പച്ചക്കറി കൃഷി സമൃദ്ധമാക്കാം മഴക്കാലത്തേയും
പച്ചക്കറി കൃഷി സമൃദ്ധമാക്കാം മഴക്കാലത്തേയും
Saturday, July 25, 2020 4:28 PM IST
വേനല്‍ക്കാലത്തെപ്പോലെ, അല്ലെങ്കില്‍ അതിലേറെ മഴക്കാലത്തും പച്ചക്കറി വിളയിക്കാം. വിപണിയില്‍ നല്ല വിലയും ലഭിക്കും.

നീര്‍വാര്‍ച്ച ഉറപ്പാക്കി കൃഷി ചെയ്യണം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍. മേല്‍മണ്ണും വളവും കുത്തിയൊലിച്ചു പോകാത്ത സ്ഥലത്തായിരിക്കണം കൃഷി. പരമ്പരാഗത വിത്തിനങ്ങളായ വേങ്ങേരി വഴുതന, ആനക്കൊമ്പന്‍ വെണ്ട, കാന്താരി എന്നിവ വേനല്‍ക്കാലത്തു നന്നായി വളരും. ചെടികളുടെ ചുവട്ടില്‍ ചപ്പുചവറുകളും മണ്ണും കൂനകൂട്ടിക്കൊടുക്കണം. കീട രോഗകാരണമായ പാഴ്‌ച്ചെടികള്‍ വളരാനനുവദിക്കരു ത്. കൃത്യമായി കളനശീകരണം നടത്തണം. അല്ലെങ്കില്‍ പച്ചക്കറിത്തോട്ടം പെട്ടെന്നു കാടുപിടിക്കും. പച്ചക്കറി നടുന്നതിന് 15 ദിവസം മുമ്പെങ്കിലും കുമ്മായം ചേര്‍ക്കണം. തടത്തില്‍ വേപ്പിന്‍പിണ്ണാക്കിട്ടുകൊടുക്കണം.

മഴക്കാല കൃഷിക്ക് വെണ്ട

മഴക്കാലത്ത് നന്നായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. രോഗപ്രതിരോധശേഷിയുള്ള വിത്തിന ങ്ങളും ജൈവ പരിപാലനമുറകളും സ്വീകരിക്കാം. വെണ്ടക്കൃഷിയിലെ പ്രധാന വെല്ലുവിളിയായ മഞ്ഞളിപ്പു രോഗത്തിനു കാരണമായ വെള്ളീച്ചയുടെ ശല്യം മഴക്കാലത്തു കുറവായിരിക്കും. ഒരു സെന്റിലേക്ക് 30 മുതല്‍ 35 ഗ്രാം വരെ വിത്ത് ആവശ്യമാണ്. വിത്തു നേരിട്ടു പാകുന്നതിനേക്കാള്‍ മുളപ്പിച്ചു നടുന്നതാണു നല്ലത്.

മേയ് പകുതിയില്‍ തന്നെ വിത്തുകള്‍ തയാറാക്കിയിട്ടുണ്ടെങ്കില്‍ ഉപകാരപ്പെടും. കൃഷി വകുപ്പില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ നിന്നോ തൈകള്‍ വാങ്ങിയാല്‍ വളരെ നല്ലതാണ്. വാരങ്ങളിലും തടങ്ങളിലും ഗ്രോബാഗുകളിലും കൃഷി ചെയ്യാം. വാരങ്ങളിലാണ് നടുന്നതെങ്കില്‍ ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റീമീറ്ററും അകലം വേണം. ഒരു ഗ്രാം സ്യൂഡോമോണസ് വിത്തുമായി കലര്‍ത്തി വിത്തു പരിചരണം നടത്തു ന്നത് രോഗപ്രതിരോധ ശേഷിക്കു നല്ലതാണ്. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കാം. മേല്‍വള മായി ചാണകം നന്നായി നേര്‍പ്പിച്ച ചാണകപ്പാല്‍, നാലു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച 200ഗ്രാം ബയോ ഗ്യാസ് സ്ലറി, വെര്‍മി വാഷ് അല്ലെങ്കില്‍ നാലിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച ഗോമൂത്രം, കലര്‍പ്പില്ലാത്ത കടല പ്പിണ്ണാക്ക് കുതിര്‍ത്തത് എന്നിവ ഉപയോഗിക്കാം.

