വേണു: തലമുറകളുടെ ചലച്ചിത്രകാരൻ
Thursday, March 15, 2018 5:02 PM IST
രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ കല പഠിക്കാൻ ചേരുന്നതിനുമുന്പ് ഒരു സ്റ്റിൽ ഫോട്ടോ എടുത്തുള്ള പരിചയംപോലും വേണുവിനില്ലായിരുന്നു. പക്ഷേ, പഠനത്തിനുശേഷം 1981-ൽ, സംവിധായകനും ബന്ധുവുമായ ജി. അരവിന്ദന്റെ പോക്കുവെയിലിൽ കാമറാമാൻ ഷാജി എൻ. കരുണിന് സഹായിയായി അരങ്ങേറുന്പോൾ, സുമുഖനായ ഈ കോട്ടയംകാരൻ കാമറയിൽ മാത്രമല്ല, സിനിമയുടെ എല്ലാ സാങ്കേതിക മേഖലകളിലും അറിവുനേടിയിരുന്നു. ലോകത്തിലെ വിവിധ ഭാഷകളിലുമുള്ള ക്ലാസിക്കുകൾ കാണാനുള്ള സൗകര്യം, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് ഫാക്കുൽറ്റികളായി വരുന്ന, സത്യജിത് റേയുടെ കാമാറാമാൻ സുബ്രതോ മിത്രയെപ്പോലുള്ള പ്രമുഖരുമായുള്ള ഇടപെടൽ തുടങ്ങിയവ വേണുവിനെ ഒരു തികഞ്ഞ ടെക്നീഷ്യനാക്കി മാറ്റി.
1983-ൽ ലെനിൻ രാജേന്ദ്രന്റെ "പ്രേം നസീറിനെ കാണാനില്ല’ എന്ന ഓഫ് ബീറ്റ് ചിത്രത്തിൽ സ്വതന്ത്രകാമറാമാനായി തുടക്കംകുറിച്ച വേണു തുടർന്നുള്ള തന്റെ കരിയറിൽ അസുലഭനേട്ടങ്ങളാണ് കൈവരിച്ചത്. ഭാഗ്യവും കഴിവും ഒരുപോലെ തുണച്ച ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ മൂന്നുതവണ സ്വന്തമാക്കി. കെ.ജി. ജോർജിന്റെ ഇരകളിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡും ജോണ് ഏബ്രഹാമിന്റെ അമ്മ അറിയാൻ, പദ്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നീ ചിത്രങ്ങളിലൂടെ ദേശീയ അവാർഡും നേടി.
ചെറുപ്പകാലത്തുതന്നെ കെ.ജി. ജോർജ്, ഭരതൻ, പത്മരാജൻ, ജോണ് ഏബ്രഹാം, ടി.വി. ചന്ദ്രൻ തുടങ്ങിയ മലയാളം സംവിധായകരോടൊപ്പവും മണി കൗൾ, ബുദ്ധദേവ് ദാസ് ഗുപ്ത, ബിക്രം സിംഗ് തുടങ്ങിയ അന്യഭാഷാ സംവിധായകർക്കൊപ്പവും പ്രവർത്തിക്കാനായി.
പദ്മരാജന്റെ എട്ടു ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഭാവനകൾക്ക് വേണു നിറംപകർന്നു. അവസാന ചിത്രമായ ഞാൻ ഗന്ധർവ്വനിൽ, കലാ സംവിധായകൻ രാജീവ് അഞ്ചലിന്റെ കരവിരുതിനാൽ സന്പുഷ്ടമായ ഫാന്റസി സീക്വൻസുകളും ഗാനരംഗങ്ങളും ഒപ്പിയെടുക്കാൻ കാട്ടിയ കാമറാമികവ് ശ്രദ്ധേയമായിരുന്നു. ഭരതന്റെ താഴ്വാരം, ലോഹിതദാസിന്റെ ഭൂതക്കണ്ണാടി, ഫാസിലിന്റെ മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങൾ വേണുവിന്റെ പ്രതിഭകൊണ്ട് സന്പന്നമായവയിൽ ചിലതുമാത്രം. രണ്ട് ഇംഗ്ലീഷ് ചിത്രങ്ങൾക്കും കാമറ നിയന്ത്രിച്ചു. പമീല റൂക്സിന്റെ മിസ് ബെറ്റീസ് ചിൽഡ്രനിലൂടെ 1993-ലും പൊന്തൻമാടയിലൂടെ 1994-ലും ദേശീയ അവാർഡ് കരസ്ഥമാക്കി. രാജീവ് മേനോന്റെ മിൻസാരക്കനവിലെ ഛായാഗ്രാഹാകരിൽ ഒരാളായിരുന്നു.
നൂറോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച വേണു ഇടക്കാലത്ത് തമിഴിൽ ശ്രദ്ധ ചെലുത്തിയതിനാൽ മലയാളത്തിൽ അത്ര സജീവമല്ലായിരുന്നു. സത്യൻ അന്തിക്കാട്, രഞ്ജിത് ചിത്രങ്ങളിലൂടെ വീണ്ടും സാന്നിധ്യമറിയിച്ച വേണു കമലിന്റെ സെല്ലുലോയ്ഡിനും ഛായാഗ്രഹണം നിർവഹിച്ചു.
എം.ടി. വാസുദേവൻ നായരുടെ രചനയിൽ ദയ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്കും ചുവടുവച്ച വേണുവിന് പിഴച്ചില്ല. എം.ടി. സംവിധായകനായി തുടങ്ങിയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തനം തുടങ്ങിയ വേണു പിന്നീട് എം.ടിയുടെ അനാരോഗ്യത്തെത്തുടർന്ന് സംവിധാനച്ചുമതല ഏറ്റെടുക്കുകയായിരുന്നു. അറേബ്യൻ കഥയെ അടിസ്ഥാനമാക്കി വിദേശത്ത് ചിത്രീകരിച്ച ദയ 1998ൽ, മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡും കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മമ്മൂട്ടി നായകനായ മുന്നറിയിപ്പ്, ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട കാർബണ് എന്നിവയും ഇദ്ദേഹം സംവിധാനംചെയ്തു. പ്രശസ്തസാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ ചെറുമകൻകൂടിയായ ഇദ്ദേഹമാണ് കാർബണിന്റെ രചന നിർവഹിച്ചിരിക്കുന്നതും. ഐഎഫ്എഫ്കെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടറും ഫിലിം എഡിറ്ററുമായ ബീനാ പോൾ ആണ് വേണുവിന്റെ ജീവിതസഖി.
തയാറാക്കിയത്: സാലു ആന്റണി