മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാനാണ് രവിവർമൻ. ഛായാഗ്രഹണ കലയിൽ ഇദ്ദേഹത്തിനുള്ള പ്രവീണ്യം വിസ്മയത്തോടെ നോക്കിക്കാണുന്നവരിൽ നിരവധി കാമറാമാൻമാരുമുണ്ട്.

രവിവർമൻ ഛായാഗ്രഹണം നിർവഹിച്ച ചില ചിത്രങ്ങൾ ഭാഷയ്ക്ക് അതീതമായി ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ആകർഷിച്ചവയാണ്. ഓട്ടോഗ്രാഫ്, അന്യൻ, വേട്ടയാട് വിളയാട്, ദശാവതാരം, വില്ലു തുടങ്ങിയ തമിഴ് ചിത്രങ്ങൾ ഇക്കൂട്ടത്തിൽപ്പെടും. യേ ദിൽ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും സാന്നിധ്യമറിയിച്ച ഇദ്ദേഹം അർമാൻ, ഫിർ മിലേംഗേ, ബർഫി, തമാശ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായിരുന്നു.



1999ൽ ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത "ജലമർമരം' എന്ന ചിത്രത്തിലൂടെയാണ് രവി സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. തുടർന്ന് റാഫി മെക്കാർട്ടിന്‍റെ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലേക്ക്. പിന്നാലെ വന്ന ശാന്തം എന്ന ജയരാജ് ചിത്രമാണ് രവിവർമന്‍റെ കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണത്തിലൂടെയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു കാമറാമാനെന്ന നിലയിൽ ഇദ്ദേഹം അംഗീകരിക്കപ്പെടുന്നത്.

പിന്നീട് ഷാജി കൈലാസിന്‍റെ വല്യേട്ടൻ, രാജീവ്കുമാറിന്‍റെ വക്കാലത്തു നാരായണൻകുട്ടി എന്നീ ചിത്രങ്ങൾക്കു ശേഷം സൂസി ഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക്. തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇതിനിടയിൽ പ്രിയദർശന്‍റെ കിളിച്ചുണ്ടൻ മാന്പഴം, മേജർ രവിയുടെ കാണ്ടഹാർ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ദൃശ്യഭാഷ്യം ഒരുക്കി.



ഒരു സിനിമാക്കഥപോലെ വിവരിക്കാവുന്നതാണ് രവിവർമന്‍റെ യഥാർഥ ജീവിതകഥയും. ബാല്യത്തിൽതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇദ്ദേഹം ദാരിദ്യ്രത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ലോകത്തു നിന്ന് സ്വപ്രയത്നത്താലാണ് ഉയർന്നുവന്നത്. തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹം പന്ത്രണ്ടാമത്തെ വയസിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു.

പക്ഷേ, കള്ളനെന്നു മുദ്രകുത്തപ്പെട്ട് ജുവനൈൽ ഹോമിൽ അടയ്ക്കപ്പെടാനായിരുന്നു അവന്‍റെ വിധി. ഒരു ബന്ധു ഇടപെട്ട് രവിയെ ജയിലിനു പുറത്തെത്തിച്ചു. വീണ്ടും പോലീസ് പിടിയിലാകാതിരിക്കാൻ മദ്രാസിനു വണ്ടി കയറിയ രവി ജീവൻ നിലനിർത്താൻ പല ജോലികളും ചെയ്തു. ഇതിനിടയിൽ തന്‍റെ തുച്ഛമായ സന്പാദ്യംകൊണ്ടു നേടിയ ഒരു ചെറിയ കാമറയാണ് രവിയുടെ ജീവിതം മാറ്റിമറിച്ചത്.



ഒഴിവു സമയങ്ങളിൽ ഈ കാമറകൊണ്ടു ചിത്രമെടുത്തു പഠിച്ച രവി, കാലക്രമേണ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന തന്‍റെ സുഹൃത്തിന്‍റെ സഹായത്താൽ ഒരു സിനിമയുടെ പ്രൊഡക്ഷൻ ടീമിൽ കയറിപ്പറ്റി. മോഹങ്ങളോ പ്രതീക്ഷകളോ ഒന്നും ഇല്ലായിരുന്നുവെങ്കിലും കുറേക്കാലത്തിനു ശേഷം രജനികാന്ത് ചിത്രം മാപ്പിളയുടെ അണിയറയിൽ, ഛായാഗ്രാഹകൻ വി. രംഗയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ആറു വർഷം രംഗയുടെ കീഴിലും തുടർന്ന് പ്രശസ്ത സിനിമാട്ടോഗ്രാഫർ രവി കെ. ചന്ദ്രനൊപ്പവും അസോസിയേറ്റായി പ്രവർത്തിക്കാൻ രവിക്കു സാധിച്ചു.

ഇതിനോടകം സിനിമയും കാമറയും നന്നായി അറിഞ്ഞ ഇദ്ദേഹം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളും പഠിച്ചെടുത്തു. ഷങ്കർ, ഗൗതം മേനോൻ, കെ.എസ്. രവികുമാർ, പ്രഭുദേവ തുടങ്ങിയ തമിഴിലെ പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ച് മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ രവി വർമനു സാധിച്ചിട്ടുണ്ട്.

മോസ്കോവിൻ കാവേരി എന്ന ചിത്രം സംവിധാനം ചെയ്ത ഇദ്ദേഹം പരസ്യചിത്രങ്ങൾ, ഡോക്യുമെന്‍ററികൾ, സംഗീത ആൽബങ്ങൾ എന്നിവയ്ക്കും കാമറ ചലിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്‍റേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും രവി വർമൻ കരസ്ഥമാക്കിയിട്ടുണ്ട്. മണിരത്നം സംവിധാനംചെയ്യുന്ന കാട്രു വെളിയിടെ (തമിഴ്), അനുരാഗ് ബസുവിന്‍റെ ജഗാ ജാസൂസ് (ഹിന്ദി)എന്നിവയാണ് പുതിയ ചിത്രങ്ങൾ.

സാലു ആന്‍റണി