പ്രധാന ഇനങ്ങള്‍

സുസ്ഥിര എന്ന ഇനം മഴക്കാലത്ത് കൃഷിചെയ്യാന്‍ പറ്റിയതാണ്. പേരു പോലെ തന്നെ ദീര്‍ഘകാലം വിള വെടുക്കാന്‍ സാധിക്കും.

അര്‍ക്ക അനാമിക എന്ന ഇന ത്തിനും ഇതേ ഗുണമുണ്ട്. 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളമുള്ള കായ്കളാണ് കിരണ്‍ എന്ന ഇനത്തിന്. ഇതും മഴക്കാല കൃഷിക്കു യോജി ച്ചതാണ്. അത്യുത്പാദന ശേഷിയുള്ള മറ്റൊരിനമാണ് സല്‍കീര്‍ത്തി. ഇതിന്റെ കായ്കള്‍ക്ക് ഇളംപച്ച നിറ മാണ്. ചെടികള്‍ നട്ട് ഒന്നര മാസ ത്തിനുള്ളില്‍ പൂവിടും. മൂന്നു മാസം വിളവെടുക്കാം. വാഴത്തോട്ട ത്തില്‍ ഇടവിളയായും വെണ്ട, കൃഷി ചെയ്യാം. രോഗപ്രതിരോധശേഷിയുള്ള വിത്തി നങ്ങളും ജൈവ പരിപാലനമുറകളും സ്വീകരിക്കണം.

മുളകും വഴുതനയും

വഴുതനയുടെയും ഈ വര്‍ഗത്തില്‍പ്പെട്ട മുളകിന്റെയും കൃഷിരീതി ഏകദേശം ഒരേപോലെയാണ്.

ഏതിനങ്ങള്‍ കൃഷിചെയ്യാം?

ജ്വാലാമുഖി, ജ്വാലാസഖി എന്നിവ മഴക്കാലത്തു കൃഷിചെയ്യാന്‍ സാധിക്കുന്ന മുളകിനങ്ങളാണ്. കൂടാതെ അത്യുത്പാദന ശേഷിയുള്ള സിറയും മികച്ചതാണ്. ഒരു സെറ്റിന് ഏകദേശം നാലുഗ്രാം വിത്തു മതി. 45ഃ45 സെന്റീമീറ്റര്‍ ഇടയകലം വേണം.

വഴുതന

വഴുതനയാണെങ്കില്‍ 75 ഃ 60 സെന്റീമീറ്റര്‍ ഇടയകലം ആവശ്യമാണ്. പ്രോട്രേയിലോ, വശം പരന്ന പാത്രത്തിലോ, തവാരണയിലോ വിത്തു മുളപ്പിക്കാം. ഒരു മാസം പ്രായമായ തൈകളാണ് നടാന്‍ അനുയോജ്യം. പടര്‍ന്നു വളരുന്ന ഇനങ്ങളായ ഹരിത, നീലിമ എന്നീ വഴുതന ഇനങ്ങള്‍ക്ക് കൂടുതല്‍ ഇടയകലം വേണം. അതുപോലെ ശേത, നീലിമ, ഹരിത, സൂര്യ എന്നിവ ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധി ക്കുന്ന ഇനങ്ങളാണ്.

പറിച്ചു നടുന്ന സമയത്ത്

സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി, പറിച്ചെടുത്ത തൈകളുടെ വേര് 20 മിനിറ്റു വരെ മുക്കിവച്ചശേഷം നട്ടാല്‍ രോഗപ്രതിരോധശേഷി കൂടും. കോഴിവളം, ഉണക്കിപ്പൊടിച്ച ആട്ടിന്‍കാഷ്ഠം എന്നിവ കാലിവളത്തേ ക്കാള്‍ നല്ലതാണ്. മണ്ണില്‍ നിന്നു യര്‍ത്തി കൂനകൂട്ടിയാണ് മഴക്കാലത്തു ചെടികള്‍ നടേണ്ടത്. ഓരോ പത്തുദിവസം കൂടുമ്പോഴും മേല്‍വളമിട്ട് മണ്ണോടു ചേര്‍ക്കണം. കൃത്യമായുള്ള കളനശീകരണവും വളം ചേര്‍ത്ത് മണ്ണു കൂട്ടികൊടുക്കലും മുളകുകൃഷിക്ക് അത്യാ വശ്യമാണ്. കാറ്റിനെ പ്രതിരോധിക്കുന്നതിനു വേണ്ടി ചെറിയ കമ്പുനാട്ടി മുളകുചെടി കെട്ടിവച്ചു കൊടുക്കാം. രണ്ടുമാസം കഴിഞ്ഞാല്‍ വിളവെടുക്കാം. നന്നായി പരിച രിച്ചാല്‍ മുളകും വഴുതനയും ആറുമാസം വരെ വിളവുതരും.

