ത്രില്ലടിപ്പിക്കുന്ന ഏകാംബരം ഷോട്ടുകൾ
Wednesday, November 14, 2018 3:12 PM IST
ഒപ്പം- സംവിധായകൻ പ്രിയദർശന്റെ ക്രാഫ്റ്റ് ഒരിക്കൽകൂടി വെളിവാക്കിയ ചിത്രം. ഹോളിവുഡ് ത്രില്ലർ സിനിമകളോടു കിടപിടിക്കുന്ന സാങ്കേതിക തികവുള്ള ഈ ചിത്രമൊരുക്കാൻ പ്രിയദർശനു പിന്തുണ നൽകിയത് ഛായാഗ്രാഹകൻ എൻ.കെ. ഏകാംബരമാണ്. പ്രിയദർശനൊപ്പം മലയാളത്തിലും ഹിന്ദിയിലും മുൻപ് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മികവ് ഈ ചിത്രത്തിൽക്കൂടി വീണ്ടും പ്രകടമായി.
അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംവിധാനശൈലിക്കൊപ്പം ചേർന്നുനിൽക്കുംവിധമായിരുന്നു സിനിമാട്ടോഗ്രഫിയും. പ്രത്യേകിച്ച് ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയ ഇൻഡോർ ഷോട്ടുകൾ, രാത്രിരംഗങ്ങൾ എന്നിവയൊക്കെ മികച്ച ലൈറ്റിംഗിന്റെ സഹായത്തോടെ ഛായാഗ്രാഹകൻ നയനമനോഹരമാക്കി. ഹെലിക്യാം ഉൾപ്പെടെ അമിതമായ സാങ്കേതികത്വങ്ങൾ പരമാവധി ഒഴിവാക്കി ഫ്രെയിമിന്റെ ഭംഗിയിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ടിപ്പിക്കൽ ഛായാഗ്രഹണ വഴിയാണ് ഇദ്ദേഹം ചിത്രത്തിലുടനീളം പിന്തുടർന്നത്.
കൊച്ചിയും ഉൗട്ടിയുമായിരുന്നൂ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അന്ധനായ നായക കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങൾക്കായിരുന്നു ചിത്രത്തിൽ ഏറെ പ്രാധാന്യവും. കാഴ്ചക്കുറവിനെ വെല്ലുന്ന ആത്മവിശ്വാസത്തോടെ എത്തുന്ന ലാലിന്റെ മാനറിസങ്ങളെ വിശ്വസനീയമായ രീതിയിൽ അഭ്രപാളിയിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിക്കാൻ കാമറാമാനു സാധിച്ചു.
2004-ൽ ദിലീപ് നായകനായ വെട്ടം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിലൂടെയാണ് ഏകാംബരത്തെ പ്രിയദർശൻ മലയാളികൾക്കു പരിചയപ്പെടുത്തിയത്. പ്രിയദർശൻ ചിത്രങ്ങളിൽനിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രംഗങ്ങളെല്ലാം സമാസമം ചേർത്തിരുന്ന ഈ ചിത്രം ഛായാഗ്രഹണത്തിലും മികച്ചുനിന്നു. ഉൗട്ടിയിലെ ഹോവാർഡ് ജോണ്സണ് ദി മൊണാർക്ക് എന്ന ഹോട്ടലിലായിരുന്നു വെട്ടത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്.
തമിഴ്നാട്ടിലെ തിരുവരൂർ സ്വദേശിയാണ് ഏകാംബരം. ഒരു ബിസിനസ് കുടുംബത്തിലെ അംഗമായി ജനിച്ചുവളർന്ന ഇദ്ദേഹം നാഗപട്ടണം എൻജിനീയറിംഗ് കോളജിൽനിന്നു ബിരുദം നേടി. അഞ്ചുവർഷം കംപ്യൂട്ടർ എൻജിനീയറായ പ്രവർത്തിച്ചു. ഒരു സ്റ്റിൽ ഫോട്ടോ എടുത്തുള്ള ബന്ധംപോലും കാമറയുമായി ഉണ്ടായിരുന്നില്ലെങ്കിലും ക്രമേണ ആ മേഖലയിലേക്ക് എത്തപ്പെടാനായിരുന്നു ഇദ്ദേഹത്തിന്റെ നിയോഗം. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഛായാഗ്രഹണം പഠിച്ചതിനുശേഷമാണ് ഏകാംബരൻ ഈ രംഗത്തേക്ക് എത്തിയത്.
വിജയ് ചിത്രമായ തമിഴനിലൂടെയായിരുന്നു സ്വതന്ത്ര ഛായാഗ്രാഹകനായത്. പ്രിയങ്ക ചോപ്ര നായികയായി അരങ്ങേറ്റം കുറിച്ച ഈ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണത്തിലൂടെ തന്നെ തമിഴകത്തെ ഒന്നാംകിട ഛായാഗ്രാഹകരുടെ നിരയിലേക്ക് ഉയരാൻ ഇദ്ദേഹത്തിനു സാധിച്ചു. തുടർന്നു സുറ, കാവലൻ എന്നീ വിജയ് ചിത്രങ്ങൾക്കുവേണ്ടിയും ഇദ്ദേഹം കാമറ നിയന്ത്രിച്ചു.
പ്രിയദർശന്റെ വെട്ടം ദേ ദനാ ദൻ എന്ന പേരിൽ ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോൾ കാമറ നിയന്ത്രിക്കാനായി നിയോഗിക്കപ്പെട്ടതും ഏകാംബരമാണ്. അക്ഷയ്കുമാർ, കത്രീന കൈഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഈ ചിത്രം ഹിന്ദി ബോക്സോഫീസിൽ വൻ വിജയമാണു നേടിയത്. തുടർന്നു സഞ്ജയ് ദത്ത് നായകനായ സിലാ ഘാസിയാബാദ്, പോലീസ് ഗിരി എന്നീ ബോളിവുഡ് ചിത്രങ്ങളുടെ അണിയറയിലും ഇദ്ദേഹമെത്തി. സംവിധായകൻ സൂസി ഗണേശൻ വിക്രമിനെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം കന്ദസ്വാമി, നീൽ നിഥിൻ മുകേഷ് നായകനായ ഹിന്ദി ചിത്രം ഷോർട്ട്കട്ട് റോമിയോ എന്നിവയും ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങളാണ്.
ഷാജി കൈലാസ് സംവിധാനംചെയ്ത ദ്രോണ എന്ന ചിത്രത്തിനുവേണ്ടിയും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ബി. ഉണ്ണിക്കൃഷ്ണന്റെ വില്ലൻ എന്ന ചിത്രത്തിൽ മനോജ് പരമഹംസത്തോടൊപ്പം ഛായാഗ്രഹണത്തിൽ പങ്കാളിയുമായിട്ടുണ്ട്.
തയാറാക്കിയത്: സാലു ആന്റണി