ വരെ നടാം.
8-9 മാസം ദൈർഘ്യമുള്ള കൃഷിയാണിത്. 35 ദിവസം കൊണ്ടു പൂവിടും. വിളവെടുപ്പിനു 45 ദിവസം മതി. ആഴ്ചയിൽ 3-4 തവണ വിളവെടുക്കാം. രാവിലെ എടുക്കുന്നതാണു നല്ലത്.
സാധാരണ നിലയിൽ ഒരു ചെടിയിൽ നിന്നു 500 ഗ്രാം (അര കിലോ) പഴങ്ങൾ ലഭിക്കും. കിലോയ്ക്ക് 600 രൂപയാണു വില. ഏക്കറിൽ 6000 കിലോ പഴം കിട്ടും. മൊത്തവരുമാനം 36,00000 രൂപ.
സംപൂർണ പരാഗണം ഉറപ്പാക്കാൻ തേനീച്ചകളെ വിന്യസിച്ചതോടെ ഒരു ചെടിയിൽ നിന്നു 700 ഗ്രാം പഴങ്ങൾ ലഭിച്ചു. 200 ഗ്രാം കൂടുതൽ. അതായത് ഒരേക്കറിൽ നിന്നു 2400 കിലോ അധികം.
അങ്ങനെ വരുന്പോൾ ഒരേക്കറിൽ നിന്നു മൊത്തം 8400 കിലോ പഴം. അപ്പോൾ മൊത്തവില 50,40,000 രൂപ. അധിക വരുമാനം 14,40,000 രൂപ. ഏക്കറിന് 10 തേനീച്ച കോളനികൾ മതി.
ഇതിൽ നിന്നു കിട്ടുന്ന ഔഷധഗുണമുള്ള തേൻ അധിക വരുമാനം നേടിത്തരുകയും ചെയ്യും. ഉത്തമ സ്ട്രോബറി കൃഷി രീതി തുടർന്നും അനുവർത്തിച്ചാൽ ആദായം നാൾക്കുനാൾ വർധിപ്പിക്കാനാവും.
ആസ്വാദ്യകരമായ മണവും മധുരവും രുചിയും ചുവപ്പു നിറവും കൊണ്ട് ഏറെ പ്രശസ്തമാണ് പഴങ്ങളുടെ രാജ്ഞിയെന്നറിയപ്പെടുന്ന സ്ട്രോബറി. ഫുറാനിയോൾ എന്ന വസ്തുവാണു മണത്തിനു കാരണം.
വിവിധയിനം ഭക്ഷണ പദാർങ്ങൾ, ബിവറേജസ്, പെർഫ്യൂമ്സ് കോസ്മെറ്റിക്സ് എന്നിവ നിർമിക്കാൻ ഫുറാനിയോൾ വിപുലമായി ഉപയോഗിക്കുന്നു. സ്വാദിഷ്ടവും ആരോഗ്യകരവുമായ ഈ ഫലത്തിൽ വർധിച്ച തോതിൽ ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.
ദഹനത്തിനും രക്തസമ്മർദം നിയന്ത്രിക്കുന്നതിനും മുടിവളരുന്നതിനും അർബുദത്തെ പ്രതിരോധിക്കുന്നതിനുമുള്ള ഇതിന്റെ കഴിവ് തിരിച്ചറിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ-നവംബർ മാസങ്ങളാണു പുതുതായി കൃഷിയിറക്കാൻ ഉചിതം.
വള്ളിയിൽ നിന്നു ലഭിക്കുന്ന പുതിയ തൈകളാണു നടീൽ വസ്തു. ചാണകപ്പൊടി, ആട്ടിൻ കാഷ്ടം എന്നിവയടങ്ങിയ ജൈവവളം മണ്ണുമായി ചേർത്തു രൂപപ്പെടുത്തുന്ന ബെഡ് ഒരുക്കിയാണു തൈ നടുന്നത്.
ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം ഉപയോഗിക്കുന്നതുവഴി പരാഗണ സേവനത്തിന് സഹായിക്കുന്ന ഷഡ്പദങ്ങൾക്കു സംരക്ഷണമാകുകയും ചെയ്യും.
ഉഷ്ണ-ഉപഉഷ്ണ മേഖലകളാണു കൃഷിക്ക് അനുയോജ്യം. പകൽച്ചൂട് 22-25 ഡിഗ്രി വരെയും രാത്രിയിൽ 7-13 ഡിഗ്രി വരെയുമാണു നല്ലത്. അതിശൈത്യം ഹാനികരമാണ്.
ഡോ. സ്റ്റീഫൻ ദേവനേശൻ
വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
മുൻ മേധാവി & ഡീൻ,
കേരള കാർഷിക സർവകലാശാല