ഏതു കാലാവസ്ഥയിലും വളരുന്ന പയര്‍

എല്ലാ കാലാവസ്ഥയും പയറു കൃഷിക്കനുയോജ്യമാണ്. പച്ചക്കറിയില്‍ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടുതരം പയറുകളുണ്ട്. കുറ്റിപ്പയറും, വള്ളിപ്പയറും.

അടുക്കളത്തോട്ടത്തിലും വാണി ജ്യകൃഷിയിലും പയര്‍ സ്ഥാനംപിടി ച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി എന്ന ഇനമാണ് കുറ്റിപ്പയറില്‍ മികച്ചുനില്‍ ക്കുന്നത്. കൂടാതെ കൈരളി, അന ശ്വര എന്നിവയുമുണ്ട്. ലോല, വൈജയന്തി, ശാരിക, വെള്ളായണി ജ്യോതിക എന്നിവ പടരുന്ന പയറിനങ്ങളാണ്. ഇതുകൂടാതെ അത്യുത് പാദനശേഷിയുള്ള ഇനം ഹൈബ്രിഡ് വിത്തുകളും ഇന്നു വിപണിയില്‍ സുലഭമാണ്. വാങ്ങുമ്പോള്‍ കാലാ വധി കഴിയാത്തതാണോ എന്ന് പാക്കറ്റു നോക്കി ഉറപ്പു വരുത്തണം.

ഗ്രോബാഗിലും ചെറു തടങ്ങളിലും മണ്ണില്‍ നിന്നുയര്‍ത്തി കൂനകൂട്ടിയും നടാം. ഒരു ദിവസം കുതിര്‍ത്ത വിത്തോ, നേരത്തേ പാകി മുളപ്പിച്ച തൈകളോ ഉപയോഗിക്കാം. 45 ഃ 15 സെന്റീമീറ്റര്‍ അകലത്തില്‍ നടാം. ഒരു തടത്തില്‍ മൂന്നു തൈകള്‍ വരെ നടാം. കൃഷിയിടം നന്നായി ഉഴുതുമറിക്കണം. കട്ടകള്‍ ഉടച്ച്, മണ്ണു പരുവപ്പെടു ത്തണം. നടീലിനു 15 ദിവസം മുമ്പു കുമ്മായം ചേര്‍ക്കണം. അടിവളമായി ചാണകം, മണ്ണിരക്കമ്പോസ്റ്റ്, കോഴി വളം എന്നിവ ഉപയോഗിക്കാം.ജൈവവളങ്ങള്‍ തടങ്ങളില്‍ രണ്ടാ ഴ്ച ഇടവേളകളില്‍ ഇട്ടു കൊടുക്കണം.


വളര്‍ച്ചാത്വരകങ്ങളായ മത്തി- ശര്‍ക്കര മിശ്രിതം, വെര്‍മിവാഷ്- പഞ്ചഗവ്യം എന്നിവ വെള്ളത്തില്‍ നേര്‍പ്പിച്ച് തടത്തില്‍ ഒഴിച്ചും വള്ളി കളില്‍ തളിച്ചും കൊടുക്കാം. മേല്‍ വളമിട്ടതിനുശേഷം ചെറുതായി മണ്ണിളക്കിക്കൊടുത്താല്‍ ചെടിക്ക് നല്ല വേരോട്ടവും വളര്‍ച്ചയുമുണ്ടാകും. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലില്‍ കയറ്റിവിടണം. കയര്‍ പന്തലും, പ്ലാസ്റ്റിക് നെറ്റ് പന്തലും ഇടാം. കുറ്റിപ്പയറാണെങ്കില്‍ ഉണ ങ്ങിയ മരച്ചില്ലകള്‍ നാട്ടി കൊടുക്കാം. നല്ല കായികവളര്‍ച്ച ഉണ്ടാകുന്ന അവസരത്തില്‍ നാമ്പു ചെറുതായി നുള്ളിക്കളഞ്ഞാല്‍ പൂവിടല്‍ കൂടും. പയര്‍ അധികം മൂക്കു ന്നതിനു മുമ്പേ വിളവെടുത്തു തുടങ്ങണം.



