പുതിയമുഖമായെത്തിയ ഭരണി കെ. ധരൻ
Monday, April 16, 2018 3:15 PM IST
പ്രതിഭാധനരായ നിരവധി ഛായാഗ്രാഹകർ മലയാളത്തിനു സ്വന്തമായുണ്ട്. എങ്കിലും ചില അവസരങ്ങളിൽ അന്യഭാഷയിൽനിന്നുള്ള കാമറാമാൻമാരും മലയാള സിനിമയിലേക്ക് എത്തുന്നു. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകൻ ഭരണി കെ. ധരണ് ഇക്കൂട്ടത്തിൽപ്പെടും. തെലുങ്കിലെ പ്രശസ്ത ഛായാഗ്രാഹകനായ ഇദ്ദേഹത്തിനു മലയാളത്തിലും ഒട്ടേറെ പ്രോജക്ടുകളുടെ ഭാഗമാകാൻകഴിഞ്ഞു. ഛായാഗ്രഹണകലയിൽ ഏറെ വൈദഗ്ധ്യമുള്ള ഭരണിയുടെ സാന്നിധ്യം മലയാള സിനിമയ്ക്ക് നേട്ടമായിട്ടുണ്ട്.
2003-ൽ പുറത്തിറങ്ങിയ പ്രാണം എന്ന തെലുങ്കുചിത്രത്തിലൂടെയാണ് ഭരണി സ്വതന്ത്രഛായാഗ്രാഹകനായി നാന്ദികുറിച്ചത്. മനുഷ്യന്റെ പുനരവതാരത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ പ്രണയചിത്രം നേടിയ ശ്രദ്ധ ഛായാഗ്രാഹകനും അനുഗ്രഹമായി. തുടർന്ന് ദുബായ് സീനു, ദേവദാസു, ഹോമം, സിദ്ധം തുടങ്ങിയ തെലുങ്ക് മെഗാഹിറ്റുകളിലൂടെ ഇദ്ദേഹം ദക്ഷിണേന്ത്യയിലെ മികച്ച ഛായാഗ്രാഹകരുടെ നിരയിൽ സ്ഥാനംപിടിച്ചു. രാംലീല എന്ന ഹിറ്റ് ചിത്രത്തിലൂടെ കന്നഡയിലും സാന്നിധ്യമറിയിക്കാനായി.
അന്തരിച്ച സംവിധായകൻ ദീപൻ സംവിധായകനായി ശ്രദ്ധിക്കപ്പെട്ട പുതിയ മുഖത്തിലൂടെയാണ് ഭരണി കെ. ധരണ് മലയാളത്തിലേക്കെത്തുന്നത്. ദീപൻ സംവിധാനംചെയ്ത ഡോൾഫിൻ ബാർ ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിർവഹിച്ചത് ഭരണിയാണ്.
പുതിയ മുഖത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടയിൽ പൃഥ്വിരാജാണ് ഭരണിയെ ദീപനു പരിചയപ്പെടുത്തുന്നത്. ആ സമയത്ത് ഭരണി ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. മലയാളചിത്രത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ഭരണിയെക്കുറിച്ച് ദീപൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: ""എല്ലാ കാര്യത്തിലും ഞങ്ങൾ തമ്മിൽ ഒരു വേവ് ലെംഗ്തുണ്ട്. എന്റെ ആംഗ്യം കണ്ടാൽ എന്താണു ചെയ്യേണ്ടതെന്നു ഭരണിക്കു മനസിലാകും. എന്റെ മനസറിയുന്ന കാമറാമാനാണ് അദ്ദേഹം. ഞാനൊരു ലെൻസ് മാറ്റിയിടാൻ പറഞ്ഞാൽ എന്നെ അറിയാത്ത ഒരാളാണെങ്കിൽ അതെന്തിനാണെന്നു ചോദിക്കും. ഭരണിയിൽനിന്ന് അങ്ങനെയൊരു ചോദ്യമുണ്ടാവില്ല. വിശദീകരണം നൽകേണ്ട ആവശ്യവും വരുന്നില്ല. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി അങ്ങനെയാണ്.’’
കേരളത്തിലും മലേഷ്യയിലുമായാണു പുതിയ മുഖം ചിത്രീകരിച്ചത്. മനോഹരമായ ഗാന- നൃത്തരംഗങ്ങൾ ചേർത്ത് ആകർഷകമാക്കിയ ഈ ആക്ഷൻ ചിത്രത്തിൽ പൃഥ്വിരാജും പ്രിയാമണിയുമാണു ജോഡികളായത്. തിയറ്ററുകളിൽ വന്പൻ വിജയം നേടിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണമികവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൃഥ്വിരാജ്, കാതറിൻ തെരേസ എന്നിവർ അഭിനയിച്ച ദി ത്രില്ലർ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഭരണി തുടർന്നു കാമറ നിയന്ത്രിച്ചത്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനംചെയ്ത ഈ ത്രില്ലർ ചിത്രത്തെത്തുടർന്ന് ടി.എസ്. ജസ്പാൽ സംവിധാനംചെയ്ത് ബാല, മണിക്കുട്ടൻ, മുക്ത എന്നിവർ അഭിനയിച്ച ചാവേർപ്പട, സുനിൽ സംവിധാനംചെയ്ത ലക്കി ജോക്കേഴ്സ് എന്നീ ചിത്രങ്ങൾക്കുവേണ്ടിയും ഇദ്ദേഹം കാമറ നിയന്ത്രിച്ചു.
2012-ൽ ഹീറോ എന്ന ചിത്രത്തിലൂടെ ദീപനുമായി വീണ്ടും ഒത്തുചേർന്നു. ദൃശ്യഭംഗി ലയിച്ചുചേർന്ന ഈ റൊമാന്റിക് ആക്ഷൻ കോമഡി ചിത്രത്തിൽ പൃഥ്വിരാജിന് നായികയായത് യാമി ഗൗതമാണ്. ദീപൻ തുടർന്നു സംവിധാനം ചെയ്ത സിം എന്ന ചിത്രത്തിനു കാമറ നിയന്ത്രിക്കാനും ഇദ്ദേഹമെത്തിയിരുന്നു.
ഷാജി കൈലാസ് സംവിധാനംചെയ്ത കിംഗ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിലെ മൂന്നു കാമറാമാൻമാരിൽ ഒരാളായിരുന്നു ഭരണി. എം. പദ്മകുമാർ, വിനോദ് വിജയൻ, ദീപൻ എന്നിവർ സംവിധാനംചെയ്ത മൂന്നു ചിത്രങ്ങളുടെ സംയോജനമായ ഡി കന്പനി എന്ന പ്രോജക്ടിന്റെ ഛായാഗ്രഹണത്തിൽ പങ്കുചേരാനും ഇദ്ദേഹമുണ്ടായിരുന്നു.
ദീപൻ അവസാനമായി സംവിധാനംചെയ്ത ജയറാം നായകനായുള്ള ആക്ഷൻ ത്രില്ലർ ചിത്രം സത്യയിലും ഇദ്ദേഹം പ്രവർത്തിച്ചു.
തയാറാക്കിയത്: സാലു ആന്റണി