വിസ്മയിപ്പിക്കുന്ന സതീഷ് കുറുപ്പ് ഷോട്ടുകൾ
Friday, March 23, 2018 1:45 PM IST
മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾകൊണ്ടു സന്പന്നമായിരുന്നു പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറിയ ആദി. പാർകൗർ എന്ന ആയോധന കല അഭ്യാസിയായി പ്രണവ് എത്തിയ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ശ്വാസമടക്കിമാത്രം കാണാനാവുന്നവിധം വിസ്മയിപ്പിക്കുന്ന ഷോട്ടുകളൊരുക്കിയത് ഛായാഗ്രാഹകനായ സതീഷ് കുറുപ്പാണ്.
ചങ്ങനാശേരിയാണ് സതീഷിന്റെ സ്വദേശം. പരസ്യചിത്ര രംഗത്തുനിന്നാണ് ഇദ്ദേഹം സിനിമയിലേക്കെത്തുന്നത്. അമൽ നീരദിനൊപ്പം ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് കാമറാമാനായി പ്രവർത്തിച്ചുകൊണ്ടാണ് തുടക്കം. സ്വതന്ത്ര കാമറാമാനായി തുടക്കംകുറിച്ചത് അമൽനീരദ് സംവിധാനംചെയ്ത അൻവർ എന്ന ചിത്രത്തിലൂടെ. വ്യത്യസ്തമായ ഒരു ആക്ഷൻ പാക്കഡ് ത്രില്ലറായിരുന്നു അൻവർ. തീവ്രവാദത്തിന്റെ മറ്റൊരു മുഖം അവതരിപ്പിക്കുന്നതിനൊപ്പം ഒരു പ്രണയകഥകൂടി പറഞ്ഞ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇദ്ദേഹം ആസ്വാദ്യകരമാക്കി. ബോംബ് സ്ഫോടനമുൾപ്പെടെയുള്ള സംഘട്ടനരംഗങ്ങൾക്കൊപ്പം ലളിതവും സുന്ദരവുമായ നൃത്തച്ചുവടുകളോടുകൂടിയ ഗാനരംഗങ്ങളും ഇദ്ദേഹം വൈദഗ്ധ്യത്തോടെ കാമറയിൽ പകർത്തി.
ബ്ലെസി സംവിധാനം ചെയ്ത പ്രണയത്തിൽ ഏറ്റവുമധികം മികവു ദൃശ്യമായ ഒരു മേഖലയായിരുന്നു ഛായാഗ്രഹണം. കഥയിലെ ചില പൂരിപ്പിക്കാത്ത ഇടങ്ങളും തിരക്കഥയിലെ ചില വിടവുകളും മായ്ക്കാൻ ഛായാഗ്രഹണം ഏറെ സഹായിച്ചു. പേര് പ്രണയം എന്നാണെങ്കിലും ഈ സിനിമ പകരുന്നത് പ്രണയത്തിന്റെ നവരസങ്ങൾ മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള ചില പ്രസന്നമായ കാഴ്ചപ്പാടുകൾകൂടിയാണ്. ഗൗരവമായ ഒരു വിഷയം കൈകാര്യം ചെയ്തതിനാൽ ഏറെ ഇമോഷണലായ രംഗങ്ങൾ അതീവസൂക്ഷ്മതയോടെ ചിത്രീകരിക്കേണ്ടതായി വന്നു. ഏറെ വെല്ലുവിളി നിറഞ്ഞ ഈ ജോലി ഏറ്റെടുത്ത സതീഷ് കുറുപ്പ് ഈ ചിത്രത്തിലൂടെ ഒരു കാമറാമാൻ എന്ന നിലയിലുള്ള തന്റെ വൈഭവം പ്രകടമാക്കി.
പ്രണയത്തെ തുടർന്ന് വ്യത്യസ്തമായ ഒരു സബ്ജക്ടിൽ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന ചിത്രവും സതീഷ് ദൃശ്യഭംഗികൊണ്ടു സന്പന്നമാക്കി. അനൂപ് കണ്ണൻ സംവിധാനം ചെയ്ത ജവാൻ ഓഫ് വെള്ളിമലയുടെ ഛായാഗ്രഹണം നിർവഹിച്ചതും സതീഷാണ്.
സിദ്ധിഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജെന്റിൽമാൻ, ശരത് ഹരിദാസൻ ഒരുക്കിയ സലാല മൊബൈൽസ്, ബി. ഉണ്ണിക്കൃഷ്ണന്റെ മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങൾക്കും സതീഷ് കാമറ നിയന്ത്രച്ചു. ഫഹദ് ഫാസിൽ, ബോളിവുഡ് താരം രാധിക ആപ്തെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് സുകുമാരൻ സംവിധാനം ചെയ്ത ഹരം എന്ന ചിത്രം സാങ്കേതികമായി ഉയർന്നുനിൽക്കുന്നതിൽ സതീഷിന്റെ കാമറ പ്രധാന പങ്കാണ് വഹിച്ചത്.
നവാഗതനായ സൂരജ് ടോം സംവിധാനംചെയ്ത പാ.വ. സതീഷ് ഛായാഗ്രഹണം നിർവഹിച്ച ലളിതസുന്ദരമായ മറ്റൊരു സൃഷ്ടിയാണ്. മലയോര പ്രദേശത്താണ് പാവയുടെ കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രാമീണതയുടെ ഭംഗിയെ പൂർണമായും ചിത്രത്തിൽ ഉൾക്കൊള്ളിക്കാനും ഓരോ സീനും മികച്ചതാക്കാനുള്ള ശ്രമം ചിത്രത്തിനു വർണശബളമായ മാറ്റു നൽകി. ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖത്തിനാണ് തുടർന്ന് ഇദ്ദേഹം പ്രവർത്തിച്ചത്.
പൃഥ്വിരാജ്, ഇന്ദ്രജിത്, മുരളി ഗോപി കോന്പിനേഷനിൽ ജീയെൻ കൃഷ്ണകുമാർ സംവിധാനംചെയ്ത ടിയാൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഏറെ പ്രശംസകൾ നേടിയിരുന്നു. ഹൈദരാബാദിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗംഭീരമാക്കിയ സതീഷ് കുറുപ്പ് സവിശേഷമായ പരാമർശം അർഹിക്കുന്നു. മിഥുൻ മാനുവൽ തോമ സ് സംവിധാനംചെയ്ത് സണ്ണിവെയ്ൻ നായകനായ അലമാരയുടെ ചിത്രീകരണം നിർവഹിച്ചതും സതീഷാണ്.
ചെയ്യുന്ന സിനിമകളുടെ എണ്ണം വർധിപ്പിക്കുന്നതിലല്ല ഈ ഛായാഗ്രാഹകന്റെ താൽപര്യം. മറിച്ച് തന്റെ ഓരോ സൃഷ്ടികളും വിലമതിക്കപ്പെടുന്നവയായിരിക്കണം എന്നതിലാണ്.
തയാറാക്കിയത്: സാലു ആന്റണി