മഴയത്ത് വെള്ളരി വര്‍ഗവിളകളും

വെള്ളരിവര്‍ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കോവല്‍ എന്നിവ മഴക്കാലത്തും കൃഷി ചെയ്യാം. സാലഡ് കുക്കുംബര്‍ അഥവാ കക്കിരിയും മഴക്കാലത്ത് നന്നായി വളരുമെന്നത് എന്റെ കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ തെളിയിച്ചതാണ്.

പാവല്‍ ഇനങ്ങള്‍

പ്രീതി (ഇളം പച്ച നിറം), പ്രിയങ്ക (വെളുത്ത വലിപ്പമുള്ളത്), പ്രിയ (നീണ്ട മുള്ളുകള്‍, പച്ചനിറം) പാലി എന്നിവ മികച്ച പാവല്‍ ഇനങ്ങളാണ്. പാവലിന്റേത് വലിയ വിത്തായതിനാല്‍ ഒരു സെന്റിന് ശരാശരി 24 ഗ്രാം ആവശ്യമാണ്.

പടവലം ഇനങ്ങള്‍

മനുശ്രീ, കൗമുദി എന്നീ ഇനങ്ങള്‍ കൂടാതെ വലിപ്പം കുറവും വിപണി മൂല്യം ഏറെയുമുള്ള ബേബി എന്ന ഇനവുമുണ്ട്. 16 ഗ്രാം വിത്തു മതി ഒരു സെന്റിന് .

വെള്ളരിയിലെ താരങ്ങള്‍

അരുണിമ,വലിപ്പം കുറഞ്ഞ കടും പച്ചനിറത്തില്‍ ഇളംപച്ച വരകളുള്ള സൗഭാഗ്യ, വലിപ്പമുള്ളതും ഇളംപ്രാ യത്തില്‍ പച്ചനിറവും മുപ്പെത്തുമ്പോ ള്‍ സ്വര്‍ണവര്‍ണവുമാകുന്ന മുടി ക്കോട് ലോക്കല്‍ എന്നിവയാണ് വെള്ളരിയുടെ മികച്ച ഇനങ്ങള്‍. വളരെ ചെറിയ വിത്തായതിനാല്‍ ഒരു സെന്റിന് മൂന്നു ഗ്രാം വിത്തുമതി.

കുമ്പള ഇനങ്ങള്‍

ഇന്ദു, കെഎയു ലോക്കല്‍ എന്നി വയാണ് പ്രധാന കുമ്പള ഇന ങ്ങള്‍. നാലുഗ്രാം വിത്തു മതി ഒരു സെന്റിന്.

മത്തന്‍ ഇനം

അമ്പിളി ഇടത്തരം വലിപ്പമുള്ള ഇനമാണ്. മഴക്കാലത്ത് ചെയ്യാന്‍ പറ്റുന്ന മത്തനാണിത്. ഒരു സെന്റിന് അഞ്ചു ഗ്രാം വിത്താണു വേണ്ടത്.

കോവലില്‍ സുലഭ

സുലഭ എന്ന ഇനമാണ് പ്രധാന മായും കോവലില്‍ ഉള്ളത്. നാടന്‍, പരമ്പരാഗത ഇനങ്ങളും കൃഷിക്കനുയോജ്യമാണ്.

സലാഡ് കുക്കുമ്പര്‍

ഹൈബ്രിഡ് ഇനങ്ങളാണ് സാല ഡ് കുക്കുംബറിലുള്ളത്. മഴക്കാല കൃഷിക്ക് ഇവ യോജിച്ചതാണ്.

നടീല്‍ അകലം

പാവല്‍, പടവലം തുടങ്ങിയ പന്തല്‍ ആവശ്യമുള്ള പച്ചക്കറികള്‍ക്ക് 2 ഃ 2 മീറ്റര്‍ എന്നതാണ് ഇടയകലം. വെള്ളരിക്കും സാലഡ് കുക്കും ബറിനും 2 ഃ 1.5 മീറ്റര്‍, കുമ്പളത്തിനും മത്തനും 4.5 ഃ 2 മീറ്റര്‍ എന്നിങ്ങനെ ഇടയകലം ക്രമീകരിക്കാം.

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണെങ്കില്‍ 4 ഃ 3 മീറ്റര്‍ നടീല്‍ അകലം ആവശ്യമാണ്. മികച്ച ഉത്പാദനം തരുന്ന കോവലിന്റെ പെണ്‍ചെടിയില്‍ നിന്നു 30 മുതല്‍ 40 സെന്റീമീറ്റര്‍ നീളത്തിലുള്ള മൂന്നു നാലു മുട്ടുകളെങ്കിലുമുള്ളത് ശേഖ രിച്ചു നടാം. നടീല്‍ മിശ്രിതം നിറച്ച ചാക്കിലും കോവല്‍ കൃഷി നടത്താം. പടര്‍ത്താന്‍ ആവശ്യമുള്ള സൗകര്യം ഉണ്ടാക്കുകയും വേണം. വലിയ പരിചരണങ്ങളും രോഗകീട ബാധകളും ഇല്ലാതെ തന്നെ കോവല്‍ കൃഷി എല്ലാ കാലത്തും ചെയ്യാം . അതിനാല്‍ കോവല്‍ നടുന്ന സമയത്തും വള്ളി വീശുമ്പോഴും 10 കിലോ എന്ന തോതില്‍ കാലിവളമിട്ടു കൊടുക്കണം. മാസത്തിലൊരിക്കല്‍ മണ്ണുമായി ചേര്‍ത്തു മേല്‍വളം കൊടുക്കണം. അടുക്കളത്തോട്ടത്തില്‍ നടാനാണെങ്കില്‍ സൗകര്യപ്രദമായി സൂര്യപ്രകാശത്തിനനുസരിച്ച് നടാവുന്നതാണ്.

എങ്ങനെ നടണം?

ഒരടി ആഴവും രണ്ടടി വലിപ്പവു മുള്ള കുഴികളെടുത്ത് ഉണങ്ങിയ ചപ്പുചവറുകള്‍ ചേര്‍ക്കുക. അതി ലേക്ക് 40 കിലോ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, അതെ കുഴിയില്‍ നിന്നു മാറ്റിവച്ച മേല്‍ മണ്ണുമായി ചേര്‍ത്തു കുഴിയിലിടുക. ഒരു കുഴിയില്‍ നാലു മുതല്‍ അഞ്ചു വരെ തൈകളോ വിത്തോ നടാം. മുളച്ചു രണ്ടാഴ്ച കഴിഞ്ഞാല്‍ കരുത്തുള്ള മൂന്നു തൈകള്‍ നില നിര്‍ത്താം.

വളപ്രയോഗം

മേല്‍വളമായി നേരത്തെ പറഞ്ഞ വളങ്ങളില്‍ ഏതെങ്കിലും 30 കിലോ ഗ്രാം വീതം അല്ലെങ്കില്‍ ഗുണമേന്മ യുള്ള മണ്ണിരകമ്പോസ്റ്റ് അഞ്ചു കിലോഗ്രാം വീതം വള്ളി വീശി തുടങ്ങുന്ന സമയത്തും പൂവിടുന്ന അവസരത്തിലും കൊടു ക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ പച്ചച്ചാണകം ഒരു കിലോ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്.

പൊതുവായ പരിചരണമുറകള്‍

പടവലവും പാവലും വള്ളി വീശുമ്പോള്‍ പന്തലിട്ടു കൊടുക്കണം. മത്തന്‍, കുമ്പളം, വെള്ളരി, സാലഡ് കുക്കുംബര്‍ എന്നിവ സുഗമമായി നിലത്ത് പടര്‍ന്നു വളരുന്നതിന് പരന്നുണങ്ങിയ മരച്ചില്ലകളും തെങ്ങി ന്റെ ഓലമടലും ഉപയോഗ പ്പെടുത്താം. അതോടൊപ്പം തന്നെ കൃത്യ മായ വളപ്രയോഗവും ഇടവിട്ടുള്ള കള നശീകരണവും ആവശ്യമാണ്. ഓരോ തവണ വളപ്രയോഗം നടത്തുമ്പോഴും വളം മണ്ണുമായി ചേര്‍ത്ത് കൂ നകൂട്ടി ഉയര്‍ത്തിക്കൊടുക്കണം. വെ ള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഷബീര്‍ അഹമ്മദ് കെ.എ.
കൃഷി ഓഫീസര്‍, കോടഞ്ചേരി