ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
Saturday, October 21, 2017 9:36 PM IST
കാലം ചെല്ലുന്തോറും പ്രേക്ഷകരുടെ അഭിരുചികൾ മാറിക്കൊണ്ടിരിക്കും. ഇതിന് അനുസൃതമായി മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത കഥാവഴിയിലൂടെയും പശ്ചാത്തലത്തിലൂടെയും സഞ്ചരിച്ച് സിനിമയൊരുക്കുകയാണു പുതിയ തലമുറയിലെ ചെറുപ്പക്കാർ. ജിനു ഏബ്രഹാം സംവിധാനംചെയ്ത പൃഥ്വിരാജ് ചിത്രം ആദം ജോണ് ഈ വിഭാഗത്തിൽപ്പെടുന്ന ഒരു ചിത്രമാണ്. സ്കോട്ലൻഡ് കഥാപശ്ചാത്തലമായി തെരഞ്ഞെടുത്ത ഈ ചിത്രം പാശ്ചാത്യസംസ്കാരത്തിന്റെ നേർക്കാഴ്ചകളായി പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. കഥയ്ക്കനുയോജ്യമായവിധം സ്കോട്ലൻഡിന്റെ നിഗൂഢസൗന്ദര്യം ഒപ്പിയെടുത്ത കാമറാമാൻ ജിത്തു ദാമോദർ ഹോളിവുഡ് മികവുള്ള കാഴ്ചയാണ് പ്രേക്ഷകനു സമ്മാനിച്ചിരിക്കുന്നത്.
പാലക്കാട് സ്വദേശിയായ ജിത്തുവിന് മലയാള സിനിമയിൽ തിരക്കേറി വരുകയാണ്. പഴമയും പുതുമയും ഒരുപോലെ സന്നിവേശിപ്പിച്ചു മികച്ച ദൃശ്യാനുഭവം സമ്മാനിക്കാൻ കഴിവുള്ള ഛായാഗ്രാഹകനാണ് ജിത്തുവെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ തെളിയിക്കുന്നു.
എസ്. കുമാർ, അഴകപ്പൻ തുടങ്ങിയ പ്രഗത്ഭരായ ഛായാഗ്രാഹകരുടെയൊപ്പം പ്രവർത്തിച്ചതിനുശേഷം "വീണ്ടും കണ്ണൂർ' എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലൂടെ 2012-ലാണ് ജിത്തു ഛായാഗ്രാഹകനായി സിനിമയിൽ അരങ്ങേറിയത്. അനൂപ് മേനോൻ നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് കെ.കെ. ഹരിദാസാണ്. തുടർന്നു രാജീവ് നാഥ് ചിത്രമായ ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന ജയസൂര്യചിത്രത്തിനുവേണ്ടി പ്രവർത്തിച്ചു. വാഗമണ്ണിന്റെ ദൃശ്യഭംഗി അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച ചിത്രമായിരുന്നു ഇത്.
നവാഗതനായ അൻവർ സാദിഖ് സംവിധാനം ചെയ്ത ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിനുവേണ്ടിയാണ് തുടർന്ന് ജിത്തു പ്രവർത്തിച്ചത്. വിനീത് ശ്രീനിവാസനും നമിതാ പ്രമോദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമയ്ക്കുവേണ്ടി പിക്ചർ പെർഫെക്ടായ ലൊക്കേഷനുകളാണ് തെരഞ്ഞെടുത്തിരുന്നത്. അജി ജോണ് സംവിധാനം ചെയ്ത ജയസൂര്യ- അനൂപ് മേനോൻ ചിത്രം ഹോട്ടൽ കാലിഫോർണിയ, അനിൽ സി. മേനോൻ ഒരുക്കിയ ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ ദൃശ്യഭംഗിക്കു പിന്നിലും ഇദ്ദേഹംതന്നെ. ദീപൻ സംവിധാനംചെയ്ത ഡോൾഫിൻസ് എന്ന അനൂപ് മേനോൻ ചിത്രവും ജിത്തു കാമറ നിയന്ത്രിച്ചതാണ്. ആഡംബരപൂർണമായ പശ്ചാത്തലത്തിലുള്ള ചിത്രീകരണത്തിലൂടെ ഈ ചിത്രങ്ങളൊക്കെ നയനാന്ദകരമാക്കി മാറ്റാൻ ജിത്തുവിനു സാധിച്ചു.
ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം രുദ്രസിംഹാസനം പാലക്കാട്ടെ കിഴക്കൻ പ്രദേശമായ കാവശേരിയിലെ ഒരു തറവാട്ടിലാണ് ചിത്രീകരിച്ചത്. സ്വർണവർണത്തിൽ നെൽക്കതിരുകൾ സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന വിശാലമായ പാടശേഖരങ്ങളുടെ നടുവിലുള്ള കാവശേരി തറവാടും പശ്ചാത്തലവും മനോഹാരിത നഷ്ടപ്പെടാതെ ജിത്തു തന്റെ കാമറയിൽ പകർത്തി. തുടർന്ന് എം. മോഹനൻ സംവിധാനം ചെയ്ത മൈ ഗോഡ് എന്ന ചിത്രത്തിനുവേണ്ടിയും ജിത്തു കാമറ ചലിപ്പിച്ചു.
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം ജിത്തുവിന്റെ കരിയർ ബെസ്റ്റ് ഫിലിമുകളിലൊന്നാണ്. അറുനൂറു വർഷങ്ങൾക്കുമുന്പ് നടന്നുവെന്നു വിശ്വസിക്കുന്ന കാൽപനിക കഥയുടെ ചുവടുപിടിച്ചാണ് ആടുപുലിയാട്ടം തയാറാക്കിയത്. കാടിന്റെ വശ്യമനോഹാരിതയിൽ ചിത്രീകരിച്ച ആദ്യഭാഗവും ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കിയ രണ്ടാംഭാഗവും പ്രേക്ഷകർക്ക് ദൃശ്യവിരുന്നായി. തൊടുപുഴയിലും പളനിയിലുമായാണ് ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്തത്.
രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനംചെയ്തു ജയസൂര്യ നായകനായ പ്രേതത്തിന്റെ ഛായാഗ്രാഹകനും ജിത്തുവാണ്. നർമ്മത്തിൽ ചാലിച്ച ഈ ഹൊറർ ചിത്രം ചെറായി ബീച്ചിലും പരിസരങ്ങളിലുമായാണു ചിത്രീകരിച്ചത്.
കഥയും കഥാപാത്രങ്ങളും അവയുടെ പശ്ചാത്തലവും എന്തുതന്നെയായാലും അവയൊക്കെ മനോഹരങ്ങളായ ദൃശ്യങ്ങളിലൂടെ ആവാഹിച്ച്, പ്രേക്ഷകരുടെ മനസ് കവരാനാണ് ജിത്തുവിന്റെ ശ്രമം.
തയാറാക്കിയത്: സാലു ആന്റണി