ലോകനാഥന്റെ നിശബ്ദ ഫ്രെയിമുകൾ
Monday, December 4, 2017 6:49 AM IST
ലോകസിനിമയുടെ നെറുകയിൽ വിരാജിക്കുന്ന മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാൻ അന്യഭാഷയിൽനിന്നുള്ള ഛായാഗ്രാഹകരും ഏറെ താൽപര്യത്തോടെ എത്താറുണ്ട്. ഒന്നര പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ തിളങ്ങിനിൽക്കുന്ന എസ്. ലോകനാഥനും ഈ ഗണത്തിൽപ്പെടുന്നു. സാങ്കേതികമായി ഉന്നതനിലവാരം പുലർത്തിയ ഒരുപിടി മലയാള ചിത്രങ്ങൾക്ക് കാമറ നിയന്ത്രിച്ചതിലൂടെ ലോകനാഥന്റെ കഴിവുകൾ ഇവിടത്തെ പ്രേക്ഷകരും അംഗീകരിച്ചുകഴിഞ്ഞു.
ഹിന്ദി ഉൾപ്പെടെ 25-ലേറെ ചിത്രങ്ങൾക്ക് ഇതിനോടകം ഇദ്ദേഹം കാമറ നിയന്ത്രിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയാണെങ്കിലും തമിഴ് ചിത്രത്തിനുവേണ്ടി ഇദ്ദേഹം ഛായാഗ്രഹണം നിർവഹിക്കുന്നത് ഈ മേഖലയിലെത്തി 12 വർഷങ്ങൾക്കുശേഷമാണ്. യാഷ് രാജ് ഫിലിംസിന്റെ ആഹാ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം.
വി.കെ. പ്രകാശ് സംവിധാനംചെയ്ത മൂന്നാമതൊരാൾ എന്ന ചിത്രത്തിലൂടെയാണ് ലോകനാഥൻ മലയാളത്തിലെത്തുന്നത്. പരസ്യചിത്രസംവിധായകനായിരുന്ന വി.കെ. പിക്കൊപ്പം പ്രവർത്തിച്ചുള്ള പരിചയമാണ് ലോകനാഥനെ ഈ ചിത്രത്തിലേക്കെത്തിച്ചത്. സാങ്കേതികമായി ഒട്ടേറെ സവിശേഷതകളുള്ള ചിത്രമായിരുന്നു മൂന്നാമതൊരാൾ. ഡിജിറ്റൽ രൂപത്തിൽ മാത്രം ചിത്രീകരിച്ച് സാറ്റലൈറ്റ് വഴി തിയറ്ററുകളിലെത്തിച്ച ആദ്യ മലയാള ചിത്രമെന്ന ബഹുമതി നേടിയ ചിത്രമാണിത്. ഹൈ ഡെഫിനിഷൻ കാമറ ഉപയോഗിച്ചു പൂർണമായും ചിത്രീകരിച്ച ആദ്യ മലയാള സിനിമയും ഈ ചിത്രംതന്നെ. പീരുമേട്ടിലും പരിസരങ്ങളിലുമായാണ് മൂന്നാമതൊരാൾ ചിത്രീകരിച്ചത്.
ഉദയ് അനന്തൻ സംവിധാനം ചെയ്ത പ്രണയകാലത്തിനുവേണ്ടിയാണ് പിന്നീടു ലോകനാഥൻ കാമറ നിയന്ത്രിച്ചത്. തുടർന്ന് അൻവർ റഷീദ് സംവിധാനംചെയ്ത അണ്ണൻ തന്പി എന്ന മെഗാഹിറ്റ് ചിത്രത്തിൽ പ്രവർത്തിക്കാനുള്ള ഭാഗ്യവും ലോകനാഥനെ തേടിയെത്തി. മമ്മൂട്ടി ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രം വർണവൈവിധ്യങ്ങളുടെ സമന്വയത്താൽ ദൃശ്യമനോഹരമാക്കിയ ലോകനാഥൻ, ഒരു തികഞ്ഞ ഛായാഗ്രാഹകന്റെ കൈയടക്കവും പ്രകടിപ്പിച്ചു.
മേജർ രവി- മോഹൻലാൽ ടീമിന്റെ പട്ടാളക്കഥ പറഞ്ഞ ചിത്രം കുരുക്ഷേത്രയിൽ പ്രവർത്തിക്കാനായത് അഭിമാനത്തോടെയാണ് ഇദ്ദേഹം ഓർമിക്കുന്നത്. ബോഫോഴ്സ് ഗണ് ആദ്യമായി കാണാനായതും എ.കെ. 47 ആദ്യമായി കൈയിലെടുക്കാനായതും മറ്റും വേറിട്ട അനുഭവമാണു തനിക്കു നൽകിയതെന്ന് അദ്ദേഹം പറയുന്നു.
പ്രശാന്ത് മാന്പുള്ളി സംവിധാനം ചെയ്ത ഭഗവാൻ എന്ന വ്യത്യസ്തമായ ചിത്രവും ലോകനാഥന്റെ കാമറയിൽ ചിത്രീകരിച്ചതാണ്. ഭീകരതയ്ക്കെതിരായുള്ള സന്ദേശം നൽകുന്ന ഈ ചിത്രം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് (19 മണിക്കൂർ ) ഷൂട്ട് ചെയ്ത് റിക്കാർഡിടുക എന്ന ലക്ഷ്യം നേടി. ലോകനാഥനൊപ്പം 18 അസിസ്റ്റന്റ് കാമറാമാൻമാർ ചേർന്നു പ്രവർത്തിച്ചാണ് ഈ ലക്ഷ്യം നേടിയത്.
ലാൽ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാലയായിരുന്നു തുടർന്നു പ്രവർത്തിച്ച ചിത്രം. സ്പെയിനിലെ ചിത്രീകരണം തനിക്കു മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. ഷൂട്ടിംഗിനിടയിലെ കാളപ്പോരും തക്കാളിയേറു മത്സരവും മറ്റും ഏറെ കൗതുകത്തോടെയാണ് ചിത്രീകരിച്ചതെന്നും ഇദ്ദേഹം ഓർമിക്കുന്നു.
അർഥസന്പുഷ്ടമായ നിശബ്ദ ഫ്രെയിമുകളിലൂടെ കഥ പറയുന്നതിനും താൻ വിദഗ്ധനാണെന്ന് ഇദ്ദേഹം തെളിയിച്ച ചിത്രമാണ് ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ കാവ്യാത്മകമായ ദൃശ്യഭാഷയാൽ സന്പന്നമാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. വ്യത്യസ്തമായ കളർടോണുകൾകൊണ്ടും പുതുമയുള്ള കഥാഖ്യാനംകൊണ്ടും ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വി.കെ. പ്രകാശിന്റെ റോക്ക് സ്റ്റാർ, സംവിധായകൻ ജോഷിയുടെ സ്പൈ ആക്ഷൻ ഫിലിം ലൈലാ ഓ ലൈല എ ന്നിവ ലോകനാഥൻ ദൃശ്യചാരുത പകർന്ന സമീപകാല മലയാളചിത്രങ്ങളാണ്.
തയാറാക്കിയത്: സാലു ആന്റണി