പി.എസ്. നിവാസ്: പ്രതിഭാധനനായ ഛായാഗ്രാഹകൻ
Monday, September 3, 2018 2:02 PM IST
കാഴ്ചയുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയിൽ ഛായാഗ്രഹണത്തിനുള്ള പ്രാധാന്യം വലുതാണ്. ഛായാഗ്രഹണം ഉൾപ്പെടെ സാങ്കേതികരംഗത്ത് മലയാള സിനിമ എന്നും ഒരു പടി മുന്നിൽതന്നെയായിരുന്നു. ആധുനിക സൗകര്യങ്ങളുടെ പിൻബലത്തോടെ പുതുതലമുറ വിസ്മയങ്ങൾ സൃഷ്ടിക്കുന്പോഴും അര നൂറ്റാണ്ടുമുൻപ് സൃഷ്ടിക്കപ്പെട്ട ചില സിനിമകൾ ദൃശ്യഭംഗികൊണ്ട് നമ്മെ ഇന്നും അദ്ഭുതപ്പെടുത്തുന്നു. അന്നു നിലവിലുണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയ ഇന്റലിജന്റ് മേയ്ക്കിംഗ് ആണ് ഇതിനുപിന്നിലെന്നു നമുക്കറിയാം.
ഛായാഗ്രഹണം, സംവിധാനം, നിർമാണം എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു പി.എസ്. നിവാസ്. 1970കളിൽ തുടങ്ങി മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിൽ ഇദ്ദേഹം നിറഞ്ഞുനിന്നു.
കോഴിക്കോട് സ്വദേശിയായ നിവാസ് ദേവഗിരി കോളജിൽനിന്ന് ബിരുദം നേടിയതിനുശേഷം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മോഷൻ പിക്ചർ ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. മലയാളസിനിമയ്ക്ക് വേറിട്ട ദിശാബോധം സമ്മാനിച്ച സംവിധായകൻ പി.എൻ. മേനോന്റെ കുട്ട്യേടത്തി എന്ന ചിത്രത്തിലൂടെ തുടക്കം. പ്രശസ്ത കാമറാമാനായിരുന്ന അശോക് കുമാറിന്റെ കീഴിൽ ഓപ്പറേറ്റീവ് കാമറാമാനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു ഇത്. അക്കാലത്ത് ട്രെൻഡ് സെറ്ററുകളായി മാറിയ ഒട്ടേറെ ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന അശോക് കുമാറിനൊപ്പമുള്ള പ്രവർത്തനം നിസാറിന് മുതൽക്കൂട്ടായി. മാപ്പുസാക്ഷി, ചെന്പരത്തി എന്നീ ചിത്രങ്ങളിലും അശോക്കുമാറിനൊപ്പം പ്രവർത്തിച്ച ഇദ്ദേഹം തുടർന്ന് ബാബു നന്ദൻകോടിന്റെ സ്വപ്നം എന്ന ചിത്രത്തിലും കാമറ അപ്രന്റീസായി തുടർന്നു.
ബാബു നന്ദൻകോടിന്റെ സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. 1976-ൽ ശ്രീകുമാരൻ തന്പി ഒരുക്കിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം മോഹിനിയാട്ടത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി. കരിയറിന്റെ തുടക്കകാലത്തുതന്നെ ലഭിച്ച ഈ അംഗീകാരം തുടർന്നുള്ള കുതിപ്പിനു കരുത്തേകി.
ലിസ ബേബി എന്ന പേരിൽ അറിയപ്പെടുന്ന സംവിധായകൻ എ.ജി. ബേബിക്കൊപ്പം പ്രവർത്തിച്ച് കലാമൂല്യവും വാണിജ്യവിജയവും നേടിയ ഒട്ടേറെ ചിത്രങ്ങൾക്ക് കാമറ ചലിപ്പിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. എം.ജി. സോമൻ, സുകുമാരൻ, വിധുബാല തുടങ്ങിയവർ അഭിനയിച്ച ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് സൂര്യകാന്തി, ലിസ, സർപ്പം, വീണ്ടും ലിസ എന്നീ ചിത്രങ്ങളും ഈ കുട്ടുകെട്ടിൽ പിറന്നു. അക്കാലത്തെ മെഗാവിജയങ്ങളിൽ ഒന്നായി മാറിയ ലിസയുടെ മേയ്ക്കിംഗ് ചലച്ചിത്രവിദ്യാർഥികൾക്ക് ഇന്നും റഫറൻസ് ഗ്രന്ഥമാണ്. വാണിജ്യവും കലയും സമന്വയിപ്പിച്ച ഈ ഹൊറർ ചിത്രം പ്രഗത്ഭനായ ഒരു ഛായാഗ്രാഹകന്റെ സാന്നിധ്യം പ്രകടമാക്കുന്നു. പിൽക്കാലത്ത് ഒട്ടേറെ ഹൊറർ ചിത്രങ്ങൾ ലിസയുടെ ചട്ടക്കൂടു സ്വീകരിച്ചുകൊണ്ടു പിറവിയെടുത്തിട്ടുണ്ട്.
ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത മധുരം തിരുമധുരം, രാജപരന്പര എന്നീ ചിത്രങ്ങളും ബി.കെ. പൊറ്റക്കാട് ഒരുക്കിയ സംഗീതപ്രാധാന്യമുള്ള പല്ലവി, കെ.ജി. രാജശേഖരന്റെ പത്മതീർത്ഥം, വെല്ലുവിളി എന്നീ ചിത്രങ്ങളും ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങളാണ്. മമ്മൂട്ടി, പ്രേം നസീർ എന്നിവർ ലീഡ് റോളിലെത്തിയ മാന്യ മഹാജനങ്ങളേ എ.ടി. അബുവിന്റെ സംവിധാനത്തിൽ ഇദ്ദേഹം കാമറ നിയന്ത്രിച്ച ചിത്രമാണ്. സുരേഷ് വിനു ഒരുക്കിയ ജയറാം ചിത്രം ആയുഷ്മാൻ ഭവ ആയിരുന്നു അവസാനമായി മലയാളത്തിൽ ചെയ്തത്.
ഭാരതി രാജ ഒരുക്കിയ 16 വയതിനിലെ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം കിഴക്കുപോകും റെയിൽ, സികപ്പു റോജാക്കൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും പ്രവർത്തിച്ചു. തെലുങ്ക്, ഹിന്ദി ചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചിട്ടുള്ള ഇദ്ദേഹം നാല് തമിഴ് ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.
തയാറാക്കിയത്: സാലു ആന്റണി