ഒരു പ്രകാശ് വേലായുധൻ അപാരത..!
Monday, July 3, 2017 3:59 AM IST
മലയാള സിനിമയ്ക്ക് ഒരുപറ്റം യുവപ്രതിഭകളെ സമ്മാനിച്ച സിനിമയാണ് ഒരു മെക്സിക്കൻ അപാരത. സമസ്ത മേഖലയിലും മികവു പുലർത്തിയ ഒരു പുതിയ ടീമാണ് ഈ സിനിമയിലൂടെ ഉദയം ചെയ്തത്. രചനയിലും സംവിധാനത്തിലും പുത്തൻ പ്രതീക്ഷയായ ടോം ഇമ്മട്ടി, മലയാള സിനിമയിൽ നായകനെന്ന നിലയിൽ തന്റെ സ്ഥാനമുറപ്പിക്കാനും താരമൂല്യം കൂട്ടാനും സാധിച്ച ടൊവിനോ തോമസ്... ഇവർക്കൊപ്പം ദൃശ്യഭാഷയ്ക്ക് നവ്യാനുഭവം സമ്മാനിക്കാൻ കാമറാമാൻ പ്രകാശ് വേലായുധനും ഉണ്ടായിരുന്നു.
സിനിമാട്ടോഗ്രാഫറാകണമെന്ന മോഹം ചെറുപ്പംമുതൽ ഉള്ളിലുണ്ടായിരുന്നുവെങ്കിലും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയതിനുശേഷമാണ് പ്രകാശ് ഇഷ്ട മേഖലയിലേക്കു തിരിഞ്ഞത്. 2012-ൽ ജിജു അശോകൻ സംവിധാനം ചെയ്ത ലാസ്റ്റ് ബെഞ്ച് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. ഈ ചിത്രത്തെത്തുടർന്ന് മുംബൈയിലേക്കു പ്രവർത്തനമേഖല മാറ്റിയ ഇദ്ദേഹം രാജീവ് രവി, ജയിൻ ജോസഫ് തുടങ്ങിയ പ്രശസ്ത ഛായാഗ്രാഹകരുടെ കീഴിൽ പ്രവർത്തിച്ച് ഛായാഗ്രഹണ കലയിൽ കൂടുതൽ പ്രാവീണ്യം നേടി.
അജയ് ദേവ്ഗണ് സംവിധാനംചെയ്ത ബോളിവുഡ് ചിത്രം ശിവായിയുടെ ഓപ്പറേറ്റിംഗ് കാമറാമാനായി പ്രവർത്തിക്കുന്നതിനിടയിലാണ് മെക്സിക്കൻ അപാരതയുടെ ഛായാഗ്രാഹകൻ ആകുന്നതിനുള്ള അവസരം തേടിയെത്തിയത്. ഈ ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടിയുമായി വർഷങ്ങളായുണ്ടായിരുന്ന പരിചയമാണ് ഇതിനു വഴിവച്ചത്.
""ഒരു ദിവസം ടോം ഇമ്മട്ടി എന്നെ വിളിച്ച് പുതിയ പ്രോജക്ടിനെക്കുറിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ എന്നെ ഏറെ ആകർഷിച്ച കാര്യം അദ്ദേഹത്തിന് തന്റെ സിനിമയുടെ സബ്ജക്ടിനെക്കുറിച്ചുള്ള ഗ്രാഹ്യമായിരുന്നു. സിനിമയ്ക്കുവേണ്ടി ആർട്ടിഫിഷ്യൽ മൂഡ് സൃഷ്ടിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. തന്റെ സിനിമയിലെ കഥാപാത്രങ്ങളെ സ്വഭാവികമായി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം ഓരോ ആർട്ടിസ്റ്റിനും യഥേഷ്ടം നൽകി. എനിക്ക് അദ്ദേഹത്തിന്റെ ശൈലി ഏറെ ഇഷ്ടമായതോടെ ചിത്രത്തിന് കാമറ നിയന്ത്രിക്കാൻ ഞാൻ സമ്മതം മൂളുകയായിരുന്നു.’’ പ്രകാശ് വേലായുധൻ മനസ് തുറന്നു.
ടോം ഇമ്മട്ടിയുടെ ശൈലിയോട് ഏറെ ചേർന്നുപോകുന്നതായിരുന്നു പ്രകാശിന്റെ ചിത്രീകരണ രീതിയും. ഷൂട്ടിംഗ് സമയത്ത് ഒരാർട്ടിസ്റ്റിനും അവരുടെ ഡയലോഗ് പറയാൻ കാമറയ്ക്കുമുന്പിൽ കൃത്യമായ ഒരു സ്ഥലം സംവിധായകൻ നിർദേശിച്ചില്ല. ഓരോരുത്തർക്കും ഇഷ്ടമുള്ള സ്ഥലത്തുനിന്ന് യുക്തമായ രീതിയിൽ അവരുടെ ഭാഗം അവതരിപ്പിക്കാം. സംവിധായകന്റെയും കാമറാമാന്റെയും കൂട്ടായ ഈ പ്രവർത്തനം ചിത്രത്തിന് ഏറെ മികവു നൽകി.
മഹാരാജാസ് കോളജിലും ഹോസ്റ്റലിലുമായാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. അതീവ സൂക്ഷ്മതയോടെയാണ് ഈ രംഗങ്ങൾ കാമറയിലാക്കിയത്. കാലഘട്ടത്തെ പുനരാവിഷ്കരിക്കുന്നതിനുള്ള ശ്രദ്ധ പുലർത്തിയതിനാൽ കാന്പസിനു പുറത്തേക്കുള്ള ഒരു ദൃശ്യത്തിലേക്കും പോകരുതെന്നു സംവിധായകൻ നിഷ്കർഷിച്ചിരുന്നു. പരിമിതമായ ഈ ചുറ്റുപാടിനെ ഇരുട്ടിന്റെയും നിഴലിന്റെയും വെളിച്ചത്തിന്റെയും സമർഥമായ വിന്യാസംകൊണ്ട് പ്രേക്ഷകർക്കു വിരസത സമ്മാനിക്കാത്ത ദൃശ്യങ്ങളാക്കി നൽകാൻ ഛായാഗ്രാഹകൻ ഏറെ ശ്രദ്ധ പുലർത്തി. ഒരു സിനിമാട്ടോഗ്രാഫറെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ ഉയർത്താവുന്ന ഇക്കാര്യങ്ങൾ ഏറെ വൈദഗ്ധ്യത്തോടെയാണ് പ്രകാശ് വേലായുധൻ കൈകാര്യം ചെയ്തത്.
ഗിരീഷ് മേനോൻ സംവിധാനം ചെയ്യുന്ന ലവകുശ എന്ന ചിത്രത്തിലാണ് ഇദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്. നീരജ് മാധവ് രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ബിജു മേനോൻ, അജു വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു. ദീപ്തി സതിയാണ് ചിത്രത്തിലെ നായിക.
വരുംകാലങ്ങളിലും തന്റെ കാമറക്കണ്ണിലൂടെ ഈ തൃശൂർക്കാരൻ ഒട്ടേറെ ദൃശ്യാനുഭവങ്ങൾ മലയാള സിനിമയ്ക്കു പകർന്നുതരുമെന്നുറപ്പ്.
സാലു ആന്റണി