മൂല്യവർധനയിലെ പട്ടാഴി പാഠങ്ങൾ
Tuesday, January 11, 2022 4:58 PM IST
പ്രകൃതിക്ക് ഹാനികരമായി ഒന്നും ചെയ്യരുതെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് പട്ടാഴി ഗോശാല. സംരംഭക മനസോടെ ഇതിനെ നയിക്കുന്നത് ശ്യാംകുമാർ പട്ടാഴിയാണ്.
പതിനഞ്ച് വർഷം മെക്കാനിക്കൽ എൻജിനീയറായി അബുദാബി മുതൽ ഇറാക്കുവരെ ജോലിചെയ്ത അനുഭവസന്പത്തും ശ്യാംകുമാറിനു കരുത്തേകുന്നു.
അടൂരിൽ നിന്നു പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ പട്ടാഴി മാർക്കറ്റ് ജംഗ്ഷൻ, അവിടെ മുരുകൻ ക്ഷേത്രത്തിനു സമീപമാണ് ശ്യാംകുമാർ പട്ടാഴിയുടെ ഗോശാല. നാടൻ പശുക്കളെ വളർത്തി പാൽ വിപണനം നടത്തുകയെന്ന ലക്ഷ്യം മാത്രമല്ല ശ്യാംകുമാറിന്.
കന്നുകാലികളിൽ നിന്നു ലഭിക്കുന്ന ചാണകം, മൂത്രം എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമാണമാണു പ്രധാനം. എഴുപതു നാടൻ പശുക്കളാണ് ഇവിടുള്ളത്. ഗീർ , വെച്ചൂർ , കാസർഗോഡ് കുള്ളൻ , കാങ്കയം തുടങ്ങി വിവിധയിനങ്ങൾ.
നാടൻ പുട്ടുപൊടി മുതൽ ദാഹശമനിയായി ഉപയോഗിക്കുന്ന ജൽജീരവരെ നാൽപതിൽപരം ഉത്പന്നങ്ങളാണ് ഫാമിൽ നിർമിച്ചു വിപണനം നടത്തുന്നത്. ഗോമൂത്രം ശുദ്ധീകരിച്ചെടുത്ത മൗത്ത് വാഷ്, മുഖത്തെ പാടുകൾ മാറ്റുന്നതിനായി ഉപയോഗിക്കുന്ന ലേപനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ദന്തധാവന ഉത്പന്നങ്ങൾ, പ്രകൃതിദത്ത കഷായ സോപ്പുകൾ, ഭസ്മം, ക്ലീനിംഗ് സാധനങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടും. ശർക്കര, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി , ഇഞ്ചിക്കറിക്കൂട്ട്, കുങ്കുമം തുടങ്ങിയവയും ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നു.

മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാൻ
മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിനായി ചില വളക്കൂട്ടുകളും ഇവിടെ ഉത്പാദിപ്പിക്കുന്നു. സന്പുഷ്ടീകരിച്ച ബയോ കന്പോസ്റ്റും ഗോമൂത്രവും ആര്യവേപ്പിലയും കൂടി ഇരുപത് ലിറ്റർ വെള്ളത്തിൽ മണ്കലത്തിൽ നിറയ്ക്കും.
ഇത് മണ്ണിൽ കുഴിച്ചിട്ട് ഇരുപത്തിയൊന്നു ദിവസത്തിനു ശേഷമെടുത്ത് ചെന്പുപാത്രത്തിലൊഴിച്ച് വറ്റിച്ച് പത്തു ലിറ്ററാക്കും. ഇത് പത്തു മില്ലി ഒരു ലിറ്റർ വെള്ള ത്തിൽ കലക്കി തളിക്കാം. ന്ധസർവനാ ശിനി’ എന്ന കീടനാശിനി നിർമിക്കുന്നതിങ്ങനെ.
ഓണ് ഫാം പരിശീലനം
കർഷകർക്കായി ഫാമിൽ പരിശീലനവും നടത്തുന്നുണ്ട്. സംരംഭകത്വം, സ്വയംതൊഴിൽ, പശുപരിപാലനം, മൂല്യവർധിത ഉത്പന്ന നിർമാണം എന്നിവയിലൊക്കെയാണു ക്ലാസുകൾ. തന്റെ കൃഷിയിടത്തിൽ വിളയുന്ന എല്ലാ ഉത്പന്നങ്ങളും മൂല്യവർധിത ഉത്പന്നങ്ങളാക്കിയാണു വിൽപന. കർഷകൻ സംരംഭകൻ കൂടിയാകണ മെന്നാണ് ശ്യാംകുമാറിന് കർഷക രോടു പറയാനുള്ളത്.
ഫോണ്: ശ്യാംകുമാർ പട്ടാഴി :9539802133
സുരേഷ്കുമാർ കളർകോട്