തീവ്രമായ ദൃശ്യാനുഭവം പകരുന്ന പപ്പു ഫ്രെയിമുകൾ
Wednesday, May 16, 2018 3:32 PM IST
പ്രമേയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാമറ നിയന്ത്രിക്കാൻ തനിക്കു സാധിക്കുമെന്ന് യുവഛായാഗ്രാഹകനായ പപ്പു, ഈട എന്ന ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. നവാഗത സംവിധായകൻ ബി. അജിത്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം കണ്ണൂരിന്റെ അക്രമരാഷ്ട്രീയം പശ്ചാത്തലമാക്കി അവതരിപ്പിച്ച പ്രണയകഥയാണ്. സാധാരണമനുഷ്യർ എങ്ങനെയാണ് സംഘർഷങ്ങളുടെ ഇരകളായി തീരുന്നതെന്ന് യാഥാർഥ്യബോധത്തോടെ കാണിച്ചുതരുന്ന വിഷ്വലുകൾ ഈ ചിത്രത്തിന്റെ ഗാംഭീര്യം വർധിച്ചു. ഷെയ്ൻ നിഗം, നിമിഷ സജയൻ എന്നിവരാണ് ഈടയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദുൽഖർ സൽമാൻ, സണ്ണിവെയ്ൻ, ഗൗതമി നായർ എന്നീ താരങ്ങളെയും ശ്രീനാഥ് രാജേന്ദ്രൻ എന്ന സംവിധായകനെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച സെക്കൻഡ് ഷോയിലൂടെയാണു പപ്പുവും സിനിമയിൽ അരങ്ങേറിയത്. പുതുമുഖങ്ങളുടെ അരങ്ങേറ്റചിത്രമെന്ന തോന്നൽ പ്രേക്ഷകരിൽ സൃഷ്ടിക്കാത്തവിധം വിദഗ്ധമായാണ് പപ്പു കാമറ കൈകാര്യം ചെയ്തത്. ഒരു കാമറാമാന്റെ കൈയൊപ്പ് ഈ ചിത്രത്തിൽ തെളിഞ്ഞുനിൽക്കുന്നത് പ്രേക്ഷകർക്ക് അനുഭവവേദ്യമാണ്. ഡാർക്ക്ടോണിലെടുത്ത ഫ്രെയ്മുകൾ, ആക്ഷൻ മൂഡിലുള്ള ചിത്രത്തിന്റെ തീവ്രത നിലനിർത്തുന്നതിന് ഏറെ സഹായകരവുമായിരുന്നു. പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള സംവിധായകന്റെ ശ്രമങ്ങൾക്ക്, പപ്പു നൂറുശതമാനവും പിന്തുണ നൽകി. ശ്രദ്ധിക്കാതെയെന്നവണ്ണം അതീവശ്രദ്ധയോടെ ചിത്രീകരിച്ച ദൃശ്യങ്ങളിലൂടെയാണ് ഇദ്ദേഹം ചിത്രത്തിന്റെ ഭംഗി വർധിപ്പിച്ചത്.
ഛായാഗ്രഹണത്തിലൂടെയും സംവിധാനത്തിലൂടെയും പ്രേക്ഷകരുടെ ആസ്വാദനത്തിന് പുതിയ ഭാഷ്യമൊരുക്കിയ രാജീവ് രവി, രണ്ടാമതായി സംവിധാനംചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന്റെ കാമറ നിയന്ത്രിക്കാൻ തെരഞ്ഞെടുത്തത് പപ്പുവിനെയാണ്. കോളജിലെ നേരന്പോക്കുകളുമായി കറങ്ങിനടന്ന ഒരു പയ്യൻ ചില പ്രത്യേക സാഹചര്യങ്ങൾ നിമിത്തം സമൂഹത്തിലെ അധോലോകവുമായി ഇടപെടേണ്ടിവരുന്നതാണ് ഞാൻ സ്റ്റീവ് ലോപ്പസിന്റെ ഇതിവൃത്തം. മെല്ലെ ഒഴുകുന്ന കഥനരീതി, നേർ ജീവിതത്തിൽനിന്നു പറിച്ചുനട്ടതുപോലുള്ള കഥാപാത്രങ്ങൾ, സൂക്ഷ്മമായ ഭാവങ്ങളിലും വിശദാംശങ്ങളിലുമുള്ള ശ്രദ്ധ.- രാജീവ് രവിയുടെ ഈ സൂക്ഷ്മതയ്ക്കൊത്തവിധം കാമറ ചലിപ്പിക്കാൻ താൻ പര്യാപ്തനായിരുന്നുവന്നു പപ്പു തെളിയിച്ചു; ഒരു കവിതപോലെ സുന്ദരവും അതിതീവ്രവുമായ ദൃശ്യാനുഭവം പകർന്നുനൽകിക്കൊണ്ട്.
രഞ്ജൻ പ്രമോദ് ആദ്യമായി സംവിധാനംചെയ്ത റോസ് ഗിറ്റാറിനാൽ എന്ന ചിത്രമായിരുന്നു തുടർന്ന് ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ചിത്രം. ഇതേത്തുടർന്ന് എം.പത്മകുമാർ, ദീപൻ, വിനോദ് വിജയൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഡി കന്പനി എന്ന ചിത്രത്തിലെ ഒരു സെഗ്മെന്റിനും ഇദ്ദേഹം കാമറ നിയന്ത്രിച്ചു. സെക്കൻഡ് ഷോ എന്ന ചിത്രത്തിനുശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനംചെയ്ത കൂതറ എന്ന ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചതും പപ്പുവാണ്. ഭരത്, സണ്ണി വെയ്ൻ, ടൊവിനോ എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ. ഉസ്താദ് സാലി എന്ന വിചിത്രമനുഷ്യനെ അവതരിപ്പിച്ചുകൊണ്ട് അതിഥിതാരമായി എത്തുന്ന മോഹൻലാലിന്റെ സാന്നിധ്യവും കാമറാമാൻ മികച്ച രീതിയിലാണു പകർത്തിയത്.
നവാഗതനായ ഷിബു ബാലൻ, ശ്രീനിവാസന്റെ തിരക്കഥയിൽ സംവിധാനം ചെയ്ത നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രവും പപ്പുവിന്റെ കാമറയിൽ തീർത്തതാണ്. ശ്രീനിവാസനും സംഗീതയുമായിരുന്നു പ്രധാനവേഷങ്ങളിൽ.
ശ്രീനിവാസനെ നായകനാക്കി സജിൻ ബാബു സംവിധാനംചെയ്ത അയാൾ ശശി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതിനുശേഷമാണ് പപ്പു ഈടയുടെ അണിയറയിലേക്കെത്തിയത്.
അഭിനേതാക്കളുടെ സൂക്ഷ്മമായ ഭാവങ്ങളും കഥാപശ്ചാത്തലത്തിന്റെ വിശദാംശങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ച് ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാനാണ് ഓരോ സിനിമയിലും പപ്പു ശ്രമിക്കുന്നത്.
തയാറാക്കിയത്: സാലു ആന്റണി