കഥാപാത്രങ്ങളുടെ വികാരങ്ങൾ പകർന്ന "തിരു' ഫ്രെയിമുകൾ
Thursday, July 19, 2018 3:38 PM IST
"സംവിധായകന്റെ നിർദേശപ്രകാരം തിരക്കഥ തിരശീലയിലേക്കു പകർത്തിയെഴുതുക എന്നതാണല്ലോ ഛായാഗ്രാഹകന്റെ കടമ. പക്ഷേ, കഥാപാത്രങ്ങളുടെ കേവലദൃശ്യങ്ങൾക്കുമപ്പുറം അവരുടെ വികാരങ്ങൾ പ്രേക്ഷകരിലേക്കു പകരാൻ ഛായാഗ്രാഹകന് എത്രത്തോളം സാധിക്കുന്നു എന്നതിലാണ് സിനിമയുടെ വിജയം അടങ്ങിയിരിക്കുന്നത്.’- പ്രശസ്ത ഛായാഗ്രാഹകൻ തിരു (തിരുനാവുക്കരുശ്)വിന്റേതാണു വാക്കുകൾ. 1994-ൽ മഗലിയാർ മട്ടും എന്ന തമിഴ് ചിത്രത്തിലൂടെ ഛായാഗ്രാഹകനായി തുടക്കം കുറിച്ച ഇദ്ദേഹം തമിഴ്, ഹിന്ദി ഭാഷകളിലെ പ്രമുഖ ഛായാഗ്രാഹകനാണ്. കൂടാതെ മലയാളത്തിലും തെലുങ്കിലും ഇദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ മുള്ളുക്കുറിശി ഗ്രാമത്തിൽ ജനിച്ച തിരു ഫോട്ടോഗ്രഫിയിൽ ആകൃഷ്ടനായാണ് കാമറയുടെ ലോകത്തേക്ക് എത്തിയത്. മഞ്ജീരധ്വനി എന്ന ഭരതൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ഹേയ് റാം എന്ന വന്പൻ ഹിറ്റിന്റെ ഛായാഗ്രാഹകനായതോടെയാണ് തിരുവിന്റെ ഭാഗ്യമുദിക്കുന്നത്. കമലഹാസൻ, ഷാരൂഖ് തുടങ്ങിയ വൻ താരങ്ങൾ ഒത്തുചേർന്ന ഈ ചിത്രത്തെത്തുടർന്നു കാമറ നിയന്ത്രിച്ച ആളവന്താൻ എന്ന കമലഹാസൻ ചിത്രവും മികവുറ്റ ദൃശ്യങ്ങൾകൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു.
മേജർ രവി, രാജേഷ് അമനകര എന്നിവർ ചേർന്നു സംവിധാനംചെയ്ത പുനർജനി എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് തിരു വീണ്ടും മലയാളത്തിലേക്കെത്തുന്നത്. പതിനൊന്നുവയസുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രണവ് മോഹൻലാൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രമാണ് പുനർജനി. തുടർന്നു വി.കെ. പ്രകാശ് സംവിധാനംചെയ്ത മുല്ലവള്ളിയും തേന്മാവിലൂടെയും തിരുവിന്റെ കഴിവുകൾ മലയാളികൾ തിരിച്ചറിഞ്ഞു.
ലേസ ലേസ, ഹംഗാമ, ഗരം മസാല, ക്യോംകി, ചുപ് ചുപ് കെ തുടങ്ങിയ തമിഴ്, ഹിന്ദി ചിത്രങ്ങൾക്കുശേഷം കീർത്തിചക്രയിലൂടെ മലയാളത്തിലേക്കു വീണ്ടുമെത്തി. മേജർ രവിയുമായി ഉണ്ടായിരുന്ന അടുപ്പമാണ് അദ്ദേഹത്തിന്റെ എവർഗ്രീൻ ഹിറ്റായ കീർത്തിചക്രയുടെ അണിയറയിൽ തിരുവിനെ എത്തിച്ചത്. കാഷ്മീരിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി മേജർ രവിതന്നെ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ കാഷ്മീരിലെ ജനങ്ങളുടെയും അവിടത്തെ ഇന്ത്യൻ പട്ടാളക്കാരുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകളൊരുക്കി തിരു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മിഷൻ 90 ഡെയ്സ് എന്ന മലയാള ചിത്രത്തിലൂടെ മേജർ രവിയുമായി ഒരിക്കൽക്കൂടി ഇദ്ദേഹം ഒത്തുചേർന്നു. രാജീവ് ഗാന്ധിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻ.എസ്.ജി കമാൻഡോയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ ചെയ്തത്. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി, തെലുങ്ക്- മലയാളം ഭാഷകളിലെത്തിയ ജനതാ ഗാരേജ് എന്നിവയും തിരുവിന്റെ ഛായാഗ്രഹണമികവ് തെളിയിച്ചവയാണ്.
പ്രിയദർശന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായ തമിഴ് ചിത്രം കാഞ്ചീവരത്തിന്റെ ഛായാഗ്രഹണത്തിലൂടെ ദേശീയതലത്തിൽ തിരു ശ്രദ്ധിക്കപ്പെട്ടു. പ്രകാശ് രാജ് നായകനായ ഈ ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയതിനൊപ്പം ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചു ഖ്യാതി നേടുകയുണ്ടായി. ക്രിഷ് സീരിസിൽ ബോളിവുഡ് സംവിധായകനായ രാകേഷ് റോഷൻ സംവിധാനം ചെയ്ത ക്രിഷ് 3 എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ഛായാഗ്രഹണം നിർവഹിച്ചതിലൂടെ ബോളിവുഡിലെ ഒന്നാംനിര ഛായാഗ്രഹകരുടെ നിരയിലായി തിരുവിന്റെ സ്ഥാനം. പ്രിയദർശന്റെ ഹിന്ദി ചിത്രം ടെസ്, വിക്രംകുമാറിന്റെ സംവിധാനത്തിൽ സൂര്യ നായകനായ തമിഴ് സയൻസ് ഫിക്ഷൻ ചിത്രം 24 എന്നിവയും തിരു ഒരുക്കിയ ഭംഗിയുള്ള ഫ്രെയിമുകളാൽ ശ്രദ്ധിക്കപ്പെട്ടവയാണ്.
ഐശ്വര്യാ റായ് നായികയായ ഫണ്ണി ഖാൻ, സുന്ദർ സി സംവിധാനംചെയ്യുന്ന 400 കോടി മുതൽമുടക്കുള്ള ബിഗ്ബജറ്റ് തമിഴ് ചിത്രം സംഘമിത്ര എന്നിവയുടെ അണിയറയിലാണ് ഇദ്ദേഹമിപ്പോൾ.
തയാറാക്കിയത്: സാലു ആന്റണി