പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
Sunday, July 30, 2017 5:39 AM IST
ജിബു ജേക്കബ് സംവിധാനംചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിനു കാമറ നിയന്ത്രിച്ച യുവഛായാഗ്രാഹകനാണു പ്രമോദ് കെ. പിള്ള. പുതുമയുള്ള ഒരു പ്രമേയം ദൃശ്യമികവോടെ അവതരിപ്പിക്കാൻ സംവിധായകൻ ജിബുവിനു പിന്തുണ നൽകിയ ഈ കാമറാമാൻ അദ്ദേഹത്തിന്റെ മുൻകാല ശിഷ്യൻകൂടിയാണ്. കാമറാമാനായിരുന്ന ജിബുവിനൊപ്പം പന്ത്രണ്ടു വർഷത്തോളം അസിസ്റ്റന്റായി പ്രവർത്തിച്ചതിനുശേഷമാണ് പ്രമോദ് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയത്.
മുന്തിരിവള്ളികൾ തളിർക്കുന്പോൾ ചിത്രീകരണവേളയിലെ ഒരു അനുഭവം പ്രമോദ് പങ്കുവയ്ക്കുന്നു: ""ഒരു അലമാരയുടെ ഉള്ളിൽനിന്നും ഷർട്ട് എടുക്കുന്നതായിരുന്നു ആദ്യത്തെ ഷോട്ട്. ഒരിക്കലും അലമാരയ്ക്കുള്ളിൽനിന്നും വലിയ പ്രകാശം പുറത്തേക്കു വരില്ല. അതുകൊണ്ടു ലാലേട്ടന്റെ മുഖത്ത് അൽപം പ്രകാശമില്ലായ്മയോടെയാണ് ലൈറ്റപ്പ് ചെയ്തത്. ഈ വെളിച്ചമില്ലായ്മകൊണ്ട് ലാലേട്ടന് എന്തെങ്കിലും തോന്നുമോ എന്നായിരുന്നു എന്റെ ചിന്ത. ഷോട്ടു കഴിഞ്ഞപ്പോൾ ഞാൻ ലാലേട്ടന്റെയടുത്ത് ചെന്നു കാര്യം പറഞ്ഞു. ആദ്യ ഷോട്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ആശങ്ക എന്നിൽ കടന്നുകൂടിയത്. അത് അങ്ങനെ തന്നെയല്ലേ വേണ്ടത് എന്നായിരുന്നു ലാലേട്ടൻ പ്രതികരിച്ചത്. ഇങ്ങനെ ലാലേട്ടന്റെയും ജിബു ചേട്ടന്റെയുമൊക്കെ നല്ല സഹകരണത്തോടെയാണ് ഈ സിനിമ ചെയ്യാൻ കഴിഞ്ഞത്.’’
""ഒരു റിയലിസ്റ്റിക് സിനിമയാണു മുന്തിരിവള്ളി. ആ കഥയോടു ചേർന്നുനിൽക്കുന്ന തരത്തിലുള്ള ഫോട്ടോഗ്രഫിക്കേ സിനിമയിൽ സ്ഥാനമുള്ളു. അല്ലാ തെ കാമറകൊണ്ടുള്ള ഗിമ്മിക്സുകൾ കാണിക്കേണ്ട ആവശ്യമില്ല. ചെയ്യുന്ന ജോലി റിയലിസ്റ്റിക് തന്നെയായിരിക്കണമെന്ന എന്റെ താൽപര്യവും ഇതിന് അനുയോജ്യമായി:’’ പ്രമോദ് കൂട്ടിച്ചേർത്തു.
അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ജ്യേഷ്ഠനുമായ പ്രദീപാണ് ഒരു ഫോട്ടോഗ്രാഫറാകാനുള്ള താൽപര്യം പ്രമോദിൽ ജനിപ്പിച്ചത്. ചേട്ടൻ വാങ്ങിക്കൊടുത്ത സ്റ്റിൽ കാമറയിലാണ് താൻ ഫോട്ടോഗ്രഫി പഠിച്ചതെന്ന് പ്രമോദ് അഭിമാനത്തോടെ പറയുന്നു. സിദ്ധിഖിന്റെ അസിസ്റ്റന്റായ ടിവിൻ വർഗീസിനോട് സിനിമയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹം പറഞ്ഞു. റാഫി മെക്കാർട്ടിൻ ടീമിലെ മെക്കാർട്ടിൻ സംവിധാനംചെയ്ത മ്യൂസിക് വീഡിയോയിൽ സ്റ്റില്ലെടുത്തായിരുന്നു തുടക്കം.
ടിവിനാണ് ജിബുവിന്റെയടുത്ത് പ്രമോദിനുവേണ്ടി ശുപാർശ ചെയ്തത്. അങ്ങനെ ജിബു ഛായാഗ്രഹണം നിർവഹിച്ച കാന്പസ് തുടക്ക ചിത്രമായി. തസ്കരവീരൻ, രാഷ്ട്രം, ഒരുവൻ തുടങ്ങിയ ചിത്രങ്ങളിലും ജിബുവിന്റെയൊപ്പം പ്രവർത്തിച്ചു. ഇതിനിടയിൽ ഭ്രമരം എന്ന സിനിമയിൽ അജയൻ വിൻസന്റിനോടൊപ്പവും പ്രണയത്തിൽ സതീഷ് കുറുപ്പിനോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര കാമറാമാനായി പ്രവർത്തിച്ച ആദ്യ സിനിമ പത്മകുമാർ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം പോളിടെക്നിക് ആണ്.
പുതിയ ഒരു പാറ്റേണിലൂടെയാണ് ജിബു ജേക്കബ് മോഹൻലാലിനെ മുന്തിരിവള്ളിയിലെ ഉലഹന്നാനായി അവതരിപ്പിച്ചതെന്നു പ്രമോദ് പറയുന്നു. ഈ സിനിമയുടെ സബ്ജക്ട് എന്താണോ അതിനൊപ്പംതന്നെയാണ് കാമറയുടെയും സഞ്ചാരം. അല്ലാതെ ഛായാഗ്രഹണകല വേറിട്ടുനിൽക്കുകയോ മുഴച്ചുനിൽക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് ലളിതമായ സബ്ജക്ട് ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു ലൈറ്റിംഗ് പാറ്റേണ്തന്നെ സ്വീകരിച്ചത്. ഒരു സിനിമാസംവിധായകന്റെ മനസാണ് കാമറമാന്റെ കണ്ണുകൾ എന്നു പറയാറുണ്ട്. ഇവിടെ സംവിധായകൻ ജിബു ജേക്കബിനും കാമറാമാൻ പ്രമോദിനും ഇത്തരത്തിൽ ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണു ശ്രദ്ധേയം.
ജിബുവിനോടൊപ്പം ശിഷ്യനായി നിൽക്കുന്പോൾ അദ്ദേഹത്തിന്റെ അഭിരുചികൾ എന്തൊക്കെയാണെന്ന തിരിച്ചറിവ് പ്രമോദിനുണ്ടായി. കൂടാതെ ഓരോ ഷോട്ടിലും ലൈറ്റിംഗ് ഉപയോഗിക്കുന്ന രീതികളും തനിക്കു കൃത്യമായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രമോദ് വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണവേളയിൽ ഇതും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
സാലു ആന്